ബയോടെക്‌നോളജി വ്യവസായത്തിന് കേരളത്തില്‍ വിപുലമായ സാധ്യത: മന്ത്രി മാത്യു ടി. തോമസ്

0

ബയോടെക്‌നോളജി വ്യവസായങ്ങള്‍ക്ക് കേരളത്തില്‍ വിപുലമായ സാധ്യതയുണ്ടെന്ന് ജലവിഭവ മന്ത്രി മാത്യു ടി. തോമസ് പറഞ്ഞു. സംസ്ഥാന ബയോടെക്‌നോളജി കമ്മീഷന്‍, കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍, സംസ്ഥാന വ്യവസായ വികസന കോര്‍പറേഷന്‍ എന്നിവര്‍ സംയുക്തമായി മാസ്‌കറ്റ് ഹോട്ടലില്‍ സംഘടിപ്പിച്ച ബയോടെക്‌നോളജി ഇന്‍ഡസ്ട്രീസ് കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

ബയോടെക്‌നോളജിയുടെ സാധ്യതകള്‍ കേരളം പൂര്‍ണമായി പ്രയോജനപ്പെടുത്തിയിട്ടില്ല. കേരളത്തിന്റെ തനതായ പ്രകൃതി വിഭവങ്ങള്‍, ആയുര്‍വേദം ഉള്‍പ്പെടെയുള്ള പാരമ്പര്യ ചികിത്‌സാ സംവിധാനങ്ങള്‍ എന്നിവയൊക്കെ ബയോടെക്‌നോളജി വ്യവസായത്തിന്റെ വികാസത്തിന് ഉപയോഗപ്പെടുത്താനാവും. സാങ്കേതിക വികസനത്തിനും അതിനായി അടിസ്ഥാന സൗകര്യം ഒരുക്കുന്നതിനും സംസ്ഥാന സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നുണ്ട്. ഇന്ത്യയിലെ ബയോടെക്‌നോളജി വ്യവസായം ഏറെ വികാസം പ്രാപിച്ചിട്ടുണ്ട്. വ്യത്യസ്ത തലങ്ങളില്‍ ബയോടെക്‌നോളജിയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്താനാവും. കൃഷി ഭൂമിയുടെ വിസ്തൃതി കുറയുന്ന ഇക്കാലത്ത് ഉത്പാദനം വര്‍ദ്ധിപ്പിക്കാന്‍ സങ്കേതികതയ്ക്ക് പ്രധാന പങ്ക് വഹിക്കാനാവുമെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാന ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ഡോ. വി. കെ. രാമചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. കെ. എസ്. ഐ. ഡി. സി ചെയര്‍മാന്‍ ഡോ. ക്രിസ്റ്റി ഫെര്‍ണാണ്ടസ് മുഖ്യപ്രഭാഷണം നടത്തി. കേരള ബയോടെക്‌നോളജി കമ്മീഷന്‍ ചെയര്‍മാന്‍ ഡോ. സുരേഷ് ദാസ്, മെമ്പര്‍ സെക്രട്ടറി ഡോ. എസ്. പ്രദീപ് കുമാര്‍, കെ. എസ്. ഐ. ഡി. സി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ബി. ജ്യോതികുമാര്‍ എന്നിവര്‍ സംസാരിച്ചു.