സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണത്തില്‍ ഇന്ത്യ മൂന്നാം സ്ഥാനത്ത്

സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണത്തില്‍ ഇന്ത്യ മൂന്നാം സ്ഥാനത്ത്

Wednesday January 27, 2016,

2 min Read


സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണത്തില്‍ ഇന്ത്യ മൂന്നാം സ്ഥാനത്താണ്. യുഎസും യുകെയുമാണ് ഒന്നും രണ്ടും സ്ഥാനത്ത്. 2015 ല്‍ 9 ബില്യന്‍ ഡോളറാണ് ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപിച്ചത്. 2016 തുടങ്ങി 10 ദിവസം പിന്നിട്ടപ്പോള്‍ മാത്രം 38 മില്യന്‍ ഡോളര്‍ നിക്ഷേപമുണ്ടായി. ഈ പ്രവണത ഇനിയും തുടരും. സ്റ്റാര്‍ട്ടപ്പുകളുടെ വളര്‍ച്ചയ്ക്കായി ജനുവരി 16 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി 'സ്റ്റാര്‍ട്ടപ് ഇന്ത്യ സ്റ്റാന്‍ഡപ് ഇന്ത്യ' പദ്ധതിയുടെ കര്‍മ പദ്ധതി പ്രഖ്യാപിച്ചു. ഇന്ത്യയില്‍ സ്റ്റാര്‍ട്ടപ്പുകളുടെ വളര്‍ച്ചയ്ക്ക് ഇതേറെ ഗുണം ചെയ്യും.

image


സര്‍ക്കാരിന്റെ പദ്ധതിയെ പിന്തുണ പ്രഖ്യാപിച്ച് വന്‍കിട കമ്പനിയായ ഗൂഗിള്‍ പുതുസ്റ്റാര്‍ട്ടപ്പുകള്‍ക്കായി ഒരു മല്‍സരം സംഘടിപ്പിച്ചു. സ്റ്റാര്‍ട്ടപ് വിപ്ലവത്തിന് തുടക്കമിട്ടിരിക്കുകയാണ് ഇന്ത്യ. യുസംരംഭകരെ സഹായിക്കാനും അവരുടെ സ്റ്റാര്‍ട്ടപ്പുകളെ വിജയത്തിലെത്തിക്കാനും തുടക്കമിട്ട ഇന്ത്യയുടെ സ്റ്റാര്‍ട്ടപ് പദ്ധതിയെ വിജയിപ്പിക്കാന്‍ ഗൂഗിളും പ്രതിജ്ഞാബദ്ധമാണെന്ന് ഗൂഗിള്‍ സൗത്ത് ഏഷ്യ ആന്‍ഡ് ഇന്ത്യ എംഡി രാജന്‍ ആനന്ദന്‍ പറഞ്ഞു.

ഇന്ത്യയുടെ സ്റ്റാര്‍ട്ടപ് ഇന്ത്യ സ്റ്റാന്‍ഡപ് ഇന്ത്യ പദ്ധതിയ്ക്ക് പുതിയൊരു കാഴ്ചപ്പാട് നല്‍കാനാണ് ഗൂഗിളിന്റെ ശ്രമം. പുതുസംരംഭകര്‍ക്ക് അവരുടെ ആശയങ്ങള്‍ ലോകത്തിനു മുന്‍പാകെ പങ്കുവയ്ക്കുന്നതിനുള്ള വേദിയാണ് മല്‍സരത്തിലൂടെ ഗൂഗിള്‍ നല്‍കുന്നത്. പങ്കെടുത്തവരില്‍ നിന്നും 5 സ്റ്റാര്‍ട്ടപ്പുകളെ ഗൂഗിള്‍ തിരഞ്ഞെടുത്തിട്ടുണ്ട്. ഇവര്‍ ഗൂഗിള്‍ ഉദ്യോഗസ്ഥര്‍, സര്‍ക്കാര്‍ പ്രതിനിധികള്‍ എന്നിവരടങ്ങിയ വിധികര്‍ത്താക്കള്‍ക്കു മുന്‍പില്‍ തങ്ങളുടെ ആശയങ്ങള്‍ അവതരിപ്പിക്കും. ഇവരില്‍ നിന്നും ആദ്യ മൂന്നു സ്ഥാനങ്ങളില്‍ എത്തുന്നവര്‍ക്ക് ഗൂഗിളിന്റെ 5 ദിവസത്തെ ലോഞ്ച്പാഡ് പരിപാടിയില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും. മാത്രമല്ല വിജയിയാകുന്നവര്‍ക്ക് 100,000 ഡോളര്‍ പാരിതോഷികമായി ലഭിക്കും.

പട്ടികയില്‍ ഇടംനേടിയ അഞ്ചു സ്റ്റാര്‍ട്ടപ്പുകള്‍

1. റീപ് ബെനിഫിറ്റ്

2013 ലാണ് ഇതു തുടങ്ങിയത്. മനുഷ്യന്‍ പാഴാക്കി കളയുന്ന വസ്തുക്കളെ വീണ്ടും എങ്ങനെ ഉപയോഗപ്പെടുത്താം എന്ന ചിന്തയില്‍ നിന്നാണ് ഈ സ്റ്റാര്‍ട്ടപ് തുടങ്ങിയത്. കഴിഞ്ഞ 3 വര്‍ഷത്തിനുള്ളില്‍ ഇവര്‍ 200 ടണ്‍ മാലിന്യവും 2 മില്യന്‍ ലിറ്റര്‍ വെള്ളവും 100,000 യൂണിറ്റ് വൈദ്യുതിയും സംരക്ഷിച്ചെടുത്തു. ഭക്ഷണപദാര്‍ഥങ്ങള്‍ വളമാക്കി മാറ്റുന്നതിന് വളരെ കുറഞ്ഞ ചെലവില്‍ പുതിയൊരു ടെക്‌നോളജി കണ്ടുപിടിച്ചു. മാലിന്യത്തില്‍ നിന്നും ബയോഗ്യാസ് ഉപയോഗിക്കാനുള്ള രീതി വികസിപ്പിച്ചെടുത്തു. ഇത്തരത്തില്‍ പാഴാക്കി കളയുന്ന വെള്ളവും മാലിന്യവും എങ്ങനെ മറ്റുള്ളവര്‍ക്കു കൂടി പ്രയോജനപ്പെടുത്തുന്ന രീതിയില്‍ ഉപയോഗിക്കാം എന്നു ഈ സംരംഭം പഠിപ്പിക്കുന്നു.

2. കാര്‍ഡിയാക് ഡിസൈന്‍ ലാബ്‌സ്

മൊബൈല്‍ ആപ്പ് ഉപയോഗിച്ച് ഹൃദ്വോഗ സംബന്ധമായ പരിശോധനകള്‍ നടത്തുന്നതിനുള്ള സംരംഭമാണിത്. എംഐഐര്‍കാം (മൊബൈല്‍ ഇന്റലിജന്റ് റിമോട്ട് കാര്‍ഡിയാക് മോണിറ്റര്‍) ആപ് ആണ് ഇതിനായി ഉപയോഗിക്കുന്നത്.

3. ഗുരു ജി

2013 ലാണ് ഈ സ്റ്റാര്‍ട്ടപ് തുടങ്ങിയത്. അധ്യാപകരെ ലക്ഷ്യമിട്ടു കൊണ്ടുള്ള മൊബൈല്‍ ആപ്പാണിത്. അധ്യാപകര്‍ക്കു തന്നെ പഠിപ്പിക്കേണ്ട പാഠഭാഗം തിര!ഞ്ഞെടുക്കാം. ഇതു എങ്ങനെയാണ് വിദ്യാര്‍ഥികളെ പഠിപ്പിക്കേണ്ടതെന്ന് ആപ്പിലൂടെ അധ്യാപകര്‍ക്ക് നിര്‍ദേശം നല്‍കും. ഒരു പാഠഭാഗം തന്നെ പല രീതിയില്‍ വിദ്യാര്‍ഥികളെ പഠിപ്പിക്കാന്‍ അധ്യാപകര്‍ക്ക് ഇതുവഴി കഴിയും.

4. സ്ലാംടണ്‍ക്യൂ

2014 ഓഗസ്റ്റിലാണ് ഇതിന്റെ പ്രവര്‍ത്തനം ആരംഭിച്ചത്. കായിക പ്രേമികളെ ലക്ഷ്യമിട്ടു കൊണ്ടു വികസിപ്പിച്ചെടുത്ത മൊബൈല്‍ ആപ്പാണ് സ്ലാംടണ്‍ക്യു. സ്മാര്‍ട്ട് വാച്ചുകളിലും സ്മാര്‍ട്ട് ബാന്‍ഡുകളിലും സ്ഥാപിക്കാന്‍ സാധിക്കുന്ന രീതിയിലുള്ള ഈ ആപ്ലിക്കേഷന്‍ കായിക പ്രേമികള്‍ക്ക് വിനോദത്തിനുള്ള അവസരം നല്‍കും.

5. സ്ബലാബ്‌സ് പ്രൈവറ്റ് ലിമിറ്റഡ്

വാഹനങ്ങളില്‍ നിന്നും വ്യവസായ സ്ഥാപനങ്ങളില്‍ നിന്നും പുറത്തുവരുന്ന പുക ഒട്ടേറെ മലിനീകരണ പ്രശ്‌നം ഉണ്ടാക്കുന്നുണ്ട്. തീ കത്തിക്കുമ്പോഴും വാഹനം ഓടിക്കുമ്പോഴും ഉണ്ടാകുന്ന പുക ഉപയോഗിച്ച് അച്ചടി വ്യവസായത്തിനു ഉപയോഗിക്കാവുന്ന മഷി ഉള്‍പ്പെടെയുള്ള അസംസ്‌കൃത വസ്തുക്കള്‍ ഉണ്ടാക്കിയെടുക്കുന്ന സംരംഭമാണിത്.

    Share on
    close