നഗരസഭയിലെ 94 കുടുംബങ്ങള്‍ക്ക് പട്ടയം

0

ജില്ലയിലെ നഗരസഭാ പരിധിയില്‍ താമസിക്കുന്ന 94 കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കാന്‍ ഭൂമി പതിവ് കമ്മിറ്റി തീരുമാനിച്ചു. ഇതോടൊപ്പം അമ്പലത്തിന്‍കര ഹരിജന്‍ കോളിനിവാസികളായ 39 പേര്‍ക്കും പട്ടയം ലഭിക്കും. നാല്‍പ്പതു മുതല്‍ അറുപതു വര്‍ഷം വരെ ഈ കോളനിയില്‍ താമസിച്ചു വരുന്നവരാണ് ഇവര്‍. പട്ടയം ലഭിക്കാത്തത് ഇവിടുത്തെ പല വികസനപ്രവര്‍ത്തനങ്ങള്‍ക്കും വിഘാതമായിരുന്നുവെന്ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന കമ്മിറ്റി യോഗത്തില്‍ സ്ഥലം കൗണ്‍സിലര്‍ കൂടിയായ മേയര്‍ വി.കെ പ്രശാന്ത് പറഞ്ഞു. അനുവദിച്ച പട്ടയങ്ങളുടെ തുടര്‍ നടപടികള്‍ അടിയന്തിരമായി പൂര്‍ത്തിയാക്കുന്നതിന് ജില്ലാ കളക്ടര്‍ എസ്. വെങ്കടേസപതി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

തിരുവനന്തപുരം, നെയ്യാറ്റിന്‍കര താലൂക്കുകളില്‍ നിന്നുള്ളതും നഗരസഭാ പരിധിയില്‍ വരുന്നതുമായ 103 അപേക്ഷകളാണ് കമ്മിറ്റി പരിഗണിച്ചത്. ഇതില്‍ 94 കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കാന്‍ കമ്മിറ്റി തീരുമാനിക്കുകയായിരുന്നു. സുനാമി പുനരധിവാസപ്രകാരം ഭൂമി ലഭിച്ച ആറ്റിപ്ര വില്ലേജിലെ 36 കുടുംബങ്ങള്‍ക്കും പട്ടയം നല്‍കും. വിഴിഞ്ഞം വില്ലേജിലെ 10 കുടംബങ്ങള്‍ക്കും, പേരൂര്‍ക്കടയിലെ മൂന്ന് കുടുംബങ്ങള്‍ക്കും, വഞ്ചിയൂര്‍, കുടപ്പനക്കുന്ന്, കഠിനംകുളം, ചെറുവയ്ക്കല്‍, ഉള്ളൂര്‍ എന്നിവിടങ്ങളിലെ ഓരോ കുടുംബങ്ങള്‍ക്കും പട്ടയം നല്‍കുന്നതിനും കമ്മിറ്റി തീരുമാനിച്ചു. കമ്മിറ്റിയില്‍ എ.ഡി.എം വി. സാമുവല്‍, ഡെപ്യൂട്ടി കളക്ടര്‍ വി.ആര്‍ വിനോദ്, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു