റിപ്പയര്‍ ഷോപ്പുകളില്‍ കയറിയിറങ്ങണ്ട; ഗാഡ്ജറ്റ് ഡോട്ട് ഇന്‍ വീട്ടുമുറ്റത്തെത്തും

0

കേടായ സാധനങ്ങള്‍ ശരിയാക്കി കിട്ടാന്‍ റിപ്പയര്‍ ഷോപ്പുകളില്‍ കയറിയിറങ്ങി മടുത്ത അനുഭവം ഉണ്ടാകാത്തവര്‍ കാണില്ല. ഒരു ദിവസംകൊണ്ട് ശരിയാക്കി തരേണ്ട സാധനങ്ങള്‍ പോലും ആഴ്ചകളും മാസങ്ങളുമെടുത്ത് തിരിച്ചേല്‍പിച്ചിട്ടുള്ള സംഭവങ്ങളും നിരവധിയാണ്. ഇത്രയും സമയമെടുത്ത് ശരിയാക്കിയാലും പലപ്പോഴും മികച്ച സേവനം ലഭിക്കണമെന്നില്ല. സാധനങ്ങള്‍ വീണ്ടും ഉപയോഗിച്ച് നോക്കുമ്പോഴേക്കും അവ വീണ്ടും കേടാകും. പൈസ മുടക്കുന്നതിലല്ല മറിച്ച് സമയം കളഞ്ഞ് റിപ്പയര്‍ ഷോപ്പുകള്‍ കയറിയിറങ്ങേണ്ടി വരുന്നതാണ് കൂടുതല്‍ പ്രയാസം. ഇതിനെല്ലാം പരിഹാരമാണ് റിപ്പയര്‍ മൈ ഗാഡ്ജറ്റ് ഡോട്ട് ഇന്‍. ബംഗലൂരു ആസ്ഥാനമായാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നത്.

റിപ്പയര്‍ മൈ ഗാഡ്ജറ്റ്‌സ് ഡോട്ട് ഇന്‍ എന്ന ഓണ്‍ലൈനില്‍ ഒരു കസ്റ്റമര്‍ തന്റെ ഉപകരണങ്ങള്‍ക്ക് ഉണ്ടായ കേടുപാടുകള്‍ കാണിച്ച് ഒരു ഫോം പൂരിപ്പിച്ച് നല്‍കുമ്പോള്‍ തന്നെ അത് ശരിയാക്കാന്‍ കഴിയുന്നവരുടെ ലിസ്റ്റ് അവര്‍ക്ക് ലഭ്യമാകും. സാധനങ്ങള്‍ തങ്ങളുടെ അടുത്തെത്തി വാങ്ങിക്കൊണ്ട് പോകുകയും കൃത്യസമയത്തിനുള്ളില്‍ അവയുടെ കേടുപാടുകള്‍ പരിഹരിച്ച് തിരികെ നല്‍കുകയും ചെയ്യും. 48 മണിക്കൂര്‍ മാത്രമാണ് സാധനങ്ങള്‍ ശരിയാക്കാന്‍ എടുക്കുന്ന സമയം. മാത്രമല്ല റിപ്പയര്‍ ചെയ്യുന്ന സാധനങ്ങള്‍ക്ക് രണ്ട് മാസത്തെ വാറന്റിയോടെയാണ് ഉപഭോക്താവിനെ തിരിച്ചേല്‍പിക്കുന്നത്.

റിപ്പയര്‍ മൈ ഗാഡ്ജറ്റ് ഡോട്ട് ഇന്‍ എന്ന സ്ഥാപനത്തെക്കുറിച്ച് അതിന്റെ സഹ സ്ഥാപകനായ അങ്കുര്‍ ഗുപ്തക്ക് ഏറെ പറയാനുണ്ട്. ഇരുപത്തി നാലുകാരനായ അങ്കുര്‍. അമിറ്റി യൂനിവേഴ്‌സിറ്റിയില്‍നിന്ന് എന്‍ജിനീയറിംഗ് ബിരുദം പൂര്‍ത്തിയാക്കിയശേഷം നര്‍സി മോന്‍ജി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസില്‍നിന്നും അങ്കുര്‍ എം ബി എയും നേടിയിട്ടുണ്ട്. റിപ്പയര്‍ മൈ ഗാഡ്ജറ്റ്‌സിനുള്ള ഫണ്ടിംഗിന് പ്രാധാന്യം നല്‍കി അങ്കുര്‍ ഇതോടൊപ്പം ഒരു വര്‍ഷം എയര്‍ടെല്ലിലും ജോലി ചെയ്തു. അങ്കുറിന്റെ വാക്കുകളില്‍ പറഞ്ഞാല്‍, കൂടുതല്‍ സാധനങ്ങള്‍ സ്വന്തമാക്കുന്നവര്‍ക്ക് അവ എപ്പോഴും റിപ്പയര്‍ ചെയ്യേണ്ടതായി വരും. ഒരു വര്‍ഷത്തില്‍ പത്ത് ഫോണുകളാണ് താന്‍ പൊട്ടിച്ചത്. ഡെല്‍ഹിയിലെ നെഹ്‌റു പ്ലെയ്‌സിലുള്ള റിപ്പയറിംഗ് ഷോപ്പിലെ പതിവായ സന്ദര്‍ശനം അവിടെയുള്ളവരുമായി തന്നെ ചങ്ങാത്തത്തിലാക്കി.

റിപ്പയര്‍ ഷോപ്പുകളില്‍ പതിവായി പോകുന്നതില്‍നിന്നാണ് അങ്കുറിന് ചില കാര്യങ്ങള്‍ മനസിലായത്. അതായത് ഒരു സാധനം നന്നാക്കിയോ എന്നറിയാന്‍ തന്നെ നമ്മള്‍ പലതവണ റിപ്പയറിംഗ് ഷോപ്പുകളില്‍ കയറിയിറങ്ങേണ്ടിവരും. ഇത് നമ്മുടെ സമയം കളയുമെന്ന് മാത്രമല്ല റിപ്പയറിംഗിന് പലപ്പോഴും പല ചാര്‍ജാണ് ഈടാക്കുന്നത്. ചില സമയങ്ങളില്‍ എന്തെങ്കിലും ചെറിയ കേടുപാടുകളാണ് പരിഹരിക്കേണ്ടതായുള്ളതെങ്കിലും അതിന് വലിയ ചാര്‍ജ് ഈടാക്കും. ഇതിന് ഒരു പരിഹാരമുണ്ടാകണമെന്ന ലക്ഷ്യത്തോടെയാണ് തന്റെ റൂംമേറ്റ് അശ്വനി കുമാറിനൊപ്പം ചേര്‍ന്ന് റിപ്പയര്‍ മൈ ഗാഡ്ജറ്റ് ഡോട്ട് ഇന്‍ എന്ന സ്വന്തം സ്ഥാപനം അങ്കുര്‍ തുടങ്ങിയത്. ക്വിക് സില്‍വര്‍ സൊല്യുഷന്‍ എന്ന സ്ഥാപനത്തിന്റെ പ്രോഡക്ട് മാനേജര്‍ ആയിരുന്നു അശ്വനി കുമാര്‍.

തന്റെ സ്വന്തം അനുഭവങ്ങളില്‍നിന്നാണ് കേടുപാടു പറ്റിയ സാധനങ്ങള്‍ ശരിയാക്കുന്നതില്‍ മികച്ച സേവനം ലഭ്യമാക്കണമെന്ന് അങ്കുര്‍ തീരുമാനിച്ചത്. തന്റെ കേടായ മൊബൈല്‍ ഫോണ്‍ ശരിയാക്കി കിട്ടുന്നതിന് 15 ദിവസം സര്‍വീസ് സെന്റര്‍ കയറിയിറങ്ങിയപ്പോഴാണ് ഈ മേഖലയില്‍ കൂടുതല്‍ സേവനങ്ങള്‍ ലഭ്യമാക്കേണ്ടതുണ്ടെന്ന് അങ്കുര്‍ തിരിച്ചറിഞ്ഞത്. തന്റെ ആശയം തന്റെ നൂറോളം സുഹൃത്തുക്കളുമായി പങ്കുവെച്ച ശേഷം ഇതുമായി മുന്നോട്ട് പോകാന്‍ തന്നെയായി അങ്കുറിന്റെ തീരുമാനം.

എന്നാല്‍ ഈ മേഖലയില്‍ ഒരു സംരംഭം തുടങ്ങുകയെന്നത് അങ്കുറിനെ സംബന്ധിച്ച് തീര്‍ത്തും ആയാസകരമായിരുന്നില്ല. സാധനങ്ങള്‍ എല്ലാം സംഘടിപ്പിക്കാനും സ്ഥാപനത്തിന് അനുയോജ്യരായവരെ കണ്ടുപിടിക്കാനുമെല്ലാം ഏറെ പണിപ്പെടേണ്ടി വന്നു. ഒ എല്‍ എക്‌സില്‍ പോസ്റ്റ് ചെയ്താണ് അങ്കുര്‍ ആദ്യത്തെ ആളെ കണ്ടുപിടിച്ചത്. മേഖലയില്‍ 17 വര്‍ഷത്തിലധികം പരിചയമുള്ള കശ്മീരില്‍നിന്നുള്ള സക്കീര്‍ ഹുസൈന്‍ തങ്ങളോടൊപ്പം ചേര്‍ന്നു. ഇപ്പോള്‍ എട്ട് പേരാണ് ടീമിലുള്ളത്. ബംഗലൂരുവില്‍ എല്ലായിടത്തും തങ്ങളുടെ സേവനം ലഭ്യമാകുന്നുണ്ട്. സധനങ്ങള്‍ എത്തിച്ചുകൊടുക്കുന്നതിനായി റോഡ് റണ്ണര്‍ ആന്‍ഡ് പാഴ്‌സല്‍ഡ് ഡോട്ട് എന്‍ എന്ന സ്ഥാപനവുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്.

ഈ മേഖലയിലെ പ്രധാന പ്രശ്‌നം എന്നത് ശരിയായ ഘടനാ സംവിധാനമില്ലാത്തതും സാധനങ്ങള്‍ ശരിയാക്കിയോ എന്നറിയാന്‍ സമയം ചിലവാക്കി അതത് സ്ഥലങ്ങളില്‍ ഇടക്കിടെ പോകേണ്ടി വരികയും ചെയ്യുക എന്നതാണ്- അങ്കുര്‍ പറയുന്നു.

മാത്രമല്ല സ്ഥാപനങ്ങളെ സംബന്ധിച്ച് ഉടമസ്ഥന്‍ നല്ല ഒരു തുക കൈക്കലാക്കുകയും ജീവനക്കാര്‍ക്ക് തുച്ഛമായ ശമ്പളം മാത്രം നല്‍കുകയുമാണ് ചെയ്യുന്നത്. സാധനങ്ങള്‍ ശരിയാക്കുന്നതിന് അമിത ചാര്‍ജ് ഈടാക്കുമെങ്കിലും ആളുകള്‍ക്ക് മറ്റ് നിവര്‍ത്തിയില്ലാത്തതിനാല്‍ ശരിയാക്കാന്‍ നിര്‍ബന്ധിതരാകും. ചെറിയ ഷോപ്പുകളില്‍ പോലും അമിത ചാര്‍ജും ഗുണനിലവാരമില്ലാത്ത സേവനങ്ങളുമാണ് ലഭ്യമാകുന്നത്. റിപ്പയര്‍ ചെയ്യുന്നയാള്‍ മതിയായ യോഗ്യതയുള്ളവരാണോ എന്നറിയാനുള്ള സംവിധാനങ്ങളും ഒന്നും തന്നെയില്ല.

ബംഗലൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സാധനങ്ങള്‍ റിപ്പയര്‍ ചെയ്യുന്ന സ്ഥാപനമായ റിപ്പയര്‍ മൈ ഗാഡ്ജറ്റ്‌സ് ഡോട്ട് ഇന്‍ എന്ന സ്ഥാപനത്തിന്റെ സഹ സ്ഥാപകന്‍ ആണ്

ലാപ്‌ടോപ്പുകളും മൊബൈല്‍ ഫോണുകളുമുള്‍പ്പെടെ 1.5 ബില്യന്‍ ഉപകരണങ്ങളാണ് ഇന്ത്യയിലുള്ളത്. 90 ശതമാനവും സ്‌ക്രീന്‍ ഡാമേജുകളാണ് ഇവക്കുണ്ടാകുന്ന പ്രധാന പ്രശ്‌നം. 1500 രൂപയാണ് ഇത് ശരിയാക്കാന്‍ വേണ്ടിവരുന്ന ശരാശരി ചിലവ്. ഈ മേഖലയില്‍നിന്ന് ബില്യന്‍ കണക്കിന് ഡോളറുകളുണ്ടാക്കാന്‍ സാധിക്കുമെന്ന് അങ്കുര്‍ പറയുന്നു.

പ്രവര്‍ത്തനം തുടങ്ങി നാല് മാസങ്ങള്‍ക്കുള്ളില്‍ 2500 ഓളം ഓര്‍ഡറുകളാണ് തങ്ങള്‍ക്ക് ലഭിച്ചത്. ഓരോ മാസവും ഓര്‍ഡറുകളുടെ എണ്ണത്തില്‍ 40 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടാകുന്നത്. അടുത്ത വര്‍ഷങ്ങളില്‍ കൂടുതല്‍ നഗരങ്ങളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. മറ്റ് ഇ-കൊമേഴ്‌സ് സ്ഥാപനങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തനമേഖല വ്യാപിപ്പിക്കാനും ആലോചിക്കുന്നുണ്ട്.

ഒരു സാധനം കേടായാല്‍ അത് ശരിയാക്കാന്‍ പൈസ മുടക്കുന്നതല്ല പ്രയാസം മറിച്ച് അത് ശരിയാക്കി കിട്ടാന്‍ സ്ഥാപനങ്ങള്‍ കയറിയിറങ്ങുന്നതാണ്. ഇത് ഒഴിവാക്കാന്‍ സാധനങ്ങള്‍ ഉപഭോക്താക്കളുടെ പക്കലെത്തി ശേഖരിക്കുകയും മടക്കി നല്‍കുകയും ചെയ്യുന്നു എന്നത് മാത്രമല്ല കേടായ സാധനങ്ങള്‍ മടക്കി നല്‍കുന്നതുവരെ പകരം ഉപയോഗിക്കാന്‍ സാധനങ്ങള്‍ നല്‍കുന്നു എന്നത് കൂടിയാണ് റിപ്പയര്‍ മൈ ഗാഡ്ജറ്റിനെ വ്യത്യസ്ഥമാക്കുന്നത്.