ഓണ്‍ലൈന്‍ വ്യാപാരികള്‍ക്ക് ആശയവിനിമയ സംവിധാനമൊരുക്കി ബിടുബി സ്പിയര്‍

0

ബാല്യകാല സുഹൃത്തുക്കളായ ബാബു ജയറാമും (35) സുധി സേഷാചലയും (35) ചേര്‍ന്നാണ് ബിടുബി സ്പിയര്‍ സംരംഭം തുടങ്ങിയത്. 2015 സെപ്റ്റംബറിലാണ് ഇതിന്റെ വെബ്‌സൈറ്റ് പുറത്തിറങ്ങിയത്. ഓണ്‍ലൈനിലൂടെ വില്‍പ്പനക്കാര്‍ക്ക് തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കുന്നതിനും ഉപഭോക്താക്കള്‍ക്ക് ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നതിനും വേണ്ടിയുള്ള ഇടമാണ് ബിടുബി സ്പിയറെന്ന് ബാബുവും സുധിയും പറയുന്നു.

സംരംഭക രംഗത്തും രാജ്യാന്തര വ്യാപാര രംഗത്തും ജയറാമിനും സുധിക്കും കൂടി 50 വര്‍ഷത്തിന്റെ അനുഭവ പരിചയമുണ്ട്. അവരുടെ മുന്‍ സംരംഭമായ എക്‌സര്‍വ്‌മോന്‍ ഡോട്‌കോം വേണ്ടത്ര പ്രതീക്ഷയ്‌ക്കൊത്ത് വളര്‍ന്നില്ല. അതിനാല്‍ തന്നെ പുതിയ സംരംഭം തുടങ്ങിയപ്പോള്‍ കൂടുതല്‍ ശ്രദ്ധിച്ചു.

ജയറാമിന് ഉല്‍പ്പാദന രംഗത്ത് മുന്‍ പരിചയമുണ്ട്. ബിസിനസ് ടു ബിസിനസ് (ബിടുബി) വ്യാപാരരംഗത്ത് നിരവധി രാജ്യാന്തര കമ്പനികളില്‍ അദ്ദേഹം ജോലി ചെയ്തിട്ടുണ്ട്. രാജ്യമെങ്ങുമുള്ള ഉപഭോക്താക്കളെയും വിതരണക്കാരെയും കുറിച്ച് അദ്ദേഹത്തിന് ധാരണയുണ്ടായിരുന്നു. തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കുന്നതിനായി ഇന്ത്യയിലെ ചെറുകിട, ഇടത്തരം സംരംഭകര്‍ അനുഭവിക്കുന്ന കഷ്ടപ്പാടുകളെക്കുറിച്ചും അദ്ദേഹത്തിന് വ്യക്തമായി അറിയാമായിരുന്നു.

ഓണ്‍ലൈന്‍ വ്യാപാരം ചെയ്യുന്നവര്‍ക്ക് പരസ്പരം ചാറ്റിങ്ങിലൂടെയും മെസേജുകളിലൂടെയും ബന്ധം പുലര്‍ത്താനുള്ള അവസരമാണ് ബിടുബി സ്പിയറിലൂടെ ലഭിക്കുന്നത്. വില്‍ക്കുന്നവര്‍ക്കും വാങ്ങുന്നവര്‍ക്കും ബിടുബി സ്പിയറിലൂടെ പരസ്പരം ആശയവിനിമയം നടത്താം. ചാറ്റിങ്ങിലൂടെയും മെസേജിലൂടെയും ഓഡിയോ, വിഡിയോ കോണ്‍ഫറന്‍സിലൂടെയും ആശയവിനിമയം നടത്തുന്നതിനുള്ള സൗകര്യമുണ്ട്. നിലവില്‍ 10,000ത്തിലധികം വിതരണക്കാര്‍ ബിടുബി സ്പിയറിലൂടെ വ്യാപാരം നടത്തുന്നുണ്ട്.

വിതരണക്കാര്‍ക്ക് തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ ആവശ്യക്കാര്‍ക്ക് കാണിച്ചുകൊടുക്കാനും അതിനെക്കുറിച്ചുള്ള മുഴുവന്‍ വിവരങ്ങള്‍ അവര്‍ക്ക് പറഞ്ഞുകൊടുക്കാനും സാധിക്കുന്നു. വാങ്ങുന്നവരുടെ എല്ലാ സംശയങ്ങളും ഇതുവഴി ദൂരീകരിക്കാനാവും.

നിലവില്‍ 12 പേരടങ്ങിയതാണ് ബിടുബി സ്പിയര്‍ ടീം. ആറുപേര്‍ സൈറ്റിന്റെ ടെക്‌നോളജി കൈകാര്യം ചെയ്യുന്നു. ബാക്കിയുള്ളവര്‍ മാര്‍ക്കറ്റിങ്, വില്‍പ്പന തുടങ്ങി മറ്റു ജോലികള്‍ ചെയ്യുന്നു. ഗോവിന്ദ് സേഷാദ്രി, ആഷിഷ് കാസി എന്നിവരാണ് ബിടുബിസ്പിയറിന്റെ ഉപദേശകര്‍. വെബ്‌സൈറ്റ് തുടങ്ങി ഏതാനും മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ തന്നെ നിരവധി ഉപഭോക്താക്കള്‍ ബിടുബി സ്പിയറിലൂടെ ഇടപാടുകള്‍ നടത്താന്‍ തുടങ്ങി. അധികനാളുകള്‍ക്കുള്ളില്‍ തന്നെ വരുമാനം കൂടുകയും കമ്പനി വളര്‍ച്ചയുടെ പാതയിലേക്ക് എത്തുകയും ചെയ്തു.

തുടക്കത്തില്‍ പല പ്രതിസന്ധികളും നേരിടേണ്ടി വന്നിട്ടുണ്ട്. ഇടപാടുകാരെ സൈറ്റിലേക്ക് കൊണ്ടുവരികയായിരുന്നു ഏറ്റവും വലിയ വെല്ലുവിളി. ഗുണമേന്മയുള്ളതും മെച്ചപ്പെട്ടതുമായ ഉല്‍പ്പന്നങ്ങള്‍ നല്‍കിയതിലൂടെ ഇതു മെല്ലെ മെല്ലെ പരിഹരിച്ചു. ഇതുവഴി ബംഗലൂരുവിലെ ചില ഓണ്‍ലൈന്‍ വ്യാപാര സംരംഭങ്ങളെ മറികടന്ന് വിജയിക്കാനുമായെന്ന് സുധി പറഞ്ഞു.

ഉപഭോക്താക്കള്‍ക്കും വിതരണക്കാര്‍ക്കും സാസ് സബ്‌സ്‌ക്രിപ്ഷന്‍ നല്‍കാനുള്ള പദ്ധതികളും ബിടുബി സ്പിയര്‍ ആലോചിക്കുന്നുണ്ട്. ഉപഭോക്താക്കളുടെ ആവശ്യത്തിനനുസരിച്ച് നാലു വ്യത്യസ്ത തരത്തിലുള്ള സബ്‌സ്‌ക്രിപ്ഷന്‍ നല്‍കാനാണ് ആലോചന. വാങ്ങുന്നവരും വില്‍ക്കുന്നവരും തമ്മിലുള്ള വിശ്വാസ്യതയാണ് ഓണ്‍ലൈന്‍ വ്യാപാര രംഗത്തെ പ്രധാന ഘടകം.

ജനങ്ങള്‍ക്ക് ഇത്തരമൊരു സംരംഭത്തെക്കുറിച്ച് വലിയ അറിവൊന്നുമില്ലായിരുന്നു. പ്രാദേശിക സ്ഥലങ്ങളില്‍ നടത്തിയ വിവിധ പരിപാടികളിലൂടെ ജനങ്ങള്‍ക്ക് ഇതിനെക്കുറിച്ചുള്ള അവബോധം ഉണ്ടാക്കാന്‍ കഴിഞ്ഞു. മറ്റു ബിടുബി കമ്പനികളുമായി കരാര്‍ ഉണ്ടാക്കിയതിലൂടെ കൂടുതല്‍ ഉല്‍പ്പന്നങ്ങള്‍ ആള്‍ക്കാര്‍ക്ക് നല്‍കാനായി. ഇതുവഴി കുറഞ്ഞ കാലത്തിനുള്ളില്‍ തന്നെ വളര്‍ച്ച കൈവരിക്കാന്‍ സാധിച്ചതായി സുധി വ്യക്തമാക്കി.

ഇകൊമേഴ്‌സ് വ്യവസായം ആഗോളതലത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുകയാണ്. ബിടുബി വ്യാപാര മേഖലയ്ക്ക് ഇന്ത്യയിലും മറ്റു ഏഷ്യന്‍ രാജ്യങ്ങളിലും വലിയൊരു സ്ഥാനമുണ്ട്. ബിടുബി വ്യപാരരംഗത്തെ വന്‍ സംരംഭകരായ ആലിബാബ, ഇന്ത്യാമാര്‍ട്ട്, ട്രേഡ് ഇന്ത്യ തുടങ്ങിയവരോടാണ് ബിടുബിസ്പിയര്‍ മല്‍സരിക്കാന്‍ തയാറെടുക്കുന്നത്. സത്യസന്ധമായി ഇടപാടുകള്‍ നടത്തുന്നതിനും ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നതിനുമുള്ള ഇടം ആഗോളതലത്തിലുള്ളവര്‍ക്ക് നല്‍കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും സുധി പറഞ്ഞു.

ബിടുബിസ്പിയര്‍ നിലവില്‍ ഇന്ത്യയിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ളത്. ഇന്ത്യയിലെ ചെറുകിട, ഇടത്തരം സംരംഭകരെ ആഗോള ഉപഭോക്താക്കളുടെ ഇടയിലേക്ക് കൊണ്ടെത്തിക്കാന്‍ സഹായം നല്‍കുന്നുണ്ട്. അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ ഒരു ലക്ഷം കമ്പനികളെ സൈറ്റില്‍ റജിസ്റ്റര്‍ ചെയ്യിപ്പിക്കുകയാണ് ലക്ഷ്യം. നിലവില്‍ ഒരു മാസം 10 ലക്ഷം ഡോളര്‍ ജിഎംവി ബിടുബി സ്പിയറിനുണ്ട്. ഇതു 2016 മാര്‍ച്ച് 31 ഓടെ 100 ലക്ഷം ഡോളര്‍ ജിഎംവി നേടുകയാണ് ലക്ഷ്യം. നിരവധി ആവശ്യക്കാര്‍ ഇപ്പോള്‍ ബിടുബി സ്പിയറിലൂടെ ഇടപാടുകള്‍ നടത്താന്‍ എത്തുന്നുണ്ടെന്നും ഓര്‍ഡറുകളുടെ എണ്ണം വര്‍ധിച്ചതായും സുധി പറഞ്ഞു.