മൂന്നാറിനെ കോണ്‍ക്രീറ്റ് വനമാക്കാന്‍ അനുവദിക്കില്ല: മുഖ്യമന്ത്രി

0

ഇടുക്കി ജില്ലയില്‍ ജൂലൈ 1 മുതല്‍ പുതിയ പട്ടയ അപേക്ഷകള്‍ സ്വീകരിച്ചുതുടങ്ങുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഇടുക്കിയിലെ ഭൂമി പ്രശ്‌നം സംബന്ധിച്ച് ചേര്‍ന്ന രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെയും ജനപ്രതിനിധികളുടെയും കച്ചവട സംഘടനാ പ്രതിനിധികളുടെയും യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ദേവികുളം താലൂക്കില്‍ പട്ടയം നല്‍കാത്ത പ്രശ്‌നവും പരിഹരിക്കും. എല്ലാ പട്ടയങ്ങളും സമയബന്ധിതമായി വിതരണം ചെയ്യും. നേരത്തെ ചേര്‍ന്ന യോഗങ്ങളില്‍ എടുത്ത തീരുമാനത്തിന്റെ ഭാഗമായി ഇടുക്കിയില്‍ 5490 പട്ടയങ്ങള്‍ ഇതിനകം വിതരണം ചെയ്തിട്ടുണ്ട്. പട്ടയവിതരണം വേഗത്തിലാക്കുന്നതിന് ആവശ്യമായ സര്‍വയര്‍മാരെ നിയോഗിച്ചിട്ടുണ്ടെന്ന് റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറി പി എച്ച് കുര്യന്‍ യോഗത്തില്‍ പറഞ്ഞു.

ഇടുക്കിയില്‍ വന്‍കിട കയ്യേറ്റങ്ങള്‍ നിര്‍ദാക്ഷിണ്യം ഒഴിപ്പിക്കുമെന്ന് മുഖ്യമന്ത്രി യോഗത്തില്‍ വ്യക്തമാക്കി. മൂന്നാറിന്റെ പ്രകൃതി ഭംഗിയും പരിസ്ഥിതിയും സംരക്ഷിക്കും. മൂന്നാറിനെയോ ഇടുക്കിയിലെ മറ്റേതെങ്കിലും പ്രദേശത്തെയോ കോണ്‍ക്രീറ്റ് വനമാക്കാന്‍ സര്‍ക്കാര്‍ അനുവദിക്കില്ല. വാണിജ്യാവശ്യത്തിന് കച്ചവടക്കണ്ണോടെ പുറത്തുനിന്ന് ഇടുക്കിയിലേക്ക് വരുന്ന കയ്യേറ്റക്കാരുടെ കാര്യത്തില്‍ സര്‍ക്കാര്‍ കര്‍ശന നിലപാട് സ്വീകരിക്കും. കയ്യേറ്റക്കാരെയും താമസിക്കാന്‍ വേറെ ഭൂമിയില്ലാത്ത പാവങ്ങളെയും ഒരേ സ്‌കെയില്‍ കൊണ്ട് അളക്കുന്ന സമീപനം ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി ഉറപ്പു നല്‍കി. താമസിക്കാന്‍ വേറെ ഭൂമിയില്ലാത്തവരുടെ കാര്യത്തില്‍ അനുഭാവ പൂര്‍ണമായ നിലപാട് എടുക്കും. 1977-ന് മുമ്പ് കുടിയേറിയ മുഴുവന്‍ പേര്‍ക്കും പട്ടയം നല്‍കും. ആദിവാസികള്‍ക്ക് ഭൂമിയും രേഖയും ലഭ്യമാക്കും.

ഇടുക്കിയിലെ ഭൂമി പ്രശ്‌നം പരിഹരിക്കുന്നതിന് എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം വിളിക്കുന്ന നാലാമത്തെ യോഗമാണിതെന്ന് മുഖ്യമന്ത്രി ആമുഖമായി പറഞ്ഞു. നേരത്തെ ചേര്‍ന്ന യോഗങ്ങളില്‍ എടുത്ത തീരുമാനങ്ങളും ആ യോഗങ്ങളില്‍ നല്‍കിയ ഉറപ്പുകളും നടപ്പാക്കും. നിയമപരമായ ചില പരിശോധനകള്‍ ബാക്കിയുള്ളതുകൊണ്ടാണ് തീരുമാനങ്ങള്‍ നടപ്പാക്കാന്‍ താമസം നേരിടുന്നത്.