ജൈവഭക്ഷണ രുചിക്കൂട്ടുകളുമായി നന്ദിയോട് കര്‍ഷകര്‍

0

ജൈവഗ്രാമം പദ്ധതി നടപ്പാക്കി സംസ്ഥാനത്തൊട്ടാകെ ശ്രദ്ധ പിടിച്ചുപറ്റിയ നന്ദിയോട് ഗ്രാമപഞ്ചായത്ത് ജൈവഭക്ഷണം എന്ന പുതിയൊരു ആശയവുമായി മുന്നോട്ട്. നന്ദിയോട് കൃഷിഭവന്റെ നേതൃത്വത്തില്‍ ജൈവ അങ്ങാടി പ്രവര്‍ത്തകരാണ് ജൈവഭക്ഷണം തയ്യാറാക്കുന്നത്.

പഞ്ചായത്തിന്റെ പരിപാടികളിലും നന്ദിയോട്ടെ കര്‍ഷകര്‍ പങ്കെടുക്കുന്ന പൊതുവേദികളിലും ഇവര്‍ ജൈവഭക്ഷണം പരിചയപ്പെടുത്തുന്നു. കപ്പയും കാന്താരിയും കലര്‍പ്പില്ലാത്ത ഏഴിനം ചമ്മന്തിക്കൂട്ടുകളും ഏത്തയ്ക്കാ പുഴുക്കും; കുടിയ്ക്കാന്‍ മുരിങ്ങയില ജ്യൂസ്, അഗസ്തി ജ്യൂസ് എന്നിവയുമാണ് ഭക്ഷണത്തിലെ പ്രധാന ഇനങ്ങള്‍. മണ്‍കലത്തില്‍ തയ്യാറാക്കുന്ന ഇവ വിളമ്പുന്നത് പൊടിയണിയില, കൂവയില, വാഴയില എന്നിവയിലാണ്.

ഒരു ലിറ്റര്‍ വെള്ളത്തില്‍ മുരിങ്ങയില, കുരുമുളക്, നാരങ്ങാനീര്, ഉപ്പ് എന്നിവ ചേര്‍ത്താണ് മുരിങ്ങയില സൂപ്പ് ഉണ്ടാക്കുന്നത്. ആഹാര പദാര്‍ത്ഥത്തിലൊന്നും തന്നെ എണ്ണ ഉപയോഗിക്കുന്നില്ലെന്ന പ്രത്യേകതയുമുണ്ട്. ഈ ഭക്ഷണരീതി ശരീരത്തിന് യാതൊരുവിധ ദോഷവുമുണ്ടാക്കുന്നില്ലെന്നു മാത്രമല്ല ഉന്മേഷവും പോഷകവും പ്രദാനം ചെയ്യുന്നവയുമാണ്. കര്‍ഷകര്‍ തന്നെ അവരുടെ ഉല്പന്നങ്ങളെ ഉപോല്പന്നങ്ങളാക്കുമ്പോള്‍ കാര്‍ഷികരംഗത്തിന്റെ വലിയ സാധ്യത തന്നെയാണ് തുറന്നിടുന്നത്. ജൈവകൃഷിയുടെ ആവശ്യകതയും ഇതിലൂടെ വര്‍ധിക്കുന്നു.

ഭക്ഷണം ജൈവമാകുമ്പോള്‍ സംജാതമാകുന്നത് ജൈവസംസ്‌കാരം തന്നെയാണെന്ന് ഇവര്‍ അഭിപ്രായപ്പെടുന്നു. സര്‍ക്കാരിന്റേതുള്‍പ്പെടെ പല പൊതു പരിപാടികളിലും നന്ദിയോട്ടെ ജൈവ അങ്ങാടി പ്രവര്‍ത്തകര്‍ ജൈവഭക്ഷണം വിളമ്പിക്കഴിഞ്ഞു. വന്‍ ജനസ്വീകാര്യതയാണ് ഇതിനുണ്ടായിരിക്കുന്നതെന്ന് നന്ദിയോട് കൃഷി ഓഫീസര്‍ എസ്. ജയകുമാര്‍ പറഞ്ഞു. പഞ്ചായത്തിന്റെ പൊതു പരിപാടികളിലെല്ലാം ജൈവഭക്ഷണം മാത്രമേ വിളമ്പൂവെന്ന തീരുമാനവും എടുത്തിട്ടുണ്ട്. സ്വകാര്യ-പൊതു ചടങ്ങുകള്‍ കൂടി ഈ തീരുമാനം നടപ്പാക്കിയാല്‍ ജൈവസമ്പന്നതയിലേക്ക് ഏവരും തിരിച്ചെത്തുമെന്ന് അദ്ദേഹം പറഞ്ഞു.

ജൈവമെന്നാല്‍ കേവലം കൃഷി മാത്രമല്ല, 'ഭക്ഷണവും അതിലുപരി സംസ്‌കാരവും കൂടിയാണെന്ന സന്ദേശത്തിന്റെ വിളംബരമാണ് നന്ദിയോട്ടെ ഈ ജൈവ കര്‍ഷകര്‍ ഏറ്റെടുത്തിരിക്കുന്നത്. മലയാളി മറന്ന അമ്മ മാധുര്യങ്ങളെ നാവിന്‍ തുമ്പിലേക്ക് തിരിച്ചുകൊണ്ടുവരികയാണ് ഈ കര്‍ഷക കൂട്ടായ്മ.