കേരളത്തിലെ കേന്ദ്രീകൃത മാലിന്യ സംസ്‌കരണ പ്ലാന്റുകള്‍ക്ക് നെതര്‍ലാന്റിന്റെ സഹായം തേടി

കേരളത്തിലെ കേന്ദ്രീകൃത മാലിന്യ സംസ്‌കരണ പ്ലാന്റുകള്‍ക്ക് നെതര്‍ലാന്റിന്റെ സഹായം തേടി

Wednesday May 31, 2017,

1 min Read

കേരളത്തിലെ നഗരങ്ങള്‍ക്ക് കേന്ദ്രീകൃത മാലിന്യ സംസ്‌കരണ പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിന് ദേവസ്വം ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നെതര്‍ലാന്റ് നിയുക്ത സ്ഥാനപതി വേണു രാജാമണിയുടെ സഹായം തേടി. പ്രഥമ എന്‍. വി. കൃഷ്ണവാര്യര്‍ അനുസ്മരണ പ്രഭാഷണ ഉദ്ഘാടന ചടങ്ങിലാണ് സഹായം തേടിയത്.

image


 കേരളത്തിന്റെ പല പ്രശ്‌നങ്ങള്‍ക്കുമുള്ള സാങ്കേതിക പരിഹാരം നെതര്‍ലാന്റിനുണ്ടെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ കേരളത്തെ ഹരിതാഭമാക്കാനുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോവുകയാണ്. മാലിന്യ പ്രശ്‌നമാണ് പ്രധാന വിലങ്ങുതടി. നദികളെ ശുദ്ധീകരിക്കാന്‍ പര്യാപ്തമായ സാങ്കേതിക വിദ്യകളും നെതര്‍ലാന്റിനുണ്ട്. തിരുവനന്തപുരത്തെ പാര്‍വതീപുത്തനാര്‍ ഉള്‍പ്പടെയുള്ള ജലസ്രോതസുകളെ ഇത്തരം സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്തി ശുദ്ധീകരിക്കണം. കേരളത്തിലെ നദികളിലെ മാലിന്യം സംബന്ധിച്ച റിപ്പോര്‍ട്ട് ലഭ്യമാക്കിയാല്‍ നെതര്‍ലാന്റില്‍ നിന്ന് സഹായം ലഭ്യമാക്കുന്നതിന് ശ്രമിക്കാമെന്ന് മുഖ്യപ്രഭാഷണം നടത്തിയ വേണു രാജാമണി പറഞ്ഞു. കേരളത്തിന്റെ ശുദ്ധജലപ്രശ്‌നം, മാലിന്യം, കൃഷി, ഉള്‍നാടന്‍ ജലഗതാഗതം, കനാലുകള്‍ വൃത്തിയാക്കല്‍, ഐ. ടി, ബയോടെക്‌നോളജി, സ്മാര്‍ട്ട് സിറ്റി എന്നിവയിലെല്ലാം നെല്‍ര്‍ലാന്റിന് സഹായിക്കാനാവും. ടൂറിസത്തിനൊപ്പം വാണിജ്യ മേഖലയിലും നെതര്‍ലാന്റുമായി പുതിയ ബന്ധം സ്ഥാപിക്കാന്‍ കേരളം ശ്രമിക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.