ചീഫ് ജസ്റ്റിസിനാകാമെങ്കില്‍ നിങ്ങള്‍ക്കുമാകാം

ചീഫ് ജസ്റ്റിസിനാകാമെങ്കില്‍ നിങ്ങള്‍ക്കുമാകാം

Friday January 08, 2016,

1 min Read

ചിലപ്പോഴൊക്കെ നമ്മളങ്ങനെയാണ്. സ്വയം ഒരു കാര്യത്തിന് ഇറങ്ങിത്തിരിക്കില്ല. ആരെങ്കിലും തുടക്കമിടണം. ഇതാ ഇവിടെ രാജ്യത്തിന്റെ പരമോന്നത കോടതിയായ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് തന്നെ ഇക്കാര്യത്തിന് തുടക്കമിട്ടിരിക്കുകയാണ്. നിങ്ങള്‍ക്കും ഈ പാത പിന്തുടരാം. വാഹന നിയന്ത്രണത്തിനും പരിസ്ഥിതി മലിനീകരണം കുറക്കുന്നതിനുമായി ഡല്‍ഹി നിരത്തുകളില്‍ നടപ്പിലാക്കിയ വാഹനങ്ങളിലെ ഒറ്റ ഇരട്ട നമ്പര്‍ സംവിധാനത്തോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ടി എസ് താക്കുര്‍ തന്നെ രംഗത്തെത്തിരിക്കുകയാണ്. ചീഫ് ജസ്റ്റിസ് ഒപ്പം പ്രവര്‍ത്തിക്കുന്ന ജസ്റ്റിസ്‌ എ കെ സിക്രിയുമായി കാര്‍ പൂള്‍ ചെയ്താണ് തലസ്ഥാന നഗരത്തിന്റെ ഓഡ് ഇവന്‍ പദ്ധതിയുമായി കൈകോര്‍ക്കുന്നത്.

image


ഡല്‍ഹി സര്‍ക്കാര്‍ തുടങ്ങിവെച്ച പദ്ധതിയോട് ആദ്യ ദിനം മുതല്‍ തന്നെ ചീഫ് ജസ്റ്റിസ് തന്റെ പിന്തുണ പ്രഖ്യാപിച്ച് രംഗത്തു വന്നു. ചീഫ് ജസ്റ്റിസ് ടി എസ് താക്കുറിന്റെ കാറിന് ഒറ്റ അക്ക നമ്പരും ജസ്റ്റിസ് സിക്രിയുടെ കാറിന് ഇരട്ട അക്ക നമ്പരുമാണുള്ളത്. ഒറ്റ ഇരട്ട ദിവസങ്ങളില്‍ ഇത് പ്രയോജനപ്പെടുത്തി ഇനി ഈ വര്‍ഷം മുഴുവന്‍ കാര്‍ പൂള്‍ ചെയ്ത് ഉപയോഗിക്കാനാണ് ഇവരുടെ തീരുമാനം. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് അടക്കമുളളവര്‍ക്ക് നിയമത്തിന്റെ ഇളവ് നിലനില്‍ക്കെയാണ് സാമൂഹ്യ പ്രതിബന്ധതയുടെ പ്രതീകമായി ചീഫ് ജസ്റ്റിസ് സമൂഹത്തിന് നല്ല മാതൃകയാകുന്നത്. ഇരുവരും താമസിക്കുന്നത് അടുത്തത്തടുത്തായതിനാല്‍ ജനുവരി ഒന്നാം തീയതി ഇരുവരും ചീഫ് ജസ്റ്റിസിന്റെ കാറില്‍ തങ്ങളുടെ തീരുമാനം തുടങ്ങിവെച്ചു. ആവശ്യമെങ്കില്‍ കോടതിയിലേക്ക് ബസില്‍ വരാനും തയ്യാറാണെന്ന് താക്കുര്‍ പറഞ്ഞത് എക്കണോമിക്‌സ് ടൈംസിലും എന്‍ ഡി ടി വിയിലുമെല്ലാം വാര്‍ത്തയായിരുന്നു. സുപ്രീം കോടതി ചീഫ് ജസ്റ്റിസ്‌ കാര്‍ പൂള്‍ ചെയ്യുന്ന വാര്‍ത്ത ഈ പദ്ധതിയോട് മുഖം തിരിച്ചിരുന്ന ജനങ്ങള്‍ക്കും ഒരു പ്രചോദമാകുമെന്ന സന്ദേശമാണ് നല്‍കുന്നത്.