മൂല്യമുയര്‍ന്ന് 'മിന്ത്ര'

0

പ്രമുഖ ഫാഷന്‍ ഉല്‍പ്പന്നങ്ങളുടെ ഓണ്‍ലൈന്‍ വില്‍പ്പനക്കാരായ മിന്ത്ര കഴിഞ്ഞ വ്യാഴാഴ്ച ഒരു പ്രഖ്യാപനം നടത്തി. 2016 ജനുവരിയില്‍ 800 മില്യന്‍ ഡോളര്‍ വാര്‍ഷിക ജിഎംവി നേടിയെന്നായിരുന്നു കമ്പനി പറഞ്ഞത്. ഇതില്‍ നിന്നും 2017 ആകുമ്പോഴേക്കും ഒരു ബില്യന്‍ ഡോളര്‍ ജിഎംവി എന്ന നേട്ടം കമ്പനി കൈവരിക്കുമെന്നും വ്യക്തമായി.

പ്രധാനമായും മൂന്നു വിപണന തന്ത്രങ്ങളാണ് 800 മില്യന്‍ ജിഎംവി എന്ന നേട്ടം കൈവരിക്കാന്‍ കമ്പനിയെ സഹായിച്ചത്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് നിരവധി ബ്രാന്‍ഡ് ഉല്‍പ്പന്നങ്ങള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കാനായി എന്നതാണ്. കഴിഞ്ഞ ഡിസംബറില്‍ 2,000 ബ്രാന്‍ഡ് ഉല്‍പ്പന്നങ്ങള്‍ മിന്ത്രയിലെത്തി. ഇതില്‍ 800 എണ്ണം 2015 ല്‍ എത്തിയവയാണ്.

മികച്ച സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ് കമ്പനിയുടെ ചെലവ് 6 ശതമാനത്തോളം കുറച്ചു. ഇകാര്‍ട്ട്, ഫ്‌ലിപ്കാര്‍ട്ട് തുടങ്ങിയവയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത് ഏറെ പ്രയോജനകരമായി. മികച്ച ടെക്‌നോളജി ഉപയോഗിക്കാനും, ഉല്‍പ്പന്നങ്ങള്‍ക്ക് ഡിസ്‌കൗണ്ട് നല്‍കാനും ശ്രദ്ധിച്ചു. എന്നാല്‍ ഒരു ഉല്‍പ്പന്നത്തിന് വലിയ ഡിസ്‌കൗണ്ടൊന്നും നല്‍കിയതുമില്ല.

പല പുതിയ രീതികള്‍ സ്വീകരിക്കുന്നത് ബിസിനസിന്റെ വളര്‍ച്ചയ്ക്ക് സഹായകമാകുമെന്ന് മനസ്സിലായി. അതിനാലാണ് ഉല്‍പ്പന്നങ്ങള്‍ക്ക് ഡിസ്‌കൗണ്ട് ഏര്‍പ്പെടുത്തിയത്. ഉപഭോക്താക്കള്‍ക്ക് ഉല്‍പ്പന്നങ്ങളുടെ ശരിക്കുള്ള വിലയും കാണാനുള്ള അവസരം നല്‍കി. അവരുടെ വിശ്വാസ്യത നേടാന്‍ ഇതേറെ സഹായിച്ചുവെന്നും മിന്ത്രയുടെ സിഇഒ അനന്ത നാരായണന്‍ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം പകുതിയില്‍ ഉള്‍പ്പന്നങ്ങള്‍ക്ക് ആറുശതമാനം ഡിസ്‌കൗണ്ട് നല്‍കി. 2015 മെയില്‍ മിന്ത്ര പൂര്‍ണമായും മൊബൈല്‍ ആപ്പിലേക്ക് മാറി. ഇതോടെ വെബ്‌സൈറ്റ് രീതിയില്‍ നിന്നും മൊബൈലിലേക്ക് പൂര്‍ണമായും മാറുന്ന ആദ്യ ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റായി മിന്ത്ര. മാത്രമല്ല അനന്ത നാരായണന്‍ മിന്ത്രയുടെ പുതിയ സിഇഒ ആയി കടന്നുവരികയും ചെയ്തു.

മിന്ത്രയുടെ വളര്‍ച്ച

1. 800 മില്യന്‍ വാര്‍ഷിക ജിഎംവി നേടി. ഓരോ വര്‍ഷം കഴിയുന്തോറും 70 ശതമാനം വളര്‍ച്ച കമ്പനിക്ക് ഉണ്ടാകുന്നു

2. 55 ശതമാനം വരുമാനവും നഗരങ്ങളില്‍ നിന്നാണ്. കമ്പനിയുടെ മൊത്തവരുമാനത്തിന്റെ 60 ശതമാനവും ഈ നഗരങ്ങളില്‍ നിന്നാണ്.

3. ഇതുവരെ 11 സ്വകാര്യ കമ്പനികള്‍ മിത്രയ്‌ക്കൊപ്പമുണ്ട്. 20 ശതമാനം വരുമാനം ഇവയില്‍ നിന്നും ലഭിക്കുന്നു. 30 ലധികം ആഗോള ബ്രാന്‍ഡ് കമ്പനികളുടെ ഉല്‍പ്പന്നങ്ങള്‍ മിന്ത്രയിലൂടെ വിറ്റഴിക്കുന്നു. ഇതു 5 ശതമാനം വരുമാനം നല്‍കുന്നു.

4. സ്വകാര്യ കമ്പനിയായ റോഡ്സ്റ്ററിന്റെ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതിലൂടെ 201516 ല്‍ 400 കോടി രൂപയുടെ വരുമാനം ഉണ്ടായി. 2016 അവസാനത്തോടെ 650 കോടി വരുമാനമുണ്ടാകുമെന്നാണ് കരുതുന്നത്.

5. പ്രതിമാസം 8 മില്യന്‍ ആളുകള്‍ മിന്ത്രയുടെ മൊബൈല്‍ ആപ്ലിക്കേഷനിലൂടെ ഷോപ്പിങ് നടത്തുന്നതായി കമ്പനി അവകാശപ്പെടുന്നു.

മിന്ത്രയുടെ പ്രധാന എതിരാളികളായ ജാബോങിന്റെ പ്രകടനം അത്ര മികച്ചതായിരുന്നില്ല. ഇതു മിന്ത്രയ്ക്ക് ഗുണകരമായി. എന്നാല്‍ സ്‌നാപ്ഡീല്‍ ഫാഷന്‍ ഉല്‍പ്പന്നങ്ങളുടെ വില്‍പനയ്ക്കായി പല പുതിയ പദ്ധതികളും തയാറാക്കുന്നുണ്ട്. ആമസോണും ഡിസ്‌കൗണ്ടുകള്‍ ഏര്‍പ്പെടുത്തി ഉല്‍പ്പന്നങ്ങളുടെ വില്‍പന കൂട്ടാന്‍ ശ്രമിക്കുന്നുണ്ട്. ഇവയൊക്കെ കടത്തിവെട്ടി മിന്ത്രയുടെ ആപ്പിലൂടെ മാത്രമുള്ള ബിസിനസ് വിജയം നേടുമോയെന്നു 2017 എത്തുമ്പോഴേക്കും മനസ്സിലാകും