നിയമരംഗത്തെ പതിവുകളെ മാറ്റിമറിച്ച സിയ മോഡി

നിയമരംഗത്തെ പതിവുകളെ മാറ്റിമറിച്ച സിയ മോഡി

Saturday November 14, 2015,

4 min Read

സിയ മോഡി രാജ്യത്തെ വ്യവസായ നിയമ- വ്യവഹാര മേഖലയിലെ അമരക്കാരിയാണെന്ന കാര്യത്തില്‍ രണ്ടഭിപ്രായമില്ല. അവരുടെ എ.ഇസഡ്.ബി ആന്റ് പാര്‍ട്‌ണേര്‍സ് ഈ രംഗത്തെ മികച്ച സ്ഥാപനമായി തന്നെ വിലയിരുത്തപ്പെടുന്നു. തന്റെ ചെറുപ്പകാലത്ത് വീട്ടിലെ ഊണുമുറിയില്‍പോലും ചര്‍ച്ച ചെയ്തിരുന്നത് നിയമങ്ങളെപ്പറ്റിയാണെന്ന് പ്രശസ്ത നിയമവിദഗ്ധനും മുന്‍ അറ്റോര്‍ണി ജനറലുമായ സോളി സൊറാബ്ജിയുടെ മകള്‍ കൂടിയായ സിയ മോഡി പറയുന്നു. നിയമപരിജ്ഞാനം നേടി ഈ മേഖലയില്‍ തന്റെ വ്യക്തിമുദ്ര പതിപ്പിക്കണമെന്ന ആഗ്രഹം കുട്ടിക്കാലത്തേ മനസിലുണ്ടായിരുന്നു. അച്ഛന്‍ തന്നെയാണ് സിയക്ക് പ്രചോദനവും വഴികാട്ടിയും.

image


ജോലിയോടുള്ള സിയയുടെ ആത്മാര്‍ത്ഥതയും ധാര്‍മികതയും അവരുടെ സൂക്ഷ്മതയും എത്രയാണെന്ന് സാക്ഷ്യപ്പെടുത്തുന്നത് സിയയുടെ സഹപ്രവര്‍ത്തകരും കക്ഷികളുമാണ്. തന്റെ വാദങ്ങള്‍ മികച്ചതാക്കാന്‍ കേസുകള്‍ വളരെ സൂക്ഷ്മമായി പഠിക്കും. ദിവസത്തിന്റെ ഏറിയ പങ്കും അതിനായിമാറ്റിവെക്കും. സിയയുടെ ഔദ്യോഗിക വഴികള്‍ അത്ര ലളിതമായിരുന്നില്ല. രണ്ട് ദശാബ്ദകാലത്തെ സിയയുടെ കഠിനാധ്വാനത്തിന്റെയും അര്‍പ്പണ മനോഭാവത്തിന്റെയും ഫലമായാണ് ഇന്ത്യയിലെ മികച്ച അഭിഭാഷകരുടെ പട്ടികയില്‍ ഇടംനേടാന്‍ അവര്‍ക്ക് കഴിഞ്ഞത്.

മുംബൈയില്‍ തന്റെ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ സമയത്തുതന്നെ നിയമബിരുദം നേടണമെന്ന ആഗ്രഹം സിയയുടെ മനസിലുണ്ടായിരുന്നു. കുട്ടിക്കാലത്തെപ്പറ്റി ഓര്‍ക്കുമ്പോള്‍ സിയ പറയുന്നത്- വീട്ടില്‍ എപ്പോഴും സംസാരവിഷയം നിയമവും നിയമത്തിന്റെ വിവിധ വശങ്ങളുമായിരുന്നു. ഇതാണ് എന്നെ ഈ മേഖലയിലേക്ക് ആകര്‍ഷിച്ചത്. അച്ഛന്‍ ജീവിതം ഈ രംഗത്ത് തന്നെ അര്‍പ്പിച്ച വ്യക്തിയാണ്. നിയമങ്ങളോടുള്ള എന്റെ താല്‍പര്യം കുട്ടിക്കാലത്തേ തുടങ്ങിയതാണ്.

1975ല്‍ കേംബ്രിഡ്ജ് സര്‍വകലാശാലയില്‍ നിന്നും നിയമപഠനത്തിനായി പോയി. തുടര്‍ന്ന് ഹര്‍വാര്‍ഡ് ലോ സ്‌കൂളില്‍ നിന്നും ബിരുദാനന്ദര ബിരുദവും നേടി. ആ കാലഘട്ടത്തില്‍ ഹര്‍വാര്‍ഡ് പോലുള്ള ഉന്നത വിദേശസര്‍വകലാാലകളില്‍ പഠിക്കാന്‍ പോകുന്ന പെണ്‍കുട്ടികള്‍ വളരെ കുറവായിരുന്നു, എന്റെ കുടുംബത്തിലെ മുതിര്‍ന്ന കുട്ടി താനാണ്.അമ്മക്ക് താന്‍ വിദേശത്ത് പോയി പഠിക്കുന്നതിനോട് വലിയ താല്‍പര്യമായിരുന്നു. വിദേശപഠനം നേടുന്നതിന് അമ്മയായിരുന്നു പ്രേരണ. അതുകൊണ്ട് തന്നെ ഇക്കാര്യത്തില്‍ യാതൊരു തടസവും എനിക്കുണ്ടായിട്ടില്ല. ഹവാര്‍ഡിലെ പഠനത്തിന് ശേഷം ഇന്ത്യയിലേക്ക് തിരികെ വന്നത് വിവാഹത്തിനായിരുന്നു. അതിനുശേഷം ലോകത്തിലെ തന്നെ മികച്ച കമ്പനികളിലൊന്നായ അമേരിക്കയിലെ ബേക്കര്‍ ആന്‍ഡ് മെക്കന്‍സിയില്‍ ചേര്‍ന്നു. അവിടെ അഞ്ചുവര്‍ഷം ജോലി ചെയ്തു. അവിടെ എനിക്കുവേണ്ട പരിശീലനം നല്‍കിയത് നോര്‍മാന്‍ മില്ലര്‍ ആണ്.

മുംബൈയില്‍ തിരികെ വന്നെ തന്റെ കുടുംബത്തോടൊപ്പം താമസിക്കാന്‍ സിയ തീരുമാനിച്ചു. ഞാന്‍ തിരികെയെത്തിയപ്പോള്‍ ഇന്ത്യയില്‍ വലിയ നിയമ രംഗത്ത് വലിയ സ്ഥാപനങ്ങളൊന്നും നിലവിലില്ലായിരുന്നു. ബോംബൈ ഹൈക്കോടതിയില്‍ ഒബേദ് ചിനോയിയുടെ ജൂനിയര്‍ അഭിഭാഷകയായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. ആ ദിനങ്ങള്‍ വളരെ പ്രയാസമേറിയതായിരുന്നു. കോടതിയില്‍ അഭിഭാഷകരമില്ലായിരുന്നു. കക്ഷികള്‍ തങ്ങളുടെ കേസുകള്‍ വനിതാ അഭിഭാഷകര്‍ക്ക് നല്‍കാന്‍ മടിച്ചിരുന്നു. തുടക്കത്തില്‍ ഇത് വളരെ ബുദ്ധിമുട്ടുണ്ടാക്കി. സ്ഥിരോത്സാഹം ഒന്നു മാത്രമാണ് സിയയെ ഇന്നത്തെ പ്രശസ്തിയിലെത്തിച്ചത്. എന്റെ സീനിയേഴ്‌സിനും കക്ഷികള്‍ക്കും എന്നില്‍ അത്ര വിശ്വാസം ഇല്ലായിരുന്നു. മണിക്കൂറുകള്‍ കഠിനാധ്വാനത്തിനായി മാറ്റിവെച്ചാല്‍ അവസരങ്ങളുടെ വാതില്‍ നിങ്ങള്‍ക്ക് മുന്നില്‍ തുറക്കപ്പെടുന്നത് കാണാന്‍ കഴിയും. ജോലിയില്‍ വിജയിക്കുമെന്ന ദൃഢനിശ്ചയം മനസിലുണ്ടായാല്‍ എല്ലാ വെല്ലുവിളികളെയും തരണം ചെയ്യാന്‍ കഴിയും. വിജയത്തിന്റെ രഹസ്യം ഒന്നേയുള്ളൂ. പരിശ്രമിക്കുക, കീഴടങ്ങാതിരിക്കുക.

തുടക്കം മുതല്‍ തന്നെ നന്നായി പരിശ്രമിച്ച് വിജയിക്കണമെന്ന ആഗ്രഹം എനിക്കുണ്ടായിരുന്നു. ആ ആഗ്രഹത്തെ അതിമോഹമെന്ന് വിളിക്കണമെങ്കില്‍ ഞാന്‍ അതാണ്. വിജയത്തിലേക്കുള്ള എന്റെ യാത്ര തുടങ്ങിയത് അച്ഛനില്‍ നിന്നും അമ്മയില്‍ നിന്നും കുടുംബത്തില്‍ നിന്നുമാണ്. അവരുടെ വിശ്വാസത്തില്‍ നിന്നാണ്.

1995ലാണ് എ.ഇസഡ്.ബി പാര്‍ട്‌നേര്‍സ് ആരംഭിച്ചത്. കോര്‍പറേറ്റ് രംഗത്തെ അഭിഭാഷകയാകാന്‍ തീരുമാനിക്കുകയായിരുന്നു. എന്റെ കഴിവ് തെളിയിക്കാനുള്ള നല്ല സമയം അതായിരുന്നു തൊണ്ണൂറുകളുടെ തുടക്കത്തില്‍. ഉദാരവത്കരണത്തിന്റെ ഭാഗമായി ഇന്ത്യയില്‍ അവസരങ്ങള്‍ വളരുകയായിരുന്നു. ധാരാളം വിദേശ കമ്പനികള്‍ ഇന്ത്യയില്‍ തങ്ങളുടെ സ്ഥാപനങ്ങള്‍ തുടങ്ങാന്‍ ആലോചിക്കുന്നുണ്ടായിരുന്നു. ആ സമയത്ത് വിദേശ രാജ്യങ്ങളുടെ ശ്രദ്ധാകേന്ദ്രം ഇന്ത്യയായിരുന്നു. അമേരിക്കയിലെ തന്റെ സുഹൃത്തക്കളും സഹപ്രവര്‍ത്തകരും വഴി ലഭിച്ച അമേരിക്കക്കാരായിരുന്നു സിയയുടെ ആദ്യകക്ഷികളില്‍ പലരും.

വ്യവസായ രംഗത്ത് വിജയിക്കാന്‍ കഠിനാധ്വാനവും സമര്‍പ്പണ മനോഭാവവും അതിയായ ആവേശവും വേണം. ഒരു വ്യവസായി എന്ന നിലയില്‍ തന്റെ ആദ്യകാല അനുഭവങ്ങള്‍ സിയ ഇങ്ങനെ ഓര്‍ത്തെടുക്കുന്നു- എന്തിന് മുല്ല ആന്‍ഡ് മുല്ല പോലുള്ള വലിയ കമ്പനികളെ സമീപിക്കാത്ത കക്ഷികള്‍ സിയ മോഡിയെ സമീപിക്കും? വ്യവസായ നിയമമേഖലയില്‍ വലിയ മാറ്റങ്ങള്‍ ആരംഭിച്ച കാലത്താണ് ഞാന്‍ ഈ സംരംഭം ആരംഭിച്ചത്. ചെറിയ സംരംഭമായിട്ടും കക്ഷികളുടെ വിശ്വാസ്യത നേടാന്‍ നന്നായി പ്രവര്‍ത്തിച്ചു. ഞങ്ങളുടെ പരിശ്രമത്തിന് ഫലം കിട്ടിത്തുടങ്ങി. ജനങ്ങളുടെ ഇടയില്‍ ഞങ്ങളോടുള്ള മതിപ്പ് വളരാന്‍ തുടങ്ങി. കൂടുതല്‍ ജോലികള്‍ ഞങ്ങള്‍ക്ക് ലഭിച്ചുതുടങ്ങി. മുന്നില്‍ നിന്ന് നയിക്കുന്നുവെന്നതാണ് സിയയുടെ പ്രത്യേകത.

തുടക്കത്തില്‍ ഒരു അഭിഭാഷകയെന്ന സിയയുടെ വളര്‍ച്ചയില്‍ അവരുടെ ഉപദേഷ്ടാക്കളായിരുന്ന ഒബേദ് ചിനോയിയുടെയും നോര്‍മാന്‍ മില്ലറുടെയും സ്വാധീനം വലുതാണ്. ഏതു മേഖലയിലും തുടക്കക്കാര്‍ക്ക് ഒരു ഉപദേഷ്ടാവിന്റെ ആവശ്യം എത്ര വലുതാണെന്ന് സിയ മനസിലാക്കുന്നു. അതുകൊണ്ടുതന്നെ ഈ മേഖലയിലെ തുടക്കക്കാര്‍ക്ക് വേണ്ട ഉപദേശങ്ങള്‍ നല്‍കി സഹായിക്കാനുള്ള സമയവും സിയ കണ്ടെത്താറുണ്ട്. ഒരു അഭിഭാഷകന്‍ വസ്തുതകളെ ഏതുരീതിയില്‍ സമീപിക്കണം. ലഭിക്കുന്ന ഉപദേശങ്ങള്‍ അതിന്റെ തീവ്രതയില്‍ പ്രാവര്‍ത്തികമാകണം എന്നൊക്കെ മനസിലാക്കിത്തന്നത് ഗുരുക്കന്മാരാണ്. അവര്‍ നല്‍കിയ പരിശീലനം സമ്പൂര്‍ണമാണ്.

സിയ തന്റെ ജൂനിയേഴ്‌സിന് നല്‍കുന്ന ആദ്യത്തെ ഉപദേശം ഈ രംഗത്തെ കഠിനാധ്വാനത്തിന്റെ പ്രാധാന്യമാണ്. ഏതു വിജയത്തിന്റെയും അടിത്തറ കഠിനാധ്വാനമാണ്. ഒരു ജോലി ചെയ്യാന്‍ ആരംഭിക്കുമ്പോള്‍ അത് മെച്ചപ്പെടുത്താന്‍ കൂടുതല്‍ സമയം മാറ്റിവെക്കാനുള്ള മനസുണ്ടാകണം. ഇതിനൊക്കെ അപ്പുറം എന്താണ് ഈ തൊഴിലിന്റെ മഹത്വമെന്ന് എപ്പോഴും മനസിലുണ്ടാകണം. ശരിയുടെ ഭാഗത്ത് നിലകൊള്ളണം. പക്ഷെ അതെപ്പോഴും പ്രാവര്‍ത്തികമല്ല.

തന്റെ വിജയത്തില്‍ ഭര്‍ത്താവിനും കുടുംബത്തിനുമുള്ള പങ്ക് വളരെ വലുതാണെന്ന് സിയ പറയുന്നു. മുമ്പ് സ്ത്രീകള്‍ക്ക് തൊഴില്‍ രംഗത്ത് ശോഭിക്കാന്‍ പ്രയാസമായിരുന്നു. എന്നാല്‍ ഇന്ന് കാര്യങ്ങള്‍ മാറിക്കൊണ്ടിരിക്കുന്നു. നമുക്ക് കിട്ടുന്ന ബാഹ്യപിന്തുണ, കഴിവുള്ള സഹപ്രവര്‍ത്തകര്‍, കാര്യങ്ങള്‍ മനസിലാക്കുന്ന ഭര്‍ത്താവ്, ഇവയെല്ലാം ഒരു സ്ത്രീക്ക് ഇത്തരം മേഖലകളില്‍ വിജയം നല്‍കുന്നതില്‍ പ്രധാന ഘടകങ്ങളാണ്. നിങ്ങളുടെ തൊഴിലില്‍ ഉറച്ചുനില്‍ക്കുക. ചില കാര്യങ്ങള്‍ തികച്ചും പ്രയാസമേറിയതായിരിക്കും. സംഘടനകളിലെല്ലാം മാറ്റം വരുത്തേണ്ടത് സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഒരുപോലെ ആവശ്യമാണ്. സ്ത്രീകളെ ഒരിക്കലും രണ്ടാംതരം പൗരന്മാരായി കാണരുത്. ജോലിയോടൊപ്പം അവര്‍ക്ക് മറ്റ് ഉത്തരവാദിത്വങ്ങളുമുണ്ട്. നിയമമേഖലകളില്‍ പേരെടുത്ത സ്ത്രീകളുടെ എണ്ണം നന്നേ കുറവാണ്. എങ്കിലും മേല്‍ത്തട്ടിലേക്ക് അവര്‍ ഉയര്‍ന്നുവരും.

മക്കള്‍ ചെറുതായിരുന്നപ്പോള്‍ അവരോടൊപ്പം അവരോടൊപ്പം അധികം സമയം ചെലവഴിക്കാന്‍ കഴിഞ്ഞിരുന്നില്ല. ആ സമയത്തെല്ലാം ഭര്‍ത്താവിന്റെ പിന്തുണ വളരെ സഹായകമായി. ഇന്നെനിക്ക് സമയമുണ്ട്. പക്ഷെ അവര്‍ തിരക്കിലാണ്. മൂത്തമകന്‍ മുംബൈയില്‍ ജോസ്‌മോ എന്ന പേരില്‍ സ്വന്തമായി ഫര്‍ണിച്ചര്‍ ഡിസൈന്‍ സ്റ്റോര്‍ നടത്തുന്നു. രണ്ടാമത്തെ മകള്‍ നിയമവിദ്യാര്‍ത്ഥിയാണ്. മൂന്നാമത്തെ മകള്‍ വന്യജീവി സംരക്ഷണ ട്രസ്റ്റില്‍ ജോലി ചെയ്യുന്നു.

നിയമരംഗത്ത് ഒരു വനിത എന്ന നിലയില്‍ നിലിവിലുണ്ടായിരുന്ന പതിവ് രീതികള്‍ക്ക് മാറ്റം വരുത്താന്‍ കഴിഞ്ഞുവെന്ന് വിശ്വസിക്കുന്നു. 12 അംഗ നിയമസ്ഥാപനത്തില്‍ നിന്ന് 250 അംഗ സ്ഥാപനമായി വളരാന്‍ സാധ്യമാണ്. ശരിയായ പങ്കാളികള്‍ നിങ്ങളോടൊപ്പമുണ്ടെങ്കില്‍, മികച്ച ടീം കൂട്ടിനുണ്ടെങ്കില്‍, ഉപഭോക്താക്കള്‍ക്ക് മികച്ച സേവനങ്ങള്‍ എപ്പോഴുംനല്‍കാന്‍ കഴിയുന്നുണ്ടെങ്കില്‍ നല്ലകാര്യങ്ങള്‍ സംഭവിക്കുമെന്ന് താന്‍ വിശ്വസിക്കുന്നു. അതിലേക്കുള്ള യാത്ര കഠിനം തന്നെയാകും. പലതവണ നിങ്ങള്‍ക്ക് വീഴ്ച സംഭവിക്കാനും സാധ്യതയുണ്ട്. കൂടുതല്‍ ക്ഷീണിതരായേക്കാം. എല്ലാം കൈകളില്‍ ഒതുക്കാന്‍ പ്രയാസപ്പെടുന്നതുപോലെ തോന്നും. ഇത്തരം ദുര്‍ഘട നിമിഷങ്ങളില്‍ ഒരു ദീര്‍ഘനിശ്വാസമെടുത്ത് മുന്നോട്ടുപോവുക എന്നതാണ് എന്റെ മന്ത്രം. ഒരിക്കല്‍ സംഭവിച്ച പിഴവുകള്‍ വീണ്ടും ആവര്‍ത്തിക്കില്ലെന്ന് മനസില്‍ ഉരുവിടണം. ചിലപ്പോള്‍ നിങ്ങള്‍ക്ക് എല്ലാം ഉപേക്ഷിക്കണമെന്ന് തോന്നിയേക്കാം. പക്ഷ, നീണ്ടൊരു ശ്വാസമെടുത്ത് ആഴ്ച അവസാനത്തെ അവധിയുമെടുക്കുക. കാര്യങ്ങളെല്ലാം നന്നായി പോകും. ജോലിയില്‍ ആനന്ദം കണ്ടെത്തുക, ജോലിയില്‍ ആത്മസമര്‍പ്പണം നടത്തുക- 30 വര്‍ഷം മുമ്പ് ശീലിച്ച ഇതേ കാര്യങ്ങള്‍ തന്നെയാണ് സിയയെ ഇപ്പോഴും മുന്നോട്ട് നയിക്കാന്‍ സഹായിക്കുന്നത്.