ക്യാന്‍സറിനോട് പൊരുതി ജൈവകൃഷിയില്‍ മികവ് തെളിയിച്ച് ഷൈല ബഷീര്‍

ക്യാന്‍സറിനോട് പൊരുതി ജൈവകൃഷിയില്‍ മികവ് തെളിയിച്ച് ഷൈല ബഷീര്‍

Monday August 22, 2016,

2 min Read

ക്യാന്‍സറിനോട് പൊരുതി ജൈവകൃഷിയില്‍ വിജയം കൊയ്ത ഷൈല ബഷീറിന് സംസ്ഥാന സര്‍ക്കാറിന്റെ കര്‍ഷക തിലകം അവാര്‍ഡ്. കഠിനാധ്വാനം കൊണ്ട് ക്യാന്‍സര്‍ രോഗത്തെപോലും അതിജീവിച്ച് സമ്മിശ്ര ജൈവകൃഷിയില്‍ പൊന്ന് വിളയിച്ച ഷൈലയുടെ പരിശ്രമങ്ങക്ക് കിട്ടിയ അംഗീകാരമാണ് ഈ അവാര്‍ഡ്. 

 നാവായിക്കുളം കുടവൂര്‍ കരവായിക്കോണം ബി എസ് കോട്ടേജില്‍ ഷൈല ബഷീര്‍ അഞ്ച് വര്‍ഷം മുമ്പാണ് കൃഷിയില്‍ സജീവമാകുന്നത്. വീടിനോട് ചേര്‍ന്ന് മൂന്നേക്കറോളം വരുന്ന തരിശു ഭൂമിയില്‍ പല തരത്തിലുള്ള പച്ചക്കറികള്‍ നട്ട് പരിപാലിച്ചപ്പോള്‍ നല്ല വിളവ് കിട്ടിയാതോടെ ജൈവകൃഷി നല്ലൊരുവരുമാന മാര്‍ഗമാണെന്ന് ഷൈല തിരിച്ചറിഞ്ഞു. മാത്രവുമല്ല തന്നെ കാര്‍ന്ന് തിന്നുന്ന അസുഖത്തിന്റെ ശമനത്തിന് താന്‍ വിളയിച്ചെടുക്കുന്ന പച്ചക്കറികള്‍ ഒരു പരിധിവരെ സഹായക മാകുന്നുവെന്ന തിരിച്ചറിവ് മുഴുവന്‍ സമയവും ജൈവകൃഷിയിലേക്ക് തിരിയാന്‍ ഷൈലക്ക് പ്രേരണയായി. ഭര്‍ത്താവ് ബഷീറിന്റെ പൂര്‍ണ പിന്തുണയും ലഭിച്ചതോടെ വ്യത്യസ്തയിനം വാഴകള്‍, ചേന, ചേമ്പ്, കൈതചക്ക, ഇഞ്ചി, മഞ്ഞള്‍, മുന്തിരി, കോവല്‍, കഴുത്തന്‍, മത്തന്‍, കുമ്പളം, തക്കാളി, പച്ചമുളക്, വെണ്ട, താറാവ്, കോഴി, പശു, ആടുകള്‍, മീന്‍, തേനീച്ച, കരനെല്‍തുടങ്ങി എല്ലായിനം കൃഷികളും ഷൈലയുടെ കൈകളിലൊതുങ്ങി. മൂന്നരയേക്കറിനുള്ളിലെ ഒരു കോണില്‍ വിസ്താരമേറിയ പഴയ പാറമടയില്‍ നിന്നും ലഭിക്കുന്ന സമൃദ്ധമായ ജലമാണ് കൃഷിക്കായി ഉപയോഗിക്കുന്നത്. നെല്‍കൃഷിയുടെ നഷ്ടപ്രതാപം വീണ്ടെടുക്കുന്നതിനായി മൂന്ന് ഏക്കറിലെ പാറകള്‍ നിറഞ്ഞ കുന്നിന്‍ ചെരുവുകളില്‍ ഒരുക്കിയ ഇടവിളകളാണ് ഷൈലയെ അവാര്‍ഡിന് അര്‍ഹയാക്കിയത്. അര ഏക്കറോളം സ്ഥലം കരനെല്‍ കൃഷിയിലേക്ക് വ്യാപിച്ചപ്പോള്‍ സമീപവാസികളും ഇത് മാതൃകയാക്കി. മൂന്നര ഏക്കറിലെ മുഴുവന്‍ സമ്മിശ്രകൃഷിയും നോക്കാന്‍ ഒരാളിനെ മാത്രമാണ് പുറത്തുനിന്നു കൂലിക്കെടുത്തിട്ടുള്ളത്. ബാക്കി മിഴുവന്‍ ജോലികള്‍ക്കും ഷൈലയും ബഷീറും മാത്രം. ഓരോ വിളകള്‍ക്കും അനുയോജ്യമായ സ്ഥലങ്ങള്‍ തിരഞ്ഞെടുത്ത് പ്രത്യേകം തയാറാക്കിയ സ്ഥലങ്ങളിലാണ് കൃഷി. പ്രാണികളെ നിയന്ത്രിക്കാന്‍ ഇടക്ക് പൂച്ചെടികള്‍ നട്ടുപിടിപ്പിക്കുന്ന സമ്പ്രദായവും ഇവിടെ നടപ്പാക്കിട്ടുണ്ട്. ജൈവകൃഷി രീതിയായതിനാല്‍ മണ്ണിര കമ്പോസ്റ്റ് യൂണിറ്റും ഇതിനുള്ളില്‍ സജ്ജീകരിച്ചിട്ടുണ്ട്. 

പഞ്ചായത്തിലെ ജൈവ കര്‍ഷക കൂട്ടായ്മയായ ആത്മ യൂനിറ്റിനാവശ്യയമായ ജൈവവളങ്ങളും മറ്റും ഇവിടെ നിന്നാണ് നല്‍കുന്നത്. ക്യാന്‍സര്‍ രോഗത്തിന് ആര്‍ സി സിയില്‍ ചികിത്സയിലിരിക്കുമ്പോള്‍ ഒറ്റക്ക് കാര്‍ ഓടിച്ച് ആശുപത്രിയിലെത്തി കീമോതെറാപ്പി ചെയ്ത് തിരിച്ചുവന്നിരുന്ന വിഷമകരമായ കാലമുണ്ടായിരുന്നു ഷൈലക്ക്. കൃഷിയില്‍ സജീവമായതോടെ അസുഖം കുറയുക മാത്രമല്ല അതിനെക്കുറിച്ച് ആലോചിക്കാനുള്ള സമയം പോലും ലഭിക്കാറില്ലെന്നും പകരം ആത്മസംതൃപ്തിയാണുള്ളതെന്നും ഷൈല പറയുന്നു. മികച്ച കര്ഷചകയുടെ അംഗീകാരവേളയിലും എല്ലാറ്റിനും കൂടെ നിന്നു സഹായിക്കുകയും പുതിയ അറിവുകള്‍ പകര്‍ന്ന് നല്‍കുകയും ചെയ്ത നാവായിക്കുളം കൃഷി ഓഫിസര്‍ ഷിബുകുമാറിന്റെക സഹകരണം ഷൈല മറക്കുന്നില്ല. നാവായിക്കുളം കൃഷിഭവന്റെ മികച്ച കര്‍ഷകക്കുള്ള അവാര്‍ഡും ജില്ലയിലെ ഏറ്റവും നല്ല ജൈവകക്കുള്ള സരോജിനി ദാമോദന്‍ ഫൗണ്ടേഷന്‍ അവാര്‍ഡും കഴിഞ്ഞ വര്‍ഷം ഷൈല നേടിയിരുന്നു.