അംബിക പിള്ള; സൗന്ദ്യര്യത്തിലേക്കുളള വിസ്മയ കരസ്പര്‍ശം

അംബിക പിള്ള; സൗന്ദ്യര്യത്തിലേക്കുളള വിസ്മയ കരസ്പര്‍ശം

Friday June 10, 2016,

4 min Read

ഏതൊരു പെണ്ണും ഒന്നു കൊതിക്കും അംബികാ പിള്ളയുടെ കൈവിരലുകള്‍ കൊണ്ടൊന്നു സുന്ദരിയാകാന്‍. മേക്ക് ഓവറുകളുടെ രാജ്ഞി എന്ന് തന്നെ നമുക്ക് അംബികയെ വിശേഷിപ്പിക്കാം. ഫാഷന്‍ മേക്കോവര്‍ രംഗത്ത് കേരളത്തില്‍ മാത്രമല്ല ഇന്ത്യയിലെ തന്നെ ഒരു വമ്പന്‍ ബ്രാന്‍ഡാണ് അംബികയുടേത്. തന്റെ പേര് തന്നെ ഒരു ബ്രാന്‍ഡായി ഉയര്‍ത്തിക്കൊണ്ടു വരുവാനും അംബികയ്ക്ക് സാധിച്ചു.

ഗോപിനാഥിന്റേയും ശാന്തയുടേയും മകളായി കൊല്ലത്തെ ഒരു സമ്പന്ന കുടുംബത്തിലായിരുന്നു അംബികയുടെ ജനനം. കായല്‍ത്തീരത്തെ ബംഗ്ലാവില്‍ വളരെ സമൃദ്ധമായൊരു കുട്ടിക്കാലമായിരുന്നു അവരുടേത്. 17-ാം വയസ്സില്‍ സുരേന്ദ്രനാഥുമായി വിവാഹിതയാവുകയും കല്‍ക്കട്ടയില്‍ സ്ഥിരതാമസമാക്കുകയും ചെയ്തു. എന്നാല്‍ പ്രതീക്ഷയ്ക്ക് വിപരീതമായി ദാമ്പത്യജീവിതം അത്ര സുഖപ്രദമായിരുന്നില്ല. കവിത എന്ന മകളായിരുന്നു ഏക ആശ്വാസം. അതിനുശേഷം റോക്കിയുമായി വിവാഹിതയായെങ്കിലും അമിതമായ മദ്യപാനവും ചൂതുകളിയും കാരണം ആ ബന്ധവും വേര്‍പിരിഞ്ഞു.പിന്നീട് ജീവിതത്തിലെന്ത് എന്ന ഒരു വലിയ ചോദ്യമായിരുന്നു. പദാന്ധത കാരണം അംബികയ്ക്ക് വിദ്യാഭ്യാസം പൂര്‍ത്തീകരിക്കാനും കഴിഞ്ഞിരുന്നില്ല. അതുകൊണ്ടു തന്നെ ഒരു ജോലി തേടി ഇറങ്ങിയപ്പോള്‍ മുമ്പില്‍ ഒരുപാട് അവസരങ്ങളുമുണ്ടായിരുന്നില്ല.

അച്ഛനോട് വഴക്കിട്ട് ഡല്‍ഹിയിലേക്ക് താമസം മാറുകയും ഹുസൈന്‍ ബ്യൂട്ടി കോഴ്‌സില്‍ പഠനത്തിനായി ചേരുകയും ചെയ്തു. കോഴ്‌സ് കഴിഞ്ഞ നാട്ടില്‍ ചെന്ന് ഒരു സലൂണ്‍ സ്ഥാപിക്കുകയെന്നതായിരുന്നു അംബികയുടെ ആഗ്രഹം. സാധാരണ ചെയ്യുന്ന വാക്‌സിംഗും ത്രെഡിംഗും മാത്രമല്ല തനിക്ക് വേണ്ടതെന്ന് തിരിച്ചറിഞ്ഞ് പിവറ്റ് പോയിന്റ് എന്ന പ്രൊഫഷണല്‍ മേക്കപ്പ് സ്‌കൂളില്‍ ചേര്‍ന്ന് പഠനം ആരംഭിച്ചു. ഹെയര്‍ കട്ടിങ് ആന്റ് സ്റ്റൈലിങ് പഠിക്കുകയും ഉടനെ തന്നെ ഒരു ജോലി ലഭിക്കുകയും ചെയ്തു. എന്നാല്‍ ആദ്യത്തെ ദൗത്യം ഒരു വന്‍ പരാജയം ആയിരുന്നു. അതുകൊണ്ട് തന്നെ ജോലി തുടരാനായില്ല.. തിരിച്ചു പിവറ്റ് പോയിന്റില്‍ പോയി തന്റെ അദ്ധ്യാപികയെ കണ്ടു. അവര്‍ ഉപരിപഠനം ശുപാര്‍ശ ചെയ്തു. അതനുസരിച്ച് ബ്യൂട്ടി കോഴ്‌സില്‍ ഉപരിപഠനം നടത്തുകയും 2000 രൂപ ശമ്പളത്തില്‍ ജോലിക്ക് പ്രവേശിക്കുകയും ചെയ്തു. അവിടെ നിന്നാണ് ഇന്ന് രാജ്യമറിയുന്ന ഹെയര്‍ മേക്കപ്പ് രംഗത്തെ ശക്തമായ സാന്നിധ്യമായി അംബികാ പിള്ള വളരുന്നത്. എന്തൊക്കെ പ്രതിസന്ധി വന്നാലും ഒന്നിലും തളരില്ല എന്ന ദൃഢ നിശ്ചയമാണ് തന്റെ വിജയത്തിന് പിന്നിലെന്ന് അംബികാ പിള്ള പറയുന്നു.

31-ാം വയസ്സില്‍ അദ്ധ്യാപകന്‍ സില്‍വിയുമായി ഒരു സലൂണ്‍ ആരംഭിച്ചു. മൂന്ന് മുറികളുള്ള ഒരു കെട്ടിടം അദ്ദേഹത്തിനുണ്ടായിരുന്നു. അംബിക മുതല്‍മുടക്കിയെങ്കിലും സില്‍വിയുടെ പേരിലായിരുന്നു സലോണ്‍ ആരംഭിച്ചത്. വന്‍വിജയമായിരുന്നു സലോണ്‍. എന്നാല്‍ തന്റെ സംഭാവനക്ക് അര്‍ഹിക്കുന്ന അംഗീകാരം അവര്‍ക്ക് അവിടെ കിട്ടിയിരുന്നില്ല. അതുകൊണ്ട് തന്നെ അവിടെ തുടരാനും അംബികക്ക് കഴിഞ്ഞില്ല. പണവും പെരുമയും ഇല്ലാതെ അവിടെ നിന്ന് അംബിക ഇറങ്ങി. എന്നാലും പ്രതീക്ഷ കൈവിടാന്‍ തയ്യാറായിരുന്നില്ല അവര്‍.

ആ പ്രതീക്ഷയുടെയും ദൃഢനിശ്ചയത്തിന്റേയും ഫലമായി 1994 ല്‍ വിഷന്‍സ് ബൈ അംബിക എന്ന സലൂണ്‍ പിറവിയെടുത്തു. തന്റെ ഏറെ കാലത്തെ സ്വപ്നങ്ങളും ആശകളും കൂട്ടിവച്ച ഒരു ഷോപ്പായിരുന്നു അത്. താന്‍ തളര്‍ന്നിരുന്ന സമയത്ത് തനിക്ക് ആത്മവിശ്വാസവും പ്രചോദനവുമായി തന്റെ സുഹൃത്ത് ജോയ് കൂടെ നിന്നു. ബോളിവുഡ് താരം സുസ്മിതസെന്‍ ആയിരുന്നു ഉദ്ഘാടനം നിര്‍വ്വഹിച്ചത്. ആദ്യകാലങ്ങളില്‍ കുറച്ച് ബുദ്ധിമുട്ടുകള്‍ വിഷന്‍സ് ബൈ അംബികയ്ക്ക് നേരിടേണ്ടി വന്നു. ഏകദേശം 6 മാസകാലം വേണ്ടി വന്നു സലോണ്‍ ഒന്നു പച്ചപിടിക്കാന്‍. തുടക്ക കാലത്ത് ഏഴ് സ്റ്റാഫുകളായിരുന്നു ഉണ്ടായിരുന്നത്. ആഴ്ചയില്‍ ഒരു ഹെയര്‍കട്ടിങില്‍ തുടങ്ങി ദിവസത്തില്‍ 36-ഓളം ഹെയര്‍കട്ട് എന്ന നിലയില്‍ വിഷന്‍സ് ബൈ അംബിക ഉയര്‍ന്നു. വിവാഹസീസണുകളില്‍ അത് 200, 400 കസ്റ്റമറായി ഉയര്‍ന്നു. ഇന്ന് അംബികയുടെ സ്ഥാപനത്തില്‍ ഹെയര്‍കട്ടിന് 3 മാസം മുമ്പ് ബുക്ക് ചെയ്യേണ്ട നിലയാണ്. കഠിനാധ്വാനവും മനസിലെ ദൃഢനിശ്ചയവുമാണ് അംബികയുടെ ഉയര്‍ച്ചയ്ക്ക് കാരണം.

നിതാന്ത പരിശ്രമം കൊണ്ട് അപ്പോഴേക്കും അംബിക എന്ന ബ്രാന്‍ഡ് ഒരു വടവൃക്ഷമായി വളര്‍ന്നു കഴിഞ്ഞിരുന്നു. സില്‍വിയുടെ കൂടെ ഫാഷന്‍ഷോ നടത്തിയിരുന്നപ്പോള്‍ ഹര്‍ഷാരവം അദ്ദേഹത്തിനായിരുന്നുവെങ്കില്‍ അംബിക ലൈംലൈറ്റില്‍ വന്നതോടെ ഈ പുതിയ കുട്ടി ആരെന്നറിയാന്‍ എല്ലാപേര്‍ക്കും ഉത്സാഹമായിരുന്നു. ശരിക്കും ഹെയര്‍കട്ടിങ് സലൂണിന്റെ ഗ്രാഫ് ഉയര്‍ന്ന് നിന്നപ്പോഴായിരുന്നു അംബികയുടെ തള്ളവിരലിന് ഒരു പ്രശ്‌നം പറ്റിയത്. എന്നാല്‍ എല്ലാം നല്ലതിനാണെന്ന വിശ്വാസക്കാരിയായിരുന്നു അവര്‍. ആ പ്രശ്‌നത്തെ തന്റെ മറ്റൊരു നേട്ടമായി അവര്‍ കണക്ക് കൂട്ടി. മേക്കപ്പിന്റെ വിസ്മയ ലോകത്തേക്കുള്ള കാല്‍വയ്പ്പിന് തുടക്കം കുറിച്ചത് ആ സംഭവമായിരുന്നു.

ലക്ഷ്യബോധവും ആത്മവിശ്വാസവും ഉണ്ടെങ്കില്‍ ഏത് പ്രതിസന്ധിയേയും തരണം ചെയ്യാം എന്നതിന് ഉത്തമ ഉദാഹരണമാണ് അംബികപിള്ള. അനവധി ബോളിവുഡ് മോളിവുഡ് താരങ്ങളെ ചായങ്ങള്‍ അണിയിച്ച് മിനുക്കിയെടുക്കുന്നത് അംബികയുടെ കരങ്ങളാണ്. മേക്കപ്പ് രംഗത്തേക്കുള്ള വരവ് തികച്ചും അപ്രതീക്ഷിതമായിരുന്നുവെങ്കിലും ആ കഴിവ് അവര്‍ക്ക് ശരിക്കും ഉപയോഗിക്കാന്‍ കഴിഞ്ഞു. അതിനുള്ള അവസരം ഒരുക്കിയത് ഹേമന്ത് ത്രിവേദിയായിരുന്നു. പിന്നീട് അംബികയ്ക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. മേക്കപ്പിന്റെ മായിക ലോകത്തെ വിസ്മയമായി അവര്‍.

ജീവിതത്തില്‍ ചെറിയ വിഷമങ്ങള്‍ വരുമ്പോള്‍ ദുഃഖിച്ച് മനസ്സ് മടുപ്പിക്കുന്നവര്‍ ഒന്ന് അംബികയെ നോക്കൂ. ചിരിച്ചുകൊണ്ട് പ്രതിസന്ധികളെ സധൈര്യം നേരിട്ട് കൊടുമുടികള്‍ കീഴടക്കാം എന്ന് അംബിക നമുക്ക് കാണിച്ചു തരുന്നു. പ്രതിസന്ധികളോട് തിരിഞ്ഞോടുന്ന ഏതൊരു പെണ്ണിനും അംബിക പിള്ളയെ മാതൃകയാക്കാം. ഒരു കൊച്ചു ഗ്യാരേജില്‍ നിന്ന് തുടങ്ങിയ അംബികക്ക് ഇന്ന്‌ ഇന്ത്യയിലുടനീളം സലോണിന്റെ നിരവധി ബ്രാഞ്ചുകള്‍ ഉണ്ട്. ഉത്തരേന്ത്യയില്‍  സജീവ സാന്നിധ്യമാകാന്‍ കഴിഞ്ഞിരുന്നുവെങ്കിലും തന്റെ ജന്‍മ നാട്ടില്‍ തന്നെ തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ലല്ലോ എന്ന സങ്കടം അവരെ അലട്ടിയിരുന്നു. എന്നാല്‍ അതിനു പരിഹാരം കണ്ടു കൊണ്ട് കേരളത്തില്‍ രണ്ട് തിരക്കേറിയ സലോണ്‍ ഇന്ന് അംബികയുടേതാണ്.

മിടുക്കി എന്ന മഴവില്‍മനോരമയുടെ ഷോയില്‍ ജഡ്ജായപ്പോള്‍ കേരളത്തിലെ മുഴുവന്‍ പെണ്‍കുട്ടികളും അംബികയുടെ ആരാധികമാരായി. അംബികയുടെ കൈ കൊണ്ട് ഒന്നു സുന്ദരിയാവുക എന്നത് മലയാളി പെണ്‍കുട്ടികളുടെ സ്വപ്നമാകുന്നത് അങ്ങനെയാണ്. നിഷ്‌കളങ്കമായ ചിരികൊണ്ടും തന്റെ സ്വര്‍ണ്ണസ്പര്‍ശം കൊണ്ടും കേരളക്കരയെ കൈയില്‍ എടുക്കാന്‍ കഴിഞ്ഞു അംബിക എന്ന മിടുക്കിക്ക്. തിരുവനന്തപുരത്തും കൊച്ചിയിലും അംബിക പിള്ളയുടെ സലോണ്‍ ഒരു വിജയമാക്കാന്‍ മിടുക്കിയിലെ സാന്നിദ്ധ്യം ഒരു പ്രധാന പങ്ക് വഹിച്ചു. ഓരോ മത്സരാര്‍ത്ഥികള്‍ക്കും ഉണ്ടായ മേക്ക് ഓവര്‍ അംബികയുടെ കരവിരുത് വിളിച്ചോതുന്നതായിരുന്നു. ഒരു സുന്ദരിയെ മോടിപിടിപ്പിക്കുന്നതിനെക്കാള്‍ ഒരു സാധാരണക്കാരിയില്‍ വിസ്മയം തീര്‍ക്കാനാണ്‌ താന്‍ ഏറെ ആഗ്രഹിക്കുന്നതെന്ന് അംബിക പറയുന്നു.

  വിരല്‍തുമ്പ്‌ കൊണ്ട് വിസ്മയം തീര്‍ക്കുന്ന അംബിക തന്റെ ഫാഷന്‍ ടിപ്‌സ് മറച്ചു വയ്ക്കുന്നുമില്ല.സെമിനാറുകളിലൂടെ സൗന്ദര്യ ബോധവല്‍ക്കരണവും മേക്കപ്പില്‍ സംഭവിക്കാവുന്ന തെറ്റുകളെക്കുറിച്ചും അംബിക യുവതലമുറയ്ക്ക് തന്റെ അറിവ് പകര്‍ന്നു നല്‍കുന്നു. സ്വന്തമായി മേക്കപ്പ് ചെയ്യാനുള്ള ടിപ്‌സും പറഞ്ഞു തരാന്‍ മടിക്കുന്നില്ല അവര്‍.

അംബികയെ തേടിയെത്തിയ അവാര്‍ഡുകള്‍ നിരവധിയാണ്. വോഗ് ബെസ്റ്റ് മേക്കപ്പ് അവാര്‍ഡ്, കോസ്‌മോ പൊളിറ്റന്‍ ഫണ്‍ ഫിയര്‍ലസ് അവാര്‍ഡ്, ഭാരത് നിര്‍മ്മാണ്‍ സൂപ്പര്‍ അച്ചീവേഴ്‌സ്‌ അവാര്‍ഡ് സി ഐഡിയ ഫാഷന്‍ അവാര്‍ഡ് എന്നിവ അതില്‍ ചിലതാണ്. തന്റെ മൂന്ന് സഹോദരിമാരെയും ഫാഷന്റെ ലോകത്തേക്ക് അംബിക കൈപിടിച്ച് കൊണ്ടുവന്നു. ഇന്ന് മുന്‍നിര ബ്യൂട്ടി ആര്‍ട്ടിസ്റ്റുകളില്‍ ഇവരും ഭാഗമാണ്. നിരവധി സിനിമകള്‍ ചെയ്തിട്ടുമുണ്ടിവര്‍.തന്റെ സലോണില്‍ നില്‍ക്കുന്ന എല്ലാ ട്രെയിനികളെയും നന്നായി ട്രെയിന്‍ ചെയ്ത് മികവുറ്റവരാക്കാന്‍ അംബികയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ഇന്ത്യയില്‍ മാത്രമല്ല തന്റെ കരവിരുത് അവര്‍ പ്രദര്‍ശിപ്പിക്കുന്നത്. സൗദി രാജാവിന്റെ കൊച്ചുമകളെ വിവാഹത്തിന് അണിയിച്ചൊരുക്കിയതും അംബികാ പിള്ളയാണ്‌. രാജകുടുംബത്തിലെ മേക്കപ്പ് ആര്‍ട്ടിസ്റ്റെന്ന പദവി കൂടി ഇന്ന് അംബികക്ക് സ്വന്തമാണ്.

എന്നും അംബിക ഒരു പോരാളിയായിരുന്നു. ജീവിതത്തില്‍ സംഭവിച്ചതോര്‍ത്ത് ദുഃഖിച്ചിരിക്കാതെ തന്നെ കൊണ്ട് കഴിയുമെന്നും താന്‍ തിരഞ്ഞെടുത്ത മേഖലയില്‍ തന്റേതായ ഒരു കൈയ്യൊപ്പ് ചാര്‍ത്താന്‍ കഴിയുമെന്നും അവര്‍ സ്വജീവിതത്തിലൂടെ തെളിയിച്ചു. ഒന്നുമില്ലായ്മയില്‍ നിന്ന് ഇന്ന് ബോളിവുഡിലെ തിരക്കേറിയ മേക്കപ്പ് ആര്‍ട്ടിസ്റ്റ് ആയി മാറിയതിന് പിന്നിലെ രഹസ്യവും അതു തന്നെ. അണിഞ്ഞൊരുങ്ങി നടക്കാന്‍ ആഗ്രഹിക്കാത്ത പെണ്‍കുട്ടികള്‍ അപൂര്‍വ്വം. അണിഞ്ഞൊരുങ്ങാന്‍ നിങ്ങള്‍ റെഡിയാണെങ്കില്‍ അണിയിച്ചൊരുക്കാന്‍ അംബികപിള്ള ഒപ്പമുണ്ട്.

കടപ്പാട്: ധന്യാ ശേഖര്‍