ചൈനയില്‍ ചുവടുറപ്പിച്ച് ദൈവത്തിന്റെ സ്വന്തം നാട്

0

ചൈനയില്‍ കാലുറപ്പിക്കുന്നതിന്റെ ഭാഗമായി സ്വന്തം നേട്ടങ്ങളും മെച്ചങ്ങളും എണ്ണിപ്പറഞ്ഞ് ദൈവത്തിന്റെ സ്വന്തം നാട്. ലോകത്തിലെത്തന്നെ പ്രമുഖ ട്രാവല്‍, ട്രെയ്ഡ് ഫെയറുകളിലൊന്നായ ബെയ്ജിംഗ് അന്താരാഷ്ട്ര ടൂറിസം എക്‌സ്‌പോ (ബൈറ്റ്) 2016ല്‍ ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ചാണ് ചൈനയിലേക്ക് കേരളം കാല്‍വെക്കുന്നത്.

ലോകത്തിലെ ഏറ്റവും വലിയ ടൂറിസം വിപണിയായ ചൈനയില്‍ മെയ് 20 മുതല്‍ 22വരെ നടന്ന മേളയില്‍ ഇത് രണ്ടാം തവണയാണ് കേരളം പങ്കെടുക്കുന്നത്. 12 കോടി ചൈനീസ് വിനോദ സഞ്ചാരികളാണ് 2015ല്‍ വിവിധ ലോകരാജ്യങ്ങളിലെത്തിയത്. 2014ലെ നിരക്കില്‍നിന്ന് 12 ശതമാനത്തിന്റെ വര്‍ദ്ധനവാണിത്. ഈ സഞ്ചാരികളിലധികവും ഏഷ്യയിലെ ലക്ഷ്യസ്ഥാനങ്ങള്‍ തെരഞ്ഞെടുക്കുന്നതുകൊണ്ട്, ചൈനയില്‍നിന്നുള്ള സന്ദര്‍ശകരുടെ എണ്ണത്തില്‍ വന്‍വര്‍ദ്ധനവിന് കേരളം സാക്ഷ്യം വഹിക്കും.ബൈറ്റ് 2016ല്‍ പങ്കെടുത്ത കേരളത്തിന്റെ ഉന്നതതല പ്രതിനിധിസംഘവും സൂചിപ്പിക്കുന്നത് ഇതുതന്നെയാണ്. കേരള ടൂറിസം ഡയറക്ടര്‍ യു.വി. ജോസ് നയിച്ച സംഘത്തില്‍ സംസ്ഥാനത്തെ പ്രമുഖ ഹോട്ടല്‍ വ്യവസായികള്‍, ആയൂര്‍വേദ റിസോര്‍ട്ട് നടത്തിപ്പുകാര്‍, ടൂര്‍ ഓപ്പറേറ്റര്‍ തുടങ്ങിയവര്‍ ഉള്‍പ്പെട്ടിരുന്നു.

വിനോദ സഞ്ചാരികളുടെ ലക്ഷ്യസ്ഥാനമെന്ന നിലയില്‍ നിലവിലുള്ള ആകര്‍ഷണീയത വര്‍ദ്ധിപ്പിക്കാനാണ് സംസ്ഥാനത്തിന്റെ ശ്രമമെന്ന് ജോസ് അഭിപ്രായപ്പെട്ടു. ആധുനിക യാത്രികര്‍ പൊതുവേയും, ചൈനീസ് യാത്രികര്‍ വിശേഷിച്ചും പുത്തന്‍ ലക്ഷ്യസ്ഥാനങ്ങളും അനുഭവങ്ങളും കണ്ടെത്തുന്നതിനാണ് സദാ ശ്രമിക്കുന്നത്. കേരളത്തിന്റെ വിസ്മയകരമായ സാധ്യതകളെ ഉയര്‍ത്തിക്കാട്ടുക എന്നതാണ് ഇത്തരം മേളകളിലെ പങ്കാളിത്തത്തിലൂടെയും സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിലൂടെയും ഉദ്ദേശിക്കുന്നത്. ചൈനീസ് യാത്രികര്‍ ലൗകിക സ്വഭാവമുള്ളവരും കേരളത്തെക്കുറിച്ച് നല്ല ഗ്രാഹ്യമുള്ളവരും ആയതുകൊണ്ട് ചൈനയ്ക്ക് പ്രമുഖ പരിഗണനയാണ് നല്‍കുന്നതെന്നും ശ്രീ. ജോസ് കൂട്ടിച്ചേര്‍ത്തു.

ആയൂര്‍വേദചികിത്സാരീതികള്‍, ആയോധനകലകള്‍, കായല്‍ സൗന്ദര്യം, വള്ളംകളി എന്നിവയിലൊക്കെ സംസ്ഥാനത്തിന്റെ സമ്പന്നമായ പൈതൃകത്തിന് ഊന്നല്‍നല്‍കിക്കൊണ്ടുള്ളതായിരുന്നു കേരളത്തിന്റെ പവിലിയന്‍. ഈ സന്ദേശത്തിന് ശക്തിപകരുന്നതായിരുന്നു സ്വകാര്യപങ്കാളികള്‍ ഒരുക്കിയ സംവിധാനങ്ങള്‍. ഈസ്റ്റ്എന്‍ഡ് ഹോട്ടല്‍സ് ആന്‍ഡ് റിസോര്‍ട്ട്‌സ്, കൈരളി ആയൂര്‍വേദിക് ഹെല്‍ത്ത് റിസോര്‍ട്ട്, പൂവാര്‍ ഐലന്‍ഡ് റിസോര്‍ട്ട്, സോമതീരം ആയൂര്‍വേദിക് റിസോര്‍ട്ട്, സ്‌പൈസ്‌ലാന്‍ഡ് ഹോളിഡേയ്‌സ് എന്നിവരായിരുന്നു സ്വകാര്യപങ്കാളികള്‍. സമാന പാരമ്പര്യസമ്പത്ത് അവകാശപ്പെടുന്ന ആതിഥേയര്‍ക്കിടയില്‍ കഴിഞ്ഞ വര്‍ഷത്തെപ്പോലെതന്നെ ഇത്തവണയും കേരള പവിലിയന്‍ വന്‍ തരംഗമായി. സന്ദര്‍ശകപ്പെരുമയില്‍ ശ്രദ്ധേയമായ പവിലിയന്‍ ഒട്ടനവധി ടൂര്‍സംബന്ധിയായ അന്വേഷണങ്ങള്‍ക്കും, വിശേഷിച്ച് ആയൂര്‍വേദചികിത്സാരീതികളെ സ്വാഗതം ചെയ്യുന്ന ചൈനീസ് വിപണിയില്‍ ഏറെ സാധ്യതകളുള്ള ഉത്പ്പന്നങ്ങളും തെറാപ്പികളും സുഖചികിത്സാ പാക്കേജുകളുമുള്ള ആയൂര്‍വേദത്തെ സംബന്ധിച്ചുള്ള അന്വേഷണങ്ങള്‍ക്കും സാക്ഷ്യംവഹിച്ചു.

പവിലിയനിലെത്തിയ സന്ദര്‍ശകരില്‍ മിക്കവരും കളരിപ്പയറ്റിനെയും നമ്മുടെ കായലുകളേയും ആയൂര്‍വേദത്തേയുംപ്പറ്റി കേട്ടിട്ടുണ്ടായിരുന്നുവെന്നത് കേരളത്തിന്റെ വിജയകരമായ ബ്രാന്‍ഡിംഗിനെയും വിപണനത്തേയും സൂചിപ്പിക്കുന്നതായി യു.വി. ജോസ് പറഞ്ഞു. നമ്മുടെ ബൗദ്ധിക ആകര്‍ഷണങ്ങളായ കൊച്ചിമുസിരിസ് ബിനാലെ, സിനിമ, സംസ്‌കാരം, നൃത്തമേളകള്‍ എന്നിവയെപ്പറ്റിയും അറിയാന്‍ അവര്‍ താത്പര്യം കാണിച്ചു എന്നത് ചൈനീസ് സഞ്ചാരികളുടെ ലോകാഭിമുഖ്യമാണ് സൂചിപ്പിക്കുന്നതെന്നും ജോസ് പറഞ്ഞു. കേരളത്തിന്റെ സാര്‍വലൗകികതയും പാരമ്പര്യവും വൈവിധ്യവും നാടിന്റെ ചരിത്രത്തിനും പൈതൃകത്തിനുമൊപ്പം അവതരിപ്പിച്ചതിലൂടെ കേരളത്തെപ്പറ്റിയുള്ള കാഴ്ച്ചപ്പാട് തന്നെ ഉടച്ചുവാര്‍ത്തതായും ജോസ് വിലയിരുത്തി.

ബെയ്ജിംഗിലെ ഇന്ത്യന്‍ നയതന്ത്രകാര്യാലയത്തിന്റെ ഫസ്റ്റ് സെക്രട്ടറി ബന്ദാരു വില്‍സന്‍ബാബു കേരള പവിലിയന്‍ സന്ദര്‍ശിക്കുകയും കേരളത്തിന്റെ സാധ്യതകള്‍ ചൈനയില്‍ പ്രചരിപ്പിക്കുന്നതിന് പൂര്‍ണ്ണ പിന്തുണ വാഗ്ദാനം ചെയ്യുകയും ചെയ്തു. ചൈനീസ് വിനോദ സഞ്ചാരികളാണ് ലോകത്തിലെ ഏറ്റവും പണം ചെലവിടുന്ന യാത്രികരായി കണക്കാക്കപ്പെടുന്നത്. ഏകദേശം രണ്ടുലക്ഷം സഞ്ചാരികളാണ് ചൈനയില്‍നിന്ന് 2014ല്‍ ഇന്ത്യയിലെത്തിയത്. ഈ കാലഘട്ടത്തില്‍ കേരളത്തിലേക്കുള്ള ഇവരുടെ എണ്ണത്തിലും വര്‍ദ്ധനവുണ്ടായി.

കഴിഞ്ഞ വര്‍ഷം കൊച്ചിയില്‍ ഇന്ത്യയിലേക്കുള്ള ചൈനീസ് സ്ഥാനപതിയുടെ വരവോടെ ബെയ്ജിംഗ് ആസ്ഥാനമായതും 135 പ്രമുഖ ആഗോള വിനോദസഞ്ചാരനഗരങ്ങള്‍ അംഗങ്ങളായുള്ളതുമായ വേള്‍ഡ് ടൂറിസം സിറ്റീസ് ഫെഡറേഷനില്‍ (ഡബ്ല്യുടിസിഎഫ്) അംഗത്വം ലഭിക്കുന്ന ആദ്യ ഇന്ത്യന്‍ നഗരമായി കൊച്ചി മാറിയിരുന്നു. സംസ്ഥാനത്തിന് ഉടനടിതന്നെ നേട്ടമുണ്ടാക്കുന്ന ബഹുമതിയായാണ് ഇതിനെ കണക്കാക്കുന്നത്. കേരളത്തിലേക്കുള്ള 2015ലെ വിദേശ വിനോദസഞ്ചാരികളുടെ എണ്ണം മുന്‍വര്‍ഷത്തെ 9.2 ലക്ഷത്തില്‍നിന്ന് വര്‍ദ്ധിച്ച് ഏകദേശം 9.8 ലക്ഷമായി. സന്ദര്‍ശകരുടെയും അന്വേഷണങ്ങളുടേയും കേരളത്തോടുള്ള താത്പര്യത്തിന്റേയും വര്‍ദ്ധനവോടെ വിനോദ സഞ്ചാര മേഖലയില്‍ കേരളത്തിന്റെ സ്ഥിതി ചൈനയില്‍ മെച്ചപ്പെടുമെന്നാണ് സൂചന.