'മിന്നല്‍' ബസ് സര്‍വീസുകള്‍ക്ക് തുടക്കമായി

0

ആധുനിക സൗകര്യമുള്ള പുത്തന്‍ ബസുകളുമായി ഒരു വര്‍ഷത്തിനുള്ളില്‍ കെ.എസ്.ആര്‍.ടി.സിയെ നവീകരിക്കുമെന്ന് ഗതാഗതമന്ത്രി തോമസ് ചാണ്ടി അറിയിച്ചു. 850 പുതിയ ബസുകള്‍ ഒരുവര്‍ഷത്തിനുള്ളില്‍ കെ.എസ്.ആര്‍.ടി.സിയില്‍ വാങ്ങാനുള്ള അംഗീകാരമായതായും അദ്ദേഹം അറിയിച്ചു. പുതിയ 'മിന്നല്‍' ബൈപാസ് നൈറ്റ് റൈഡര്‍ ബസുകളുടെ ഉദ്ഘാടനം തമ്പാനൂര്‍ ബസ് സ്‌റ്റേഷനില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

കോര്‍പറേഷനെ ലാഭത്തിലാക്കാനുള്ള പദ്ധതികളുമായാണ് മുന്നോട്ടുപോകുന്നത്. ഇതിനു പര്യാപ്തമായ ടീമാണ് നയിക്കുന്നത്. അമിത വേഗതയിലൂടെയല്ല, സ്‌റ്റോപ്പുകള്‍ കുറച്ച് യാത്രക്കാരെ വേഗത്തില്‍ ലക്ഷ്യസ്ഥാനത്തെത്തിക്കുകയാണ് 'മിന്നല്‍' സര്‍വീസുകളുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുതിയ ബസിന് ഡിസൈന്‍ ഒരുക്കിയ കെ.എസ്.ആര്‍.ടി.സി ജീവനക്കാരന്‍ സിനു ആനന്ദിന് മന്ത്രി ഉപഹാരം സമ്മാനിച്ചു. വി.എസ്. ശിവകുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ഗതാഗത സെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍, കെ.എസ്.ആര്‍.ടി.സി ചെയര്‍മാന്‍ ആന്റ് എം.ഡി എം.ജി രാജമാണിക്യം, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാരായ എം.ടി. സുകുമാരന്‍, കെ.എം. ശ്രീകുമാര്‍, ഷറഫ് മുഹമ്മദ്, ജി. അനില്‍കുമാര്‍, വാര്‍ഡ് കൗണ്‍സിലര്‍ എം.വി. ജയലക്ഷ്മി തുടങ്ങിയവര്‍ സംബന്ധിച്ചു. ദീര്‍ഘദൂര യാത്രക്കാരുടെ സൗകര്യാര്‍ഥമാണ് ചാര്‍ജ് വര്‍ധനയില്ലാതെ സമയക്ലിപ്തത പാലിച്ച് യാത്രക്കാരെ ലക്ഷ്യസ്ഥാനത്തെത്തിക്കാന്‍ 'മിന്നല്‍' സര്‍വീസുകള്‍ ആരംഭിക്കുന്നത്.