പ്രായം 13; കൂട്ടുകാര്‍ക്ക് അധ്യാപകനായി അമന്‍

0


സ്‌കൂള്‍ വിട്ടു വീട്ടിലെത്തിയാല്‍ ഒരു സാധാരണ 13കാരന്‍ എന്താകും ചെയ്യുക? ബാഗും യുണിഫോമും വീട്ടിലുപേക്ഷിച്ച് കളിക്കാനായി ഓടും. അല്ലേ ? എന്നാല്‍ അമന്‍ എന്ന 13കാരന്‍ അങ്ങനെയല്ല. പഠനത്തില്‍ മിടുക്കനായ അമന്‍ കാഴ്ച്ചപ്പാടിലും മറ്റു കുട്ടികളില്‍ നിന്ന് വ്യത്യസ്തനാണ്. സ്‌കൂള്‍ വിട്ടു വന്നാല്‍ പഠനത്തില്‍ പിന്നിലായ തന്റെ സഹപാഠികള്‍ക്ക് അവന്‍ ഒരു അധ്യാപകനാകും. തന്റെ വീട്ടില്‍ അവന്‍ തന്റെ കൂട്ടുകാര്‍ക്ക് പഠനക്കളരി ഒരുക്കും. തന്നെപ്പോലെ അവരും പഠനത്തില്‍ ഉയര്‍ന്നു വരണമെന്നാണ് അവന്റെ ആഗ്രഹം. സഹപാഠികളോടുള്ള തന്റെ ഈ സഹായ മനോഭാവത്തിന് പിന്നില്‍ മോഹിനി എന്ന ടീച്ചറാണെന്ന് അമന്‍ പറയുന്നു. മുംബൈയിലെ ബോറിവാലിയില്‍ സാമ്പത്തികമായി ഏറെ പിന്നില്‍ നില്‍ക്കുന്ന കുടുംബത്തില്‍ അച്ഛനൊപ്പമാണ് അമന്റെ താമസം. ഈ സാഹചര്യത്തിലും മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ നടത്തിയ സ്‌കോളര്‍ഷിപ്പ് പരീക്ഷയില്‍ മഹാരാഷ്ട്രയിലെ സ്‌കൂള്‍ കുട്ടികളില്‍ പത്താം റാങ്കിനകത്തെത്തിയാണ് അമന്‍ തന്റെ മിടുക്ക് തെളിയിച്ചത്.

എക്‌സാര്‍ തലാവോ മുന്‍സിപ്പല്‍ സ്‌കൂളില്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി അമന്‍ അടക്കമുള്ള വിദ്യാര്‍ഥികളെ പഠിപ്പിക്കുന്ന മോഹിനി ടീച്ചറാണ് അസൈന്‍മെന്റിന്റെ ഭാഗമായി സഹപാഠികളെ പഠിപ്പിക്കുന്ന ലേണിംഗ് സര്‍ക്കിള്‍ എന്ന പദ്ധതിക്ക് തുടക്കമിട്ടത്. പല സാഹചര്യങ്ങളില്‍ നിന്ന് പഠിക്കാനായി എത്തുന്ന കുട്ടികള്‍ക്കെല്ലാം പലപ്പോഴും ഒരേ നിലവാരം പുലര്‍ത്താനാവില്ലെന്ന് മോഹിനി ടീച്ചര്‍ തിരിച്ചറിഞ്ഞിരുന്നു. പ്രശ്‌നപരിഹാരത്തിനായി മറ്റുള്ളവരുടെ സഹായം തേടാതെ സ്വന്തം നിലയില്‍ ഇത് പരിഹരിക്കാന്‍ കുട്ടികളെ പ്രാപ്തരാക്കുക എന്നതായിരുന്ന ലേണിംഗ് സര്‍ക്കിളിലൂടെ മോഹിനി ലക്ഷ്യമിട്ടത്. കുട്ടികളുടെ പ്രതിവാര്‍ഷിക വിദ്യാഭ്യാസ റിപ്പോര്‍ട്ട് പ്രകാരം ആറിനും 14നും മധ്യേയുള്ള കുട്ടികളുടെ സ്‌കൂള്‍ പ്രവേശനത്തില്‍ വന്‍ വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. നിലവില്‍ 96 ശതമാനമാണ് പ്രവേശത്തിന്റെ നിരക്ക്. എന്നാല്‍ ഇതിനൊരു മറുവശമുണ്ട്. സ്വകാര്യ സ്‌കൂളുകളെ അപേക്ഷിച്ച് സര്‍ക്കാര്‍ സ്‌കൂളില്‍ അഞ്ചാം ക്ലാസില്‍ അഡ്മിഷന്‍ നേടിയിട്ടുള്ള കുട്ടികള്‍ വായനയിലും കാര്യങ്ങള്‍ ഗ്രഹിക്കുന്ന കാര്യത്തിലും ഏറെ പിന്നിലാണെന്ന കണക്കാണത്. സമീപനത്തില്‍ കാതലായ വ്യത്യാസമുണ്ടെങ്കില്‍ മാത്രമേ കുട്ടികളുടെ നിലവാരം വര്‍ധിക്കൂ എന്ന കാര്യം മോഹിനി മനസിലാക്കി. 

കുട്ടികളുമായി ഇക്കാര്യം ചര്‍ച്ച ചെയ്തപ്പോള്‍ തന്റെ സഹപാഠികള്‍ക്കുള്ള ബുദ്ധിമുട്ടുകള്‍ അമനും ചൂണ്ടിക്കാട്ടി. അങ്ങനെയാണ് അവന്‍ പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്ന കുട്ടികളെ സഹായിക്കാനായി ലേണിംഗ് സര്‍ക്കിളിന്റെ ഭാഗമായത്. അധ്യാപകര്‍ക്ക് ജോലിഭാരം കൊണ്ട് പലപ്പോഴും പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് വേറിട്ട പരിശീലനം നല്‍കാനാകുന്നില്ല. എന്നാല്‍ ലേണിംഗ് സര്‍ക്കിളിന്റെ ഭാഗമായതോടെ കുട്ടികള്‍ നേരിടുന്ന വിഷമതകള്‍ക്ക്  അതാത് ദിവസം പരിഹാരമുണ്ടാക്കാന്‍ സ്ഥിരമായ ഒരു സംവിധാനമുണ്ടായി. പഠനത്തില്‍ പുറകിലായ വിദ്യാര്‍ഥികള്‍ക്കായി ക്ലാസുകള്‍ തുടങ്ങിയതോടെ പഠന നിലവാരത്തില്‍ പ്രകടമായ വ്യത്യാസമാണുണ്ടായത്. ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യുന്നതിലും പ്രശ്‌നങ്ങള്‍ വിലയിരുത്തി അവക്ക് പരിഹാരം കാണുന്നതിലുമുള്ള കഴിവ് കുട്ടികളില്‍ വര്‍ധിച്ചു. മറ്റു വിഷയങ്ങളിലും കുട്ടികള്‍ മികവ് പുലര്‍ത്താന്‍ തുടങ്ങി. ഇതിന്റെ ഗുണഫലം സ്‌കൂളില്‍ വരാന്‍ കഴിയാത്ത വിദ്യാര്‍ഥികളിലേക്കും നല്‍കണമെന്ന ചിന്തയില്‍ സ്‌കൂളിന് പുറത്ത് വിദ്യാഭ്യാസം അന്യമായ കുട്ടികളിലേക്കും പദ്ധതി എത്തിച്ചു. സ്‌കൂള്‍ സമയത്ത് ഒരു മണിക്കൂറും സ്‌കൂള്‍ കഴിഞ്ഞാല്‍ അര മണിക്കൂറുമാണ് ഇത്തരത്തില്‍ കുട്ടികള്‍ക്ക് ക്ലാസുകള്‍ എടുക്കുന്നത്. അമനെപ്പോലുളള സ്റ്റുഡന്റ് ലീഡര്‍മാരുടെ വീട്ടില്‍ മറ്റു കുട്ടികള്‍ ഒത്തു കൂടിയാണ് പഠനം. തങ്ങള്‍ പഠിക്കുന്ന കാര്യം പരിശീലിക്കാന്‍ ആവശ്യമായ പേപ്പറും മറ്റു സാധനങ്ങളും വിദ്യാര്‍ഥികളുടെ കൂട്ടായ്മ തന്നെ നല്‍കുന്നുണ്ട്. ഇവരുടെ നിലവാരം പരിശോധിക്കാന്‍ ഇടക്കിടെ ടെസ്റ്റുപേപ്പറുകളും ഉണ്ടാവാറുണ്ടെന്ന് അമന്‍ പറയുന്നു. 

ഇപ്പോള്‍ തങ്ങളുടെ നിലവാരം എന്തെന്ന് മനസിലാക്കാന്‍ ഓരോ വിദ്യാര്‍ഥിക്കും കഴിയുന്നുണ്ട്. ഒരു നിലവാരമെത്തിക്കഴിഞ്ഞാല്‍, പരീക്ഷാ വിജയത്തിനാവശ്യമായ നിലവാരത്തിനും ഉയരത്തിലേക്ക് എത്താനുള്ള ശ്രമങ്ങള്‍ ആരംഭിക്കും. ഓരോ വിഷയത്തിലേയും അടിസ്ഥാനം ദൃഢമാകാനുള്ള നിര്‍ദ്ദേശങ്ങള്‍ മോഹിനി ടീച്ചറും മറ്റ് സഹ അധ്യാപകരും നല്‍കുമെന്ന് അമന്‍ പറയുന്നു.

പ്രതിസന്ധികള്‍ സ്വന്തം നിലയില്‍ തരണം ചെയ്യാന്‍ കുട്ടികളെ പ്രാപ്തരാക്കുക എന്നതാണ് ഈ സംരഭത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് മോഹിനി ടീച്ചര്‍ വ്യക്തമാക്കുന്നു. ഉയരത്തിലേക്ക് പോകുമ്പോഴും സഹായം ആവശ്യമുളളവന് നേരെ കൈനീട്ടാനുള്ള മനോഭാവം ഇതിലൂടെ കുട്ടികള്‍ക്ക് ഉണ്ടാകുന്നു. മറ്റുള്ളവരെ ബഹുമാനിക്കാനും അവരില്‍ നിന്ന് ഉപദേശം സ്വീകരിക്കാനും കുട്ടികള്‍ ഇതിലൂടെ ശീലിക്കുന്നു. 13കാരനായ അമന്‍ ഇന്ന് പഠനത്തില്‍ സ്വയംപര്യാപ്തനാണ്. ഉത്തരവാദിത്തമുള്ള മുതിര്‍ന്നവരെപ്പോലെയാണ് ഇന്ന് അവന്റെ സമീപനം. ഇതേക്കുറിച്ച് അമനോട് ചോദിച്ചപ്പോള്‍ ലഭിച്ച ഉത്തരം ഇതായിരുന്നു. എനിക്ക് രാഷ്ട്രീയത്തില്‍ പ്രവേശിക്കണം. ഇന്ത്യയുടെ പ്രധാനമന്ത്രിയാകണം. തന്റെ ഉത്തരത്തില്‍ പുരികം ചുളിക്കുന്നവരോട് അവന്‍ പറയുന്നത്, പ്രധാനമന്ത്രിയായില്ലെങ്കിലും തന്റെ ചുറ്റിലുമുള്ളവരെ സ്വാധീനിക്കാനും മനോഭാവത്തില്‍ മാറ്റം വരുത്താനും കഴിയുന്ന ഒരു രാഷ്ട്രീയക്കാരനാകണമെന്നാണ്. ഉറച്ച സ്വരത്തിലുള്ള ഈ സ്വരം നാളെ രാജ്യം കേള്‍ക്കുമെന്ന പ്രതീക്ഷയിലാണ് അമന്റെ അധ്യാപകര്‍.