എന്തുകൊണ്ട് യോഗ ഒരു ശീലമാകണം ?

എന്തുകൊണ്ട് യോഗ ഒരു ശീലമാകണം ?

Monday June 13, 2016,

2 min Read

ജൂണ്‍ 21ന് ആചരിക്കുന്ന അന്താരാഷ്ട്ര യോഗ ദിനത്തിനോടു മുന്നോടിയായി യോഗ ബോധവത്കരണത്തിന്റെ ഭാഗമായാണ് ഈ ലേഖനം

image


യോഗയുടെ ആരോഗ്യപരമായ ഗുണഫലങ്ങളെക്കുറിച്ച് നാമെല്ലാം ബോധ്യമുള്ളവരാണ്. എന്നാല്‍ സംരംഭകരുടെ കണ്ണില്‍ നിന്ന് നോക്കിക്കാണുമ്പോള്‍ അതിനേക്കാള്‍ ഉപരി മറ്റു ചില കാര്യങ്ങള്‍ കൂടി യോഗയെ വ്യത്യസ്തമാക്കുന്നുണ്ട്. അറിവിന്റെ സമ്പാദനം കൂടുതല്‍ ഫലപ്രദമാക്കാനും സര്‍ഗാത്മകതയും ഉത്പാദനക്ഷമത വര്‍ധിപ്പിക്കുവാനും യോഗ ഉത്തമമാണെന്ന നിഗമനമാണ് സംരംഭക മേഖലയെ യോഗയുമായി കൂടുതല്‍ അടുപ്പിക്കുന്നത്. സംഘര്‍ഷം കുറക്കാനും മാനസികവും ബുദ്ധിപരവുമായ ഉണര്‍വിനും യോഗയിലൂടെ കഴിയും. പരിശീലനം സിദ്ധിച്ചവര്‍ക്കും പുതുതായി പരിശലനം തുടങ്ങുന്നവര്‍ക്കും ഇത് ഒരു പോലെ ഗുണകരമാണ്. തങ്ങളുടെ ശരീരത്തേയും മനസിനേയും ശുദ്ധീകരിക്കുകയും ശക്തിമത്താക്കുകയും ചെയ്യുന്ന ഒരു പവര്‍ഹൗസാണ് യോഗയെന്ന നിഗമനമാണ് സംരംഭക ലോകത്തിനുള്ളത്.

മാനസികമായ ഗുണങ്ങള്‍

കുട്ടികളിലും കൗമാരക്കാരിലും കാണുന്ന ഒ സി ഡി അഥവാ ഒബ്‌സസീവ് കമ്പല്‍സീവ് ഡിസോര്‍ഡറിനും ശ്രദ്ധക്കുറവിനും യോഗ വളരെ ഫലപ്രദമാണ് . യോഗയിലൂടെ തലച്ചോറിലേക്കുള്ള ഓക്‌സിജന്‍ പ്രവാഹം വര്‍ധിക്കുകയും നിരാശാ ഭാവം അകലുകയും ചെയ്യുന്നതായി പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. യോഗ ചെയ്തതിന് ശേഷം ശരീരവും മനസും വിമലീകരിച്ച അവസ്ഥ അനുഭവിക്കാനാകുമെന്നും ശുഭാപ്തി വിശ്വാസത്തോടെയുളള കാഴ്ചപ്പാട് കൈവരിക്കാനാകുമെന്നതും യോഗയുടെ അനുഭവങ്ങളാണ്. ശരീരത്തിനു വേണ്ടി അനവധി നിരവധി വ്യായാമങ്ങള്‍ ചെയ്യുമ്പോഴും മാനസിക ആരോഗ്യത്തിനായി നാം ഒന്നും ചെയ്യുന്നില്ല എന്നതാണ് യാഥാര്‍ഥ്യം. കൂണുകള്‍ പോലെ മുളച്ചു പൊന്തുന്ന സ്റ്റാര്‍ട്ടപ്പുകള്‍ പലതും തളര്‍ന്നു വീഴുന്നതിന് പിന്നില്‍ ഈ മാനസിക ആരോഗ്യമില്ലായ്മയാണ്. സമൂഹവും ജീവിതശൈലികളും അടിച്ചേല്‍പ്പിക്കുന്ന ആവശ്യങ്ങള്‍ നിയന്ത്രിക്കാനും അതിജീവിക്കാനും മാനസിക ശക്തി അവശ്യമാണ്. അതിന് യോഗ ഉത്തമ പരിഹാരമാര്‍ഗ്ഗവുമാണെന്ന് സംരംഭക ലോകം ചൂണ്ടിക്കാട്ടുന്നു

മാനസിക സംഘര്‍ഷവും ഗുണഫലങ്ങളും

സാധാരണ നാം കരുതുന്നതില്‍ നിന്ന് വിഭിന്നമായി. മാനസികസംഘര്‍ഷം എന്നത് എല്ലായ്‌പ്പോഴും ശരീരത്തിന് ഹാനീകരമായ ഒന്നല്ല എന്നതാണ് പുതിയ നിഗമനം. ചരിത്രാതീത കാലം മുതല്‍ മനുഷ്യന്റെ കൂടെപ്പിറപ്പാണ് സംഘര്‍ഷം എന്നത്. ഈ സംഘര്‍ഷം തന്നെയാണ് അവനെ വന്യമൃഗങ്ങളോടും പ്രകൃതി ദുരന്തങ്ങളോടും മല്ലിട്ട് മുന്നോട്ടു പോകാന്‍ പ്രാപ്തനാക്കിയത്. അതു കൊണ്ട് ആധുനിക മനുഷ്യന്റെ ജീനുകളില്‍ തന്നെ ഈ സംഘര്‍ഷത്തിന്റെ വിത്തുകള്‍ നിലനില്‍ക്കുന്നുണ്ട്. എല്ലാ സംരംഭകര്‍ക്കും ഇത് നന്നായി അറിയാവുന്ന കാര്യവുമാണ്. ബിസിനസ് മെച്ചപ്പെടുത്താനായി വിശ്രമമില്ലാതെ പണിയെടുക്കുകയും ഇടവേളകളില്ലാത്ത ഷെഡ്യൂളുകളില്‍ ഡെഡ്‌ലൈനില്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്ന മാനസിക സംഘര്‍ഷം ടെന്‍ഷന്‍ സംരംഭകര്‍ക്ക് വ്യക്തമായി അറിയാം. സംഘര്‍ഷം ഉണ്ടാകുന്നത് കുഴപ്പമില്ലെങ്കിലും അത് നമ്മില്‍ നിന്ന് വിട്ടു പോകാതിരുന്നതാല്‍ അത് കുഴപ്പം ചെയ്യുമെന്ന് കരുതണം. ഓഫീസില്‍ താമസിച്ച് പോകുന്നവഴിക്ക് ട്രാഫിക് ജാമില്‍ അകപ്പെടുമ്പോള്‍ നമുക്കുണ്ടാകുന്ന മാനസിക സംഘര്‍ഷം, കാട്ടില്‍ സിംഹം ഓടിക്കുമ്പോള്‍ ജിറാഫും സീബ്രയും അനുഭവിക്കുന്ന സംഘര്‍ഷത്തിന് തുല്യമാണെന്നാണ് പുതിയ പഠനങ്ങള്‍ വ്യക്തമാക്കുന്നത്. പുതുതായി യോഗതുടങ്ങുന്നവര്‍ പോലും ആദ്യ ക്ലാസിനു ശേഷം വളരെ ശാന്തരായി, മാനസിക സംഘര്‍ഷമില്ലാത്തവരായി കാണുമെന്നത് അനുഭവമാണ്.

ന്യൂറോളജിക്കല്‍ ഗുണങ്ങള്‍

യോഗ പരിശീലിക്കുമ്പോള്‍ ശാരീരികമായും മാനസികമായി പ്രത്യേകിച്ച് തലച്ചോര്‍ സംബന്ധമായി പ്രത്യേക ഉണര്‍വ് ഉണ്ടാകും. തലച്ചോറിലെ ന്യൂറോളജിക്കല്‍ പോയിന്റുകള്‍ ഉത്തേജിക്കപ്പെടുകയും നമുക്ക് കാര്യ കാരണ ബന്ധം വിശകലനം ചെയ്ത് വ്യക്തായ കാഴ്ചപ്പാട് ഉണ്ടാവുകയും ചെയ്യും.

സര്‍ഗാത്മകതയും ഉള്‍പ്രേരണയും

പുറമേ തിരയുന്നതിനു പകരം നമ്മുടെ ഉളളില്‍ തന്നെയാണ് യഥാര്‍ഥ ആശയങ്ങള്‍ കുടികൊള്ളുന്നത് എന്ന വിശ്വാസമാണ് ആദ്യം പുലര്‍ത്തേണ്ടത്. നിങ്ങളുടെ യഥാര്‍ഥ ആത്മാംശവുമായി യോഗ നിങ്ങളെ കൂടുതല്‍ അടുപ്പിക്കും. ആശങ്കയും നിരാശയുമകറ്റി നിങ്ങള്‍ക്കുള്ളിലെ യഥാര്‍ഥ കഴിവുകള്‍ പുറത്തു കൊണ്ടു വരാന്‍ യോഗ ഉത്തമ വഴികാട്ടിയാണ്. ഓരോരുത്തരുടേയും ഉള്ളില്‍ ഉറങ്ങിക്കിടക്കുന്ന വ്യത്യസ്തമായ കഴിവുകളെ പൂര്‍ണമായി പുറത്തു കൊണ്ടു വരാന്‍ യോഗക്ക് അസാമാന്യമായ കഴിവുകളുണ്ടെന്ന് പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്.

    Share on
    close