കര്‍ഷകര്‍ക്ക് വഴികാട്ടിയായി ബെല്ലാരിയില്‍ നിന്ന് മൊബൈല്‍ ആപ്ലിക്കേഷന്‍

0

രാജ്യത്ത് മൊബൈല്‍ വരിക്കാരുടെ സംഖ്യ 100 കോടി കഴിഞ്ഞു. സാധാരണക്കാര്‍ പോലും എന്തിനും ഏതിനും സ്മാര്‍ട്‌ഫോണുകള്‍ ഉപയോഗിച്ചു തുടങ്ങിയതോടെയാണ് മൊബൈല്‍ ആപ്ലിക്കേഷനുകള്‍ക്ക് വന്‍ ഡിമാന്‍ഡായത്. അത്തരത്തില്‍ കര്‍ഷകരുടെ ഇടയില്‍ ഹിറ്റായ ഒരു മൊബൈല്‍ ആപ്ലിക്കേഷനാണ് അഗ്രോടെക്. കര്‍ണാടകയിലെ ബെല്ലാരിയില്‍ നിന്നുള്ള ജയലക്ഷ്മി അഗ്രോടെക് എന്ന കമ്പനിയാണ് കര്‍ഷകരെ സഹായിക്കാനുള്ള മൊബൈല്‍ ആപ്ലിക്കേഷനുമായി രംഗത്തെത്തിയിരിക്കുന്നത്. കൃഷിയിടം ഒരുക്കല്‍ മുതല്‍ വളമിടലും വിളവെടുക്കലും വരെ കര്‍കരുടെ എല്ലാ ആവശ്യങ്ങള്‍ക്കും വേണ്ട മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കിയാണ് അഗ്രോടെക് ആപ് കര്‍ഷകരുടെ ഇടയില്‍ പ്രിയങ്കരമായിരിക്കുന്നത്. പ്രാദേശിക ഭാഷകളിലും ഇംഗ്ലീഷിലും വിവരങ്ങള്‍ കൈമാറാനുള്ള സംവിധാനം ആപ്ലിക്കേഷനിലുണ്ട്. കൃഷിക്കിടയില്‍ കര്‍ഷകര്‍ക്കുണ്ടായേക്കാവുന്ന എല്ലാ സംശയങ്ങള്‍ക്കും ശാസ്ത്രീയമായ പരിഹാരമാണ് ഈ മൊബൈല്‍ ആപ്ലിക്കേഷന്‍ നല്‍കുന്നത്.

കൃഷിയെ അറിയാത്ത പുതുതലമുറയ്ക്കും ഇതുവഴി സ്മാര്‍ട് ഫാമിങ് സാധ്യമാകും എന്ന പ്രത്യേകതയും ആപ്ലിക്കേഷനുണ്ട്. ഗോതമ്പ്, നാളികേരം, കരിമ്പ്, പരുത്തി തുടങ്ങിയ വിളകളും വിവിധതരം പഴവര്‍ഗങ്ങള്‍ വരെ കൃഷി ചെയ്യാനുള്ള ടിപ്‌സ് അഗ്രോടെക് നല്‍കും. പരീക്ഷിച്ചറിഞ്ഞ കൃഷിരീതികളാണ് ഇവര്‍ കര്‍ഷകര്‍ക്ക് പകര്‍ന്നു നല്‍കുന്നത്. 35,000ത്തോളം കര്‍ഷകര്‍ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്തത് തങ്ങളുടെ പരിശ്രമങ്ങള്‍ക്കു ലഭിച്ച ഫീഡ്ബാക്കായി വിലയിരുത്തുകയാണ് ആപ്ലിക്കേഷനു പിന്നില്‍ പ്രവര്‍ത്തിച്ച ജയലക്ഷ്മി അഗ്രോടെക് ഫൗണ്ടര്‍ ആനന്ദ്ബാബുവും സഹപ്രവര്‍ത്തകനും ബന്ധുവുമായ ശിവപ്രകാശും. ഭാരത സര്‍ക്കാരിന്റെ ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി ഇന്റല്‍ ഇന്ത്യ ആരംഭിച്ച മേളയാണ് ജയലക്ഷ്മി അഗ്രോടെകിന്റെ പദ്ധതിക്ക് പിന്തുണയായത്. പുതിയ സംരംഭകര്‍ക്കായി ഇന്റല്‍ ഇന്ത്യ ഇന്റര്‍നാഷണല്‍ സയന്‍സ് ആന്റ് എന്‍ജിനിയറിങ് ഫെയറി(ഇന്റല്‍ ഐഎസ്്ഇഎഫ്)ല്‍ അവാസാന 10ല്‍ ഇടംപിടിച്ചതാണ് അഗ്രോടെകിന്റെ വിജയം. 2015 ഏപ്രില്‍ ആരംഭിച്ച ഡിജിറ്റല്‍ ഇന്ത്യ ചലഞ്ച് എന്ന ഫെയറില്‍ 1,900 എന്‍ട്രികള്‍ ലഭിച്ചിരുന്നു. ഇ ഗവേണന്‍സ് സംവിധാനം വഴി എളുപ്പം ഉപയോഗിക്കാവുന്ന മൊബൈല്‍ ആപ്ലിക്കേഷനുകള്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങളുമായി നിരവധി സംരംഭങ്ങള്‍ പദ്ധതിയില്‍ പങ്കെടുത്തു. ഇവരില്‍ നിന്ന് സമ്മാനാര്‍ഹരായ പത്തുപേരെ നവംബര്‍ 20നാണ് ഇന്റല്‍ പ്രഖ്യാപിച്ചത്. അതില്‍ ഒരു കമ്പനിയാകാനായതാണ് തങ്ങളുടെ വിജയമെന്ന് ഉറച്ചു പറയുകയാണ് ആനന്ദ് ബാബു.