അത്തം പിറന്നു; സമൃദ്ധിയുടെ തിരുവോണത്തിന് ഇനി പത്തു നാള്‍

അത്തം പിറന്നു; സമൃദ്ധിയുടെ തിരുവോണത്തിന് ഇനി പത്തു നാള്‍

Sunday September 04, 2016,

1 min Read

ഐശ്വര്യത്തിന്റേയും സമ്പല്‍സമൃദ്ധിയുടേയും ഓണക്കാലത്തെ വരവേറ്റ് അത്തം പിറന്നു. ഇനി പത്തു നാള്‍ പൂവിളിയുടേയും പൂക്കളത്തിന്റേയും ആഘോഷം. ഓണക്കോടിയും പുലികളിയും ഓണസദ്യയുമൊക്കെയായി സന്തോഷത്തിന്റെയും സമൃദ്ധിയുടെയും തിരുവോണമെത്താന്‍ ഇനി പത്തു നാള്‍. 

image


സ്‌നേഹത്തിന്റെയും, നന്മയുടെയും, ഉറവകള്‍ ഒരിക്കലും നഷ്ടമാകില്ല എന്ന പ്രതീക്ഷ നല്‍കി കൊണ്ട് ചില നാട്ടിടവഴികളിലും, വയല്‍ വരമ്പുകളിലും, വേലി പടര്‍പ്പുകളിലും,തുമ്പയും , മുക്കുറ്റിയും, കാക്കപ്പൂവും, ചിരി തൂകി നില്‍ക്കുന്നു.

image


ഓണനിലാവു ഒഴുകി വരുന്നു , ഓണ തുമ്പികള്‍ വട്ടമിട്ടു പറക്കുന്നു, ഐശ്വര്യത്തിന്റേയും സമൃദ്ധിയുടേയും സമത്വത്തിന്റെയും നന്മയുടേയും ആഘോഷമായ പൊന്നിന്‍ തിരുവോണത്തെ ഓണപ്പാട്ടുകളും ഓണക്കളികളുമായി നമുക്ക് വരവേല്‍ക്കാം. 

image


അത്തപ്പൂക്കളങ്ങളുടെ വര്‍ണ വൈവിധ്യങ്ങള്‍ ഇന്ന് മുതല്‍ മലയാളിയുടെ മനസ്സിനും നിറം നല്‍കുന്നു. പൂക്കളും പൂവിളികളും വിദൂര ദേശങ്ങളില്‍ കഴിയുന്ന മലയാളിയുടെ മനസ്സിന് ഗൃഹാതുരത്വത്തിന്റെ സുഖമുള്ള നോവുകളാവും.

image


സ്വപ്നങ്ങളില്‍ ഓര്‍മ്മകള്‍ നിറഞ്ഞു നില്‍ക്കുമ്പോഴും യാഥാര്‍ഥ്യം മറ്റൊന്നാണ്. ചിങ്ങക്കൊയ്ത്തിന്റെ സമൃദ്ധിയിലേക്ക് കണ്ണ് തുറക്കുന്ന ഓണക്കാലം ഇന്ന് മലയാളിക്ക് അന്യമായിക്കഴിഞ്ഞു. പാടവും വിളയും പണ്ടത്തെ സുഖമുള്ള ഓര്‍മ്മകളിലേക്ക് ചുരുങ്ങിയപ്പോള്‍ ഓണം ആഘോഷങ്ങളിലേക്ക് മാത്രം ഒതുങ്ങുകയും ചെയ്തു. 

image


പണ്ടൊക്കെ ഓണക്കാലത്ത് തൊടികളിലും പുരയിടത്തിലുമൊക്കെ പൂക്കളുടെ വസന്തമായിരിക്കും. 'പൂവേ പൊലി' പാടി കുട്ടികള്‍ പൂക്കളിറുത്ത് പൂക്കളം തീര്‍ക്കുന്നതും ഇന്ന് ഒരു പഴയ ഓര്‍മ്മയായിരിക്കുന്നു. ഇക്കാലത്ത് പൂക്കളമിടുന്നതിനും പൂക്കള്‍ കടയില്‍ നിന്ന് വാങ്ങേണ്ടി വരുന്നു.

image


മഹാബലി തമ്പുരാന്റെ സദ്ഭരണത്തിന്റെ മഹത്വം കൊണ്ട് വാമനമൂര്‍ത്തിയും (ആത്മീയത) മഹാബലിയും (ഭൗതികത) കൈകോര്‍ത്ത് തിരുവോണനാളില്‍ വീടുകളിലെത്തുന്നുവെന്നാണ് വിശ്വാസം. ആത്മീയതയും ഭൗതികതയും ഒന്നിക്കുമ്പോള്‍ മാത്രമേ സന്തോഷവും, സാഹോദര്യവും, സമാധാനവും ലോകത്ത് നിലനില്‍ക്കുകയുള്ളൂ. തിരുവോണം നല്‍കുന്ന സന്ദേശം അതുതന്നെ... ഈ പൊന്നോണം ഏവര്‍ക്കും ഐശ്വര്യവും സമ്പത്ത്‌സമൃദ്ധിയും നിറഞ്ഞതാവട്ടെ എന്ന് ആശംസിക്കുന്നു.

    Share on
    close