മൂന്ന് വര്‍ഷംകൊണ്ട് മൂന്ന് സംരംഭങ്ങള്‍: അര്‍പ്പിത ഖാദ്രിയക്കിത് സുവര്‍ണ നേട്ടം

മൂന്ന് വര്‍ഷംകൊണ്ട് മൂന്ന് സംരംഭങ്ങള്‍: അര്‍പ്പിത ഖാദ്രിയക്കിത് സുവര്‍ണ നേട്ടം

Sunday February 21, 2016,

3 min Read


നാലു വര്‍ഷങ്ങള്‍ക്കു മുന്‍പ് അര്‍പ്പിത ഖാദ്രിയ ഒരു വന്‍കിട കമ്പനിയുടെ ബ്രാന്‍ഡ് മാനേജറായിരുന്നു. എന്നാല്‍ ഇന്നു 33 വയസ്സുകാരിയായ അര്‍പ്പിത മൂന്നു സ്റ്റാര്‍ട്ടപ്പുകളുടെ മേധാവിയാണ്. മൂന്നു വര്‍ഷങ്ങള്‍ക്കുള്ളിലാണ് മൂന്നു സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങി അര്‍പ്പിത വിജയിച്ചത്. ജീവിതം ഒരു തമാശ പോലെയാണ്. നിങ്ങളൊരു യാത്ര തുടങ്ങിക്കഴിഞ്ഞാല്‍ അത് എവിടെയായിരിക്കും അവസാനിക്കുകയെന്നു പറയാനാവില്ല. അര്‍പ്പിതയെ സംബന്ധിച്ചിടത്തോളം ഇതു സത്യമാണ്.

image


അര്‍പ്പിതയ്ക്ക് സന്തോഷിക്കാന്‍ ഇന്നു മറ്റൊരു കാര്യം കൂടിയുണ്ട്. മൊബൈല്‍ പ്രീമിയര്‍ അവാര്‍ഡ് മല്‍സരത്തില്‍ പങ്കെടുക്കാന്‍ ഇന്ത്യയില്‍ നിന്നും തിരഞ്ഞെടുത്തത് അര്‍പ്പിത വികസിപ്പിച്ചെടുത്ത ആപ്ലിക്കേഷനായ സൈന്‍ടിസ്റ്റ് ആണ്. ബാര്‍സിലോണില്‍ ഈ മാസമവസാനം നടക്കുന്ന മല്‍സരത്തില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ പങ്കെടുക്കും. ഇന്റല്‍ ആണ് പരിപാടിയുടെ സ്‌പോണ്‍സര്‍. ഇന്ത്യയില്‍ നിന്നും മറ്റു നിരവധി പേരെ കടത്തിവെട്ടിയാണ് അര്‍പ്പിത ഈ അവസരം നേടിയെടുത്തത്.

സൈന്‍ടിസ്റ്റ്

അര്‍പ്പിതയുടെ തന്നെ ഗെയിം ആന്‍ഡ് ആപ്പ് ഡവലപ്‌മെന്റ് കമ്പനിയായ ബെസര്‍ക്കാണ് സൈന്‍ടിസ്റ്റ് വികസിപ്പിച്ചെടുത്തത്. കണക്കുകള്‍ ഉപയോഗിച്ചുള്ള ഗെയിമാണിത്. തന്റെ പഴയ ടി9 ഫോണ്‍ ഉപയോഗിക്കുന്ന സമയത്താണ് സൈന്‍ടിസ്റ്റ് എന്ന ആശയം അര്‍പ്പിതയുടെ മനസ്സില്‍ ഉദിച്ചത്. ഒരു വാക്ക് എഴുതുന്നതിന് കീപാഡ് പലതവണ അമര്‍ത്തേണ്ടി വരുന്നതായി അര്‍പ്പിത ശ്രദ്ധിച്ചു. എന്നാല്‍ ഇതു തിരിച്ചായാലോ എന്നു ചിന്തിച്ചു. കീപാഡിലെ നമ്പരുകള്‍ ഊഹിച്ച് വാക്കുകള്‍ കണ്ടെത്തുന്നതിനുള്ള ഒരു ഗെയിം വികസിപ്പിച്ചെടുക്കാന്‍ തീരുമാനിച്ചു. 135 രാജ്യങ്ങളില്‍ ഈ ഗെയിമിന്റെ പകര്‍പ്പവകാശത്തിനായി അപേക്ഷയും കൊടുത്തു.

പസില്‍ ബുക്കിന്റെ രൂപത്തിലാണ് ഗെയിം ആദ്യം പുറത്തിറക്കിയത്. 2015 ഏപ്രിലില്‍ ഫ്‌ലിപ്കാര്‍ട്ടിലൂടെയാണ് ബുക്ക് പുറത്തിറക്കിയത്. വളരെ മികച്ച പ്രതികരണമാണ് ബുക്കിന് ലഭിച്ചത്. മാര്‍ക്കറ്റിങ്ങോ പരസ്യമോ നല്‍കാതെ 1.5 ലക്ഷം ബുക്കുകള്‍ വിറ്റഴിച്ചു. വിവിധ പരിപാടികള്‍ നടക്കുന്ന സ്ഥലത്ത് ഒരുക്കിയ സ്റ്റാളുകളിലൂടെ 80 ശതമാനം വില്‍പന നടന്നതായി അര്‍പ്പിത മനസ്സിലാക്കി.

image


2015 ഡിസംബറിലാണ് ഗെയിമിന്റെ ആന്‍ഡ്രോയിഡ് വെര്‍ഷനായ ആപ് പുറത്തിറക്കിയത്. 2016 ജനുവരിയിലാണ് ഐഒഎസ് വെര്‍ഷന്‍ പുറത്തിറക്കിയത്. വിദ്യാര്‍ഥികളുടെ കണക്കിലുള്ള പ്രാവിണ്യം പരീക്ഷിക്കുന്നതിനായി ഈ ഗെയിം ഉപയോഗിക്കാം. ഇനിയും നിരവധി ഉപയോഗങ്ങള്‍ ഗെയിമിനുണ്ടെന്നും അര്‍പ്പിത പറയുന്നു.

ബെയര്‍ഫൂട്ട്

2012 ലാണ് അര്‍പ്പിത തന്റെ ജോലി രാജിവയ്ക്കാന്‍ തീരുമാനിച്ചത്. ഒരു പിന്തുണയും നല്‍കാത്ത മേധാവിയും മാനസിക സമ്മര്‍ദ്ദമുള്ള ജോലി സ്ഥലത്തെ അന്തരീക്ഷവും ജോലി ഉപേക്ഷിക്കാന്‍ അര്‍പ്പിതയെ കൂടുതല്‍ പ്രേരിപ്പിച്ചു. ബിസിനസ് അര്‍പ്പിതയുടെ രക്തത്തില്‍ അലിഞ്ഞുചേര്‍ന്നതാണ്. തന്റെ ഭര്‍ത്താവില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും ലഭിച്ച പിന്തുണ പുതിയൊരു യാത്ര തുടങ്ങാന്‍ സമയമായെന്നു അര്‍പ്പിതയെ ചിന്തിപ്പിച്ചു.

2012 ലാണ് ബെയര്‍ഫൂട്ട് തുടങ്ങിയത്. പുതിയ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്ന ഒരു സ്ഥാപനമാണിത്. വന്‍കിട കമ്പനികള്‍ക്ക് ഉപഭോക്താക്കളെ കിട്ടുന്നതിനും പരസ്യം ലഭിക്കുന്നതിനും യാതൊരു ബുദ്ധിമുട്ടുമില്ല. അവര്‍ക്ക് വിപണിയില്‍ അവരുടേതായ വ്യക്തിമുദ്ര പതിപ്പിക്കാന്‍ കഴിയും. എന്നാല്‍ പുതിയ സ്റ്റാര്‍ട്ടപ്പുകള്‍ വിപണി കണ്ടെത്താനും ഉപഭോക്താക്കളെ ആകര്‍ഷിക്കാനും വളരെയധികം ബുദ്ധിമുട്ടാറുണ്ട്. എന്നാല്‍ ബെയര്‍ഫൂട്ട് വളരെ മിതമായ നിരക്കില്‍ പുതിയ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വേണ്ടി നിര്‍ദേശങ്ങള്‍ നല്‍കും. ഒരു സമയത്ത് അഞ്ചോ ആറോ പേര്‍ക്ക് മാത്രമേ ബെയര്‍ഫൂട്ടിന്റെ സേവനം ലഭിക്കൂ. എങ്കില്‍ മാത്രമേ ഓരോരുത്തരുടെയും പ്രശ്‌നങ്ങള്‍ മനസ്സിലാക്കി അവര്‍ക്ക് വേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാന്‍ കഴിയൂവെന്നാണ് അര്‍പ്പിത പറയുന്നത്. നാലുപേരടങ്ങിയ ടീമാണ് ബെയര്‍ഫൂട്ടിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. പതിനഞ്ചോളം പേര്‍ ഫ്രീലാന്‍സായി ജോലിചെയ്യുന്നു.

ലാഭം മാത്രമല്ല പ്രധാനം

ജീവിതവും ജോലിയും തുല്യതയോടെ കൊണ്ടുപോകാനാണ് അര്‍പ്പിത ആഗ്രഹിക്കുന്നത്. അതിനാല്‍ തന്നെ ആഴ്ചയുടെ അവസാനദിവസം തന്റെ ജോലിക്കാര്‍ക്ക് മാനസിക ഉല്ലാസത്തിനായി സമയം നല്‍കുന്നു. യാത്ര ചെയ്യാന്‍ ഇഷ്ടമുള്ള അര്‍പ്പിത അവധിക്കാലത്ത് താന്‍ യാത്ര ചെയ്ത സ്ഥലങ്ങളെക്കുറിച്ചുള്ള വിവരണം തന്റെ യാത്രാ ബ്ലോഗില്‍ മറ്റുള്ളവര്‍ക്കായി പങ്കുവയ്ക്കുന്നു.

image


ജീവകാരുണ്യപ്രവര്‍ത്തനങ്ങളിലും സജീവയാണ് അര്‍പ്പിത. പല ചാരിറ്റബിള്‍ സൊസൈറ്റികളും ജീവകാരുണ്യപ്രവര്‍ത്തനത്തിനായി പണം ശേഖരിച്ച് ദുരുപയോഗം ചെയ്യുന്നതായി അര്‍പ്പിതയുടെ ശ്രദ്ധയില്‍പ്പെട്ടു. ഇതേത്തുടര്‍ന്ന് 2016 ജനുവരിയില്‍ Give Freely എന്നൊരു വെബ്‌സൈറ്റ് തുടങ്ങി. ഇതിലൂടെ സന്നദ്ധ സംഘടനകള്‍ക്ക് അവരുടെ ആവശ്യങ്ങള്‍ അറിയിക്കാം. ഭക്ഷണ സാധനങ്ങള്‍, ഫര്‍ണിച്ചറുകള്‍ തുടങ്ങി എന്തും ഈ വെബ്‌സൈറ്റിലൂടെ ആവശ്യപ്പെടാം. ഇവ നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വെബ്‌സൈറ്റിലൂടെ സന്നദ്ധ സംഘടനകള്‍ക്ക് ഇവ നല്‍കാം.അര്‍പ്പിതയും ടീമംഗങ്ങളും സ്വമേധയാ സന്നദ്ധ സംഘടനകളെ ചെന്നു കണ്ടു സംസാരിച്ച് അവരെ വെബ്‌സൈറ്റില്‍ റജിസ്റ്റര്‍ ചെയ്യിപ്പിച്ചു. ചെന്നൈയില്‍ വെള്ളപ്പൊക്കമുണ്ടായപ്പോള്‍ നിരവധി പേരാണ് വെബ്‌സൈറ്റിലൂടെ സഹായ സന്നദ്ധത അറിയിച്ച് മുന്നോട്ടുവന്നത്. സ്വന്തം കയ്യില്‍ നിന്നും പണം നിക്ഷേപിച്ചാണ് അര്‍പ്പിത ഈ വെബ്‌സൈറ്റ് തുടങ്ങിയത്. മറ്റു വന്‍കിട കമ്പനികളും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ തനിക്കൊപ്പം കൈകോര്‍ക്കാന്‍ എത്തുമെന്നാണ് അര്‍പ്പിത കരുതുന്നത്.

വിജയമന്ത്രം

വലുതായി ചിന്തിക്കുക, ചെറുതായി തുടങ്ങുക, ഇപ്പോള്‍ പ്രവര്‍ത്തിക്കുക... ഈ തത്വശാസ്ത്രത്തിലാണ് അര്‍പ്പിത ജീവിക്കുന്നത്. വ്യവസായലോകത്തെ തുടക്കക്കാരി എന്ന നിലയില്‍ ഇനിയും ഒരുപാട് കാര്യങ്ങള്‍ ചെയ്യേണ്ടിയിരിക്കുന്നുവെന്നാണ് അര്‍പ്പിത സ്വയം വിശ്വസിക്കുന്നത്. ശരിയായ കാര്യങ്ങള്‍ മാത്രം ചെയ്യുക എന്നതാണ് വളരെ പ്രധാനപ്പെട്ട കാര്യം. തൊഴിലാളികളുമായും ഇടപാടുകാരുമായും നല്ല ബന്ധം സൂക്ഷിക്കുക. അങ്ങനെയെങ്കില്‍ വിജയം നിങ്ങളെ തേടിയെത്തും. എപ്പോഴും സത്യസന്ധമായി നിലനില്‍ക്കുക, വളഞ്ഞ വഴികള്‍ സ്വീകരിക്കാതിരിക്കുക. വിജയിക്കാനുള്ള മന്ത്രം ഇതാണ്.