'ദൈവത്തിന്റെ സ്വന്തം നാട്' സിനിമാ ലൊക്കേഷനുകളുടെ പറുദീസ: രാജമൗലി

0

ക്യാമറ എവിടേക്ക് തിരിച്ചാലും മനസ്സില്‍ നിന്നു മായാത്ത പച്ചപ്പാര്‍ന്ന പശ്ചാത്തലങ്ങളുള്ള ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തില്‍ സിനിമാ ലൊക്കേഷനുകള്‍ക്ക് അനന്തസാധ്യതയുണ്ടെന്ന് ബാഹുബലി സംവിധായകന്‍ എസ്.എസ്. രാജമൗലി. സിനിമാ ലൊക്കേഷനുകളുടെ പറുദീസയാണ് കേരളമെന്ന് അദ്ദേഹം പറഞ്ഞു. ടൂറിസം വകുപ്പ് കോവളം ലീല ഹോട്ടലില്‍ സംഘടിപ്പിച്ച 'കേരള ഡെസ്റ്റിനേഷന്‍ ഫോര്‍ വെഡിംഗ്‌സ് ആന്‍ഡ് ഫിലിംസ്' പ്രചാരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു രാജമൗലി.

1980കളില്‍ ചെന്നൈയില്‍ നിന്നും ശബരിമലയിലേക്കുള്ള തീവണ്ടിയാത്രക്കിടെയാണ് കേരളം ഹൃദയത്തില്‍ ഇടം നേടിയത്. അന്നുമുതല്‍ കഥയെഴുതിക്കഴിയുമ്പോള്‍ കേരളത്തിന്റെ പച്ചപ്പും ജലാശയങ്ങളും ചിത്രത്തിനനുയാജ്യമായ രീതിയില്‍ ഉപയോഗിക്കാന്‍ ശ്രമിക്കാറുണ്ട്. അങ്ങനെയാണ് രണ്ടാമത്തെ ചിത്രമായ സിംഹാദ്രിയില്‍ തിരുവനന്തപുരവും, സായിയില്‍ മൂന്നാറും ബാഹുബലിയില്‍ അതിരപ്പള്ളിയും ഉള്‍പ്പെടുത്തിയത്. പല ചിത്രങ്ങളിലും അതിരപ്പള്ളി വെള്ളച്ചാട്ടത്തെ കാല്‍പനിക പശ്ചാത്തലമായി അവതരിപ്പിച്ചിട്ടുണ്ടെങ്കിലും അതിന്റെ രൗദ്രഭാവമാണ് തന്നെ ആകര്‍ഷിച്ചതെന്ന് രൗജമൗലി പറഞ്ഞു.

പുരസ്‌കാരങ്ങളോട് ഒട്ടും ആഭിമുഖ്യമില്ല. പുരസ്‌കാര ദാന ചടങ്ങുകളില്‍ നിന്നും ഒഴിഞ്ഞുനില്‍ക്കാറുണ്ട്. എന്നാല്‍ തന്റെ ചിത്രങ്ങളിലെ ടെക്‌നീഷ്യന്‍മാരെ സംബന്ധിച്ചിടത്തോളം അവര്‍ക്കൊരു പ്രോത്സാഹനമാണിതെന്നും ഇന്റര്‍ നാഷണല്‍ ഇന്ത്യന്‍ ഫിലിം അക്കാദമി അവാര്‍ഡിനായി ബാഹുബലിയെ നോമിനേറ്റ് ചെയ്തതിനോടുള്ള പ്രതികരണമാരാഞ്ഞപ്പോള്‍ രാജമൗലി വ്യക്തമാക്കി.

കോവളം ലീലഹോട്ടല്‍ വേദിയായ ഹൈദരാബാദിലെ പ്രശസ്ത അസ്ഥിരോഗ വിഗദ്ധന്‍ ഡോ. എവി ഗുരുവ റെഢിയുടെ മകളുടെ വിവാഹത്തിനോടനുബന്ധിച്ചായിരുന്നു രാജമൗലി തലസ്ഥാനത്ത് എത്തിയത്. രാജ്യത്തിനകത്തും പുറത്തുമുള്ളവര്‍ക്ക് ലോകോത്തര വെഡിംഗ് ഡെസ്റ്റിനേഷനായി തിരഞ്ഞെടുക്കാവുന്ന സ്ഥലമാണ് കേരളമെന്നും ഇവിടുത്തെ പ്രകൃതി ഭംഗി, സമൃദ്ധമായ ജലാശയം, അടിസ്ഥാന സൗകര്യം എന്നിവ ഏറെ ഹൃദ്യമാണെന്നും ഡോ. റെഢി പറഞ്ഞു.

മൂന്നാര്‍, കോവളം, കൊച്ചി തുടങ്ങിയ കേന്ദ്രങ്ങള്‍ വെഡ്ഡിംഗ് ഡെസ്റ്റിനേഷനുകളായി വിദേശികളും സ്വദേശികളും തിരഞ്ഞെടുക്കുന്നുണ്ടെന്നും ഇത് കേരളത്തിലെ വിനോദസഞ്ചാര വികസനത്തെ പ്രോത്സാഹിപ്പിക്കുമെന്നും ടൂറിസം സെക്രട്ടറി ജി കമല വര്‍ധന റാവു പറഞ്ഞു. ബെയ്ജിങ്ങില്‍ നടന്ന ചൈനീസ് ഫിലിം പ്രൊഡ്യൂസഴേ്‌സ് മീറ്റില്‍ ഫിലിം ടൂറിസത്തിന് ഉദാഹരണമായി ബാഹുബലിയിലെ അതിരപ്പള്ളി ദൃശ്യങ്ങളാണ് താന്‍ ഉപയോഗിച്ചതെന്നും അദ്ദേഹം പറഞ്ഞു. ടൂറിസം ഡയറക്ടര്‍ പി ഐ ഷെയ്ക് പരീതും ചടങ്ങില്‍ പങ്കെടുത്തു.