വായിച്ചു വളരാന്‍ കുട്ടികള്‍ക്കായി ഐ ഹാവ്‌ റീഡ് ദ ബുക്ക്.കോം

0


വായനാ ശീലം അധര്‍വ് എന്ന ഒമ്പതാം ക്ലാസ്സുകാരനെ കൊണ്ടെത്തിച്ചത് ഐ ഹാവ് റീഡ് ദ ബുക്ക്.കോം എന്ന വെമ്പ്‌സൈറ്റിലാണ്. മുംബൈ ചെമ്പൂര്‍ സെന്റ് ഗ്രിഗോറിയസ് ഹൈ സ്‌കൂളിലെ ഒമ്പതാം ക്ലാസ്സ് വിദ്യാര്‍ഥിയായ അധര്‍വ് പാട്ടീല്‍ ആണ് ചെറിയ പ്രായത്തില്‍ സംരംഭകനായി മാറി മാതൃകയായിരിക്കുന്നത്. ചെറുപ്പം മുതല്‍ക്കേ അധര്‍വിന് പുസ്തകങ്ങള്‍ വായിക്കാന്‍ വളരെ താത്പര്യമായിരുന്നു. മാതാപിതാക്കള്‍ അവനു പുതിയ പുതിയ പുസ്തകങ്ങള്‍ വാങ്ങി നല്‍കി അവന്റെ വായനാശീലത്തെ വളരെയധികം പ്രോല്‍സാഹിപ്പിക്കുകയും ചെയ്തു.

തന്റെ ആറാം വയസ്സു മുതല്‍ അര്‍ധവ് പുസ്തകം വായന തുടങ്ങി. തനിക്കു കിട്ടിയ പുസ്തകങ്ങള്‍ എല്ലാം അവന്‍ ആര്‍ത്തിയോടെ വായിച്ചു തീര്‍ത്തു. പക്ഷേ കൊച്ചു അധര്‍വിന് ഒരു സങ്കടം ഉണ്ടായിരുന്നു പുസ്തകങ്ങളില്‍ കൊടുത്തിരിക്കുന്ന വിശകലനം ഒന്നും തന്നെ വായിച്ചിട്ടു മനസ്സിലാകുന്നില്ല. എല്ലാം മുതിര്‍ന്നവര്‍ക്ക് മനസ്സിലാകുന്ന തരത്തിലുള്ള വാക്കുകളാണ് കൊടുത്തിരിക്കുന്നത്. ഇതിനൊരു പരിഹാരം കാണണമെന്ന് അധര്‍വ് മനസ്സില്‍ തീരുമാനിച്ചിരുന്നു.

2014 ലെ വേനല്‍ അവധിക്കാലത്ത് തന്റെ അച്ഛനുമായുള്ള തീന്‍മേശ സംഭാഷണത്തിനിടയില്‍ അധര്‍വ് തനിക്കൊരു പുതിയ ബുക്കു വേണമെന്ന് ആവശ്യപ്പെട്ടു. അച്ഛന്‍ അതു വാങ്ങി നല്‍കാമെന്നും സമ്മതിച്ചു.വാങ്ങുന്നതിനു മുമ്പ് ആ ബുക്കിനെക്കുറിച്ചുള്ള വിശകലനം അറിയണമെന്ന് അധര്‍വ് പറഞ്ഞു അച്ഛന്‍ അവനോട് ഇന്‍ന്റെര്‍നെറ്റില്‍ തിരയാന്‍ ആവശ്യപ്പെട്ടു. അവന്‍ സെര്‍ച്ചു ചെയ്തപ്പോള്‍ ഒന്നിലധികം ബുക്കു റിവ്യു സൈറ്റുകളുണ്ട് പക്ഷേ കുട്ടികളുടെ ബുക്കുകള്‍ക്കായുള്ള ഒരു സൈറ്റുമില്ല. അന്ന് അധര്‍വ് തന്റെ അച്ഛനോടു പറഞ്ഞു തനിക്കു കുട്ടികളുടെ ഭാഷയില്‍ കുട്ടികളുടെ ബുക്കുറിവ്യൂ സൈറ്റ് തുടങ്ങണമെന്ന്. ആ പതിമൂന്നു വയസ്സുകാരന്റെ ആവശ്യം കേട്ടു അച്ഛന് അത്ഭുതംതോന്നി, എന്നാല്‍ അദ്ദേഹം അവനെ നിരുല്‍സാഹപ്പെടുത്തിയില്ല. അങ്ങനെ ഐഹാവറീഡ് ദബുക്ക്.കോമിന് തുടക്കം കുറിച്ചു. കുട്ടികള്‍ എഴുതിയതും കുട്ടികള്‍ക്കായുള്ള എല്ലാ തരത്തിലുമുള്ള ബുക്കുറിവ്യൂകളും ഐ ഹാവ് റീഡ് ദ ബുക്ക്.കോമില്‍ ലഭ്യമാക്കി.

രാജ്യത്തെ ഏകദേശം 12000 സ്‌കൂളുകളുടെ വിശദവിവരം 2014 ജൂണിനും ഡിസംബറിനുമിടയില്‍ അധര്‍വ് ശേഖരിച്ചു. ക്രിസ്മസ്‌ അവധിക്കാലത്ത് ഒരു വെബ്‌സൈറ്റ്‌ ഡെവലപ്പറെ സമീപിച്ചു ഐ ഹാവ്റീഡ് ദ ബുക്ക്.കോം എന്ന വെബ്‌സൈറ്റ് തയ്യാറാക്കി. രജിസ്‌ട്രേഷന്‍ കിട്ടുക എന്നത് വളരെ പ്രയാസമുള്ള കടമ്പയായിരുന്നു പക്ഷേ അധര്‍വ് നിഷ്പ്രയാസം ആ കടമ്പകടന്നു.

2015 മെയ്മാസത്തില്‍ അധര്‍വ് 12000 സ്‌കൂളുകള്‍ക്കും കത്തയച്ചു. അതിന്റെ പ്രതികരണം അത്ഭുതകരമായിരുന്നു. ഏകദേശം എല്ലാ സ്‌കൂളുകളും ഐ ഹാവ് റീഡ് ദ ബുക്ക്.കോമില്‍ രജിസ്‌ട്രേഷന്‍ ചെയ്തു. എഴുത്തുകാര്‍ക്ക് തങ്ങളുടെ സൃഷ്ടികള്‍ നേരിട്ട് അപ്പ്‌ലോഡ്‌ചെയ്യാനുള്ള സൗകര്യവും അധര്‍വ് ചെയ്തു.അപ്പ്‌ലോഡ്‌ ചെയ്യുന്ന റിവ്യൂസിന് 60% താഴെ ഒറിജിനാലിറ്റി ഇല്ലെങ്കില്‍ കുട്ടി എഴുത്തുകാരോട് അവരുടെ സൃഷ്ടികളില്‍ മാറ്റങ്ങള്‍ വരുത്തി അയക്കുവാന്‍ പറഞ്ഞു കൊണ്ട് ഇ-മെയില്‍ അയക്കും. 15 ദിവസത്തിനുള്ളില്‍ മാറ്റി അയച്ചില്ലെങ്കില്‍ അവ സൈറ്റില്‍ നിന്ന് ഒഴിവാക്കി. എഴുത്തുകാര്‍ അയക്കുന്നത് ഒരു വാക്കുപോലും മാറ്റം വരുത്താതെ അതുപോലെ തന്നെയാണ് അപ്പ്‌ലോഡ്‌ ചെയ്യുന്നതെന്ന് അധര്‍വ് പറയുന്നു.

ആരംഭത്തില്‍ രജിസ്റ്ററേഷന്‍ നോക്കുന്നതിനും ഇ-മെയിലുകള്‍ അയക്കുന്നതിനും 10-12 മണിക്കൂര്‍ വരെ അധര്‍വ് ചെലവഴിച്ചു.തന്റെ ആഗ്രഹ സഫലീകരണത്തിനായി അവന്‍ കഠിനമായി അധ്വാനിച്ചു. അതിനുള്ള ഫലം ലഭിച്ചു. ഐ ഹാവ് റീഡ് ദ ബുക്ക്.കോം ഇന്നു നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നു. ബാംഗ്ലൂരില്‍ നിന്ന് ഒരാള്‍ ഈ ചെറുപ്രായത്തില്‍ തന്നെ ഇങ്ങനെ ഒരു സംരംഭം തുടങ്ങാന്‍ അര്‍ധവ്് കാണിച്ച ധൈര്യത്തെ പ്രശംസിച്ചുകൊണ്ട് മെയില്‍ അയച്ചു. അത് അവനെ വളരെയധികം സന്തോഷിപ്പിച്ചു. ഇപ്പോള്‍ വെബ്‌സൈറ്റ് ഫ്‌ളിപ്പകാര്‍ട്ടുമായും ആമസോണുമായും ബന്ധിപ്പിച്ചിട്ടുണ്ട് 10% ലാഭം അതില്‍ നിന്നും ലഭിക്കുന്നു . ഭാവിയില്‍ തനിക്ക് ഒരു എഴുത്തുകാരനോ, ഗവേഷകനോ ആകാനാണ് താത്പര്യം കൂടെ തന്റെ വെബ്‌സൈറ്റും നല്ലരീതിയില്‍ പ്രവര്‍ത്തിപ്പിക്കുമെന്ന് അധര്‍വ് പറയുന്നു. 2016 ഐ ഐറ്റി-ബി യുടെ ടീന്‍ ടൈകൂണ്‍ അവാര്‍ഡ് അധര്‍വിന് ലഭിച്ചു. ഇക്കഴിഞ്ഞ നാളുകളില്‍ തന്റെ ഉദ്യമത്തില്‍നിന്ന് ഒരുപാട് കാര്യങ്ങള്‍ അധര്‍വിന് മനസ്സിലാക്കാന്‍ കഴിഞ്ഞു. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് തന്റെ വിലപ്പെട്ട സമയം എങ്ങനെ ഉപയോഗിക്കാം എന്നതാണ്. കുട്ടികളില്‍ വായനാശീലം വളര്‍ത്തുക എന്നത് വളരെ വലിയ കാര്യമാണ് .വായന അറിവു വര്‍ധിപ്പിക്കുന്നു. അതിനായി അവരെ മാതാപിതാക്കളും പ്രോത്സാഹിപ്പിക്കുക.