തുമ്പ തീരക്കടലില്‍ കൃത്രിമ പാര് നിക്ഷേപിക്കല്‍ മന്ത്രി ജെമേഴ്‌സിക്കുട്ടിഅമ്മ ഉദ്ഘാടനം ചെയ്തു

തുമ്പ തീരക്കടലില്‍ കൃത്രിമ പാര് നിക്ഷേപിക്കല്‍ മന്ത്രി ജെമേഴ്‌സിക്കുട്ടിഅമ്മ ഉദ്ഘാടനം ചെയ്തു

Sunday April 30, 2017,

1 min Read

തീരക്കടലില്‍ മത്സ്യ സമ്പത്ത് വര്‍ധിപ്പിക്കുന്നതിനും സുസ്ഥിരമായി പാലിക്കുന്നതിനും വേണ്ടി കേരള സംസ്ഥാന തീരദേശ വികസന കോര്‍പ്പറേഷന്‍ നടപ്പിലാക്കുന്ന കൃത്രിമ പാര് നിക്ഷേപിക്കല്‍ പദ്ധതിയുടെ ഉദ്ഘാടനം തുമ്പ തീരക്കടലില്‍ ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിഅമ്മ നിര്‍വഹിച്ചു. കടലിന്റെ അടിത്തട്ടില്‍ കൃത്രിമ ആവാസവ്യവസ്ഥ സൃഷ്ടിച്ച് മത്സ്യ ലഭ്യത വര്‍ദ്ധിപ്പിക്കുന്നതിനായി മത്സ്യഗ്രാമങ്ങളിലെ തീരക്കടലില്‍ നിലവിലുള്ള പ്രകൃതിദത്ത പാരുകള്‍ക്കു സമീപം ത്രികോണാകൃതിയിലുള്ള സിമന്റ് കോണ്‍ക്രീറ്റ് മൊഡ്യൂളുകള്‍ ജിപിഎസ് സഹായത്തോടെ സ്ഥാനനിര്‍ണയം നടത്തി നിക്ഷേപിക്കുന്ന പദ്ധതിയാണിത്. 

image


ഒരു ടണ്ണിലധികം തൂക്കം വരുന്ന മൊഡ്യൂളുകള്‍ക്ക് 150 സെ.മീ. ഉയരവും രണ്ട് മീറ്റര്‍ നീളവും ഉണ്ടാവും. മൊഡ്യൂളുകള്‍ക്ക് നാശം സംഭവിക്കാതിരിക്കാന്‍ 12 മുതല്‍ 15 വരെ ഫാദം ആഴത്തില്‍ കടലിന്റെ അടിത്തട്ടിന് സമാന്തരമായാണ് ഇവ നിക്ഷേപിക്കുന്നത്. പാരിന്റെ സംപുഷ്ടീകരണത്തിനായി ആര്‍സിസി പൈപ്പുകളും പാരിനൊപ്പം നിക്ഷേപിക്കും. ഈ പാരുകളില്‍ സസ്യപ്ലവകങ്ങളും ജന്തു പ്ലവകങ്ങളും രൂപപ്പെടുമ്പോള്‍ അതു ഭക്ഷിക്കുന്നതിനായി ചെറുതും വലുതുമായ മത്സ്യങ്ങള്‍ അവിടേക്ക് ആകര്‍ഷിക്കപ്പെടും. ഈ കൃത്രിമ ആവാസ വ്യവസ്ഥ മത്സ്യ പ്രജനനത്തിനും അവയുടെ സുസ്ഥിരമായ നിലനില്‍പിനും അനുകൂല സാഹചര്യം സൃഷ്ടിക്കും. പൂവാര്‍, പുതിയതുറ, കരുംകുളം, മര്യനാട്, അടിമലത്തുറ എന്നീ മത്സ്യ ഗ്രാമങ്ങളിലെ തീരക്കടലില്‍ ഏകദേശം 540 കൃത്രിമപ്പാരുകള്‍ സംസ്ഥാന ഫിഷറീസ് വകുപ്പ് സ്ഥാപിച്ചുകഴിഞ്ഞു. തുമ്പ മത്സ്യഗ്രാമത്തിന്റെ 12 ഫാദം പടിഞ്ഞാറ് തീരക്കടലില്‍ 120 കൃത്രിമ പാരുകള്‍ നിക്ഷേപിക്കുന്നതിന്റെ ഉദ്ഘാടനമാണ് മന്ത്രി നിര്‍വഹിച്ചത്. ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.ശൈലജാ ബീഗം, ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബി.പി. മുരളി, ഫിഷറീസ് വകുപ്പ് ഡയറക്ടര്‍ ഡോ. എസ്. കാര്‍ത്തികേയന്‍, തീരദേശവികസന കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ. കെ. അമ്പാടി, ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.