അരിയും പഞ്ചസാരയും ന്യായവിലയ്ക്ക് ലഭ്യമാക്കും: സപ്ലൈകോ

0

സംസ്ഥാനത്ത് അരി, പഞ്ചസാര എന്നിവയുടെ പൊതുവിപണിവില വര്‍ധിക്കുന്നു എന്ന വാര്‍ത്തകളുടെ പശ്ചാത്തലത്തില്‍ സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ സംസ്ഥാനത്തുടനീളം വിവിധയിനം അരിയും, പഞ്ചസാരയും ന്യായവിലയ്ക്ക് ലഭ്യമാക്കാനും ആവശ്യമുളളയിടങ്ങളില്‍ പ്രത്യേകമായി അരിക്കടകള്‍ തുടങ്ങാനും നടപടി സ്വീകരിച്ചതായി സപ്ലൈകോ അറിയിച്ചു. പൂര്‍ണമായും ഉപഭോക്തൃ സംസ്ഥാനമായ കേരളം, അരി ഉള്‍പ്പെടെയുളള നിത്യോപയോഗ സാധനങ്ങള്‍ക്കായി അന്യസംസ്ഥാനങ്ങളെയാണ് ആശ്രയിക്കുന്നത്.

 ആന്ധ്ര, തെലുങ്കാന സംസ്ഥാനങ്ങളില്‍ വരള്‍ച്ച നെല്ല് ഉത്പാദനത്തെ ബാധിച്ചതിനാല്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഉപഭോക്താക്കളുളള ജയ അരിക്ക് വിലവര്‍ധന ഉണ്ടായിട്ടുണ്ട് എങ്കിലും വടക്കന്‍ കേരളീയര്‍ക്ക് പ്രിയമുളള കുറുവ അരി എല്ലായിടത്തും ലഭ്യമാക്കാന്‍ സാധിച്ചു. കുറുവ കിലോയ്ക്ക് 25 രൂപ സബ്‌സിഡി നിരക്കിലും പച്ചരി, സപ്‌ളൈകോ ടെണ്ടര്‍ മുഖേന തികയാതെ വരുമ്പോള്‍ എഫ്‌സിഐയില്‍ നിന്നും വരുത്തിച്ചും കിലോയ്ക്ക് 23 രൂപ നിരക്കിലും ലഭ്യമാക്കുന്നു. ജയ, മട്ട അരിക്കായി ജനുവരി മാസം മുതല്‍ ഇതുവരെ നാലു ടെണ്ടറുകള്‍ നടത്തി രാജ്യം ഒട്ടാകെയുളള ഉത്പാദന സംസ്ഥാനങ്ങളില്‍ പരസ്യം നല്കി 5.6 ലക്ഷം ക്വിന്റല്‍ ജയ അരിയും 5.4 ലക്ഷം ക്വിന്റല്‍ മട്ട അരിയും വാങ്ങി. ആന്ധ്രയില്‍ നിന്നും അല്ലാത്ത ജയയും എഫ്‌സിഐയില്‍ നിന്നും ലഭിക്കുന്ന പുഴുക്കലരിയും, കുറുവ അരിയും ഔട്ട് ലെറ്റുകളില്‍ ലഭ്യമാക്കി ജയ അരിയുടെയും മട്ട അരിയുടെയും കുറവ് നികത്തുന്നു. കൂടാതെ, പൊതുമേഖലാ സ്ഥാപനമായ ഓയില്‍ പാം ഇന്ത്യ ലിമിറ്റഡിന്റെ കുട്ടനാടന്‍ മട്ട അരി കിലോഗ്രാമിന് 33 രൂപ നിരക്കില്‍ വില്പനയ്ക്ക് ലഭ്യമാക്കുന്നുണ്ട്. ഉത്തരേന്ത്യയിലെ കടുത്ത വരള്‍ച്ച കാരണം കരിമ്പ് കൃഷിയിലുണ്ടായ വിളനഷ്ടം മൂലം, പഞ്ചസാരവില രാജ്യത്തുടനീളം വന്‍തോതില്‍ വര്‍ദ്ധിച്ചിട്ടുണ്ട്. എങ്കിലും സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ നാല്പത് രൂപയ്ക്ക് മുകളില്‍ വില നല്കി വാങ്ങുന്ന പഞ്ചസാര, കിലോയ്ക്ക് 22 രൂപ നിരക്കിലാണ് സബ്‌സിഡിയോടെ വിതരണം ചെയ്യുന്നത്. ഇപ്രകാരം ഏകദേശം 40000 ക്വിന്റല്‍ പഞ്ചസാര കിലോയ്ക്ക് ഓരോ മാസവും വന്‍തുക നഷ്ടം സഹിച്ചാണെങ്കിലും വിതരണം ചെയ്യുന്നത് ഉപഭോക്താക്കള്‍ക്ക് ആശ്വാസമാണ്. സപ്‌ളൈകോ, സബ്‌സിഡി നിരക്കില്‍ നല്കിവരുന്ന ചെറുപയര്‍, കടല, വന്‍പയര്‍, മുളക്, മല്ലി, ഉഴുന്ന്, തുവരപ്പരിപ്പ്, തുടങ്ങിയവയെല്ലാം സപ്‌ളൈകോ വിപണനകേന്ദ്രങ്ങളില്‍ പൊതുവിപണി വിലയേക്കാള്‍ കുറഞ്ഞ നിരക്കില്‍ ലഭ്യമാണ്. സപ്ലൈകോ വിലവിവര പട്ടിക ചുവടെ കാര്‍ഡൊന്നിന് അഞ്ച് കിലോഗ്രാം സബ്‌സിഡി നിരക്കില്‍, അഞ്ച് കിലോയ്ക്ക് മുകളില്‍ വാങ്ങുന്നതിനുള്ള നിരക്ക് എന്ന ക്രമത്തില്‍. പച്ചരി - 23 രൂപ, 26.50രൂപ, പുഴുക്കലരി - 25 രൂപ, 26.50 രൂപ, മട്ട - 24 രൂപ, 34.50 രൂപ, ജയ (ആന്ധ്ര - 25 രൂപ, 37 രൂപ, ജയ (ആന്ധ്ര ഒഴികെ) - 25 രൂപ, 33 രൂപ, കുട്ടനാടന്‍ മട്ട അരി - --, 33 രൂപ, കുറുവ - 25 രൂപ, 33 രൂപ, പഞ്ചസാര - 22 രൂപ, 40.50 രൂപ. സംസ്ഥാനത്തെ നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ധനവ് തടയുന്നതിനും, ലഭ്യത ഉറപ്പു വരുത്തുന്നതിനും പ്രതിജ്ഞാബദ്ധമായ എല്ലാ നടപടികളും സിവില്‍ സപ്‌ളൈസ് കോര്‍പ്പറേഷന്‍ സ്വീകരിക്കുമെന്നും സപ്ലൈകോ എം.ഡി എ.പി.എം മുഹമ്മദ് ഹനീഷ് അറിയിച്ചു.