കയ്യേറ്റം ഒഴിപ്പിക്കാന്‍ ജില്ലാ തലത്തില്‍ ഏകോപന സമിതി;മെയ് 21-ന് പട്ടയമേള

കയ്യേറ്റം ഒഴിപ്പിക്കാന്‍ ജില്ലാ തലത്തില്‍ ഏകോപന സമിതി;മെയ് 21-ന് പട്ടയമേള

Saturday April 29, 2017,

2 min Read

ഇടുക്കിയില്‍ കയ്യേറ്റഭൂമി ഒഴിപ്പിക്കുന്നതിന് സര്‍വകക്ഷി യോഗം വിളിച്ച് പിന്തുണ തേടണമെന്നും റവന്യൂ അധികാരികളും പൊലീസും ഒന്നിച്ചു നീങ്ങണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചു. ഒഴിപ്പിക്കല്‍ നടപടിക്ക് ജില്ലാതല ഏകോപനസമിതി രൂപീകരിക്കണമെന്നും യോഗം നിശ്ചയിച്ചു.

image


കയ്യേറ്റവും കുടിയേറ്റവും രണ്ടായി കാണണമെന്ന് യോഗം ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. വന്‍കിട കയ്യേറ്റക്കാരെ ഒഴിപ്പിക്കുന്നതിനാണ് മുന്‍ഗണന നല്‍കേണ്ടത്. ഭൂരഹിതര്‍ക്ക് പട്ടയവിതരണം നടത്തുന്നതിന് ഊന്നല്‍ നല്‍കണമെന്നും അതിനുള്ള നടപടികള്‍ ഊര്‍ജിതമാക്കണമെന്നും യോഗം തീരുമാനിച്ചു. മെയ് 21ന് പട്ടയമേള സംഘടിപ്പിക്കും. അതില്‍ പതിനായിരം കുടുംബങ്ങള്‍ക്കെങ്കിലും പട്ടയം നല്‍കാന്‍ ഊര്‍ജിത നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി യോഗത്തില്‍ നിര്‍ദേശിച്ചു.

യോഗത്തില്‍ റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍, വൈദ്യുതി മന്ത്രി എം എം മണി, ചീഫ് സെക്രട്ടറി നളിനി നെറ്റോ, റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറി പി എച്ച് കുര്യന്‍, ഇടുക്കി കലക്ടര്‍ ജി ആര്‍ ഗോകുല്‍, സബ് കലക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ എന്നിവരും പങ്കെടുത്തു.

സര്‍ക്കാര്‍ ഭൂമി കയ്യേറിയവരുടെ പട്ടിക അടിയന്തരമായി തയാറാക്കാന്‍ യോഗം തീരുമാനിച്ചു. ഈ പട്ടിക റവന്യൂ സെക്രട്ടറിക്ക് നല്‍കുകയും അതിന്റെ അടിസ്ഥാനത്തില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തുകയും വേണം. ഒഴിപ്പിക്കല്‍ നടപടി തുടങ്ങുന്നതിന് മുമ്പ് പ്രാദേശിക രാഷ്ട്രീയ കക്ഷികളുടെയും ജനപ്രതിനിധികളുടെയും സഹകരണം ഉറപ്പാക്കണം. അതോടൊപ്പം മതമേധാവികളുടെയും പരിസ്ഥിതി പ്രവര്‍ത്തകരുടെയും മാധ്യമ പ്രതിനിധികളുടെയും സഹകരണം ഉറപ്പാക്കണം.

കയ്യേറ്റങ്ങള്‍ ഒരുതരത്തിലും അനുവദിക്കില്ല. എന്നാല്‍ ഒഴിപ്പിക്കുന്നതിന് മുമ്പ് അവര്‍ക്ക് നോട്ടീസ് നല്‍കുകയും അവരുടെ ഭാഗം കേള്‍ക്കുകയും വേണം. വിശദീകരണം തൃപ്തികരമല്ലെങ്കില്‍ ഒഴിപ്പിക്കല്‍ നടപടിയുമായി മുമ്പോട്ട് പോകാം. വന്‍കിട കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിനാവണം മുന്‍ഗണന നല്‍കേണ്ടത്. പത്തു സെന്റ് വരെ ഭൂമിയുള്ളവരും വേറെ ഭൂമിയില്ലാത്തവരുമായവരുടെ കാര്യത്തില്‍ കയ്യേറ്റമാണെങ്കില്‍ പോലും പ്രത്യേക പരിശോധന വേണം. എന്നാല്‍ പത്തുസെന്റില്‍ കൂടുതല്‍ ഭൂമി കയ്യേറിയവരില്‍ നിന്ന് അത് തിരിച്ചെടുത്ത് ഭൂമിയില്ലാത്തവര്‍ക്ക് വിതരണം ചെയ്യണം.

മൂന്നാറിലെ എല്ലാ വില്ലേജിലും സര്‍വെ നടത്തി സ്വകാര്യ-സര്‍ക്കാര്‍ ഭൂമി വേര്‍തിരിക്കാന്‍ നടപടി ആരംഭിക്കണം. അതിനെത്തുടര്‍ന്ന് സര്‍ക്കാര്‍ ഭൂമി ജണ്ടയിട്ട് സംരക്ഷിക്കണം. ഉദ്യോഗസ്ഥരായിരിക്കണം ഭൂമിയുടെ കസ്‌റ്റോഡിയ•ാര്‍. ഇടുക്കിയിലെ, പ്രത്യേകിച്ച് മൂന്നാറിലെ ഭൂമിയുമായി ബന്ധപ്പെട്ട് വിവിധ കോടതികളിലുള്ള കേസുകള്‍ തീര്‍പ്പാക്കാന്‍ അടിയന്തര നടപടി സ്വീകരിക്കും. 2010-ലെ ഹൈക്കോടതി വിധിയെ തുടര്‍ന്ന് മൂന്നാറില്‍ വീട് നിര്‍മാണത്തിന് റവന്യൂ വകുപ്പിന്റെ എന്‍ഒസി വേണം. ജനങ്ങളുടെ ബുദ്ധിമുട്ട് ഒഴിവാക്കാന്‍ എന്‍ഒസി നല്‍കുന്നതിനുള്ള അധികാരം വികേന്ദ്രീകരിച്ച് നല്‍കാനും തീരുമാനിച്ചു.

കുടിയേറ്റവും കയ്യേറ്റവും വേറിട്ട് കാണണമെന്നതാണ് സര്‍ക്കാരിന്റെ നയമെന്ന് മുഖ്യമന്ത്രി യോഗത്തില്‍ ആവര്‍ത്തിച്ച് വ്യക്തമാക്കി. 1977 ജനുവരി ഒന്നിനു മുമ്പുള്ള മുഴുവന്‍ കുടിയേറ്റക്കാര്‍ക്കും നാല് ഏക്ര വരെ ഉപാധിയില്ലാതെ പട്ടയം നല്‍കണമെന്നാണ് തീരുമാനം. ആദിവാസികളടക്കം ഒരു ലക്ഷം കുടുംബങ്ങള്‍ക്ക് ഇടുക്കിയില്‍ പട്ടയം കിട്ടാനുണ്ട്. അത് എത്രയും വേഗം പൂര്‍ത്തിയാക്കണം. പട്ടയം നല്‍കിയപ്പോള്‍ സര്‍വെ നമ്പര്‍ മാറിപ്പോയ കേസുകളുണ്ട്. ഉദ്യോഗസ്ഥര്‍ക്ക് പറ്റിയ ഈ തെറ്റ് തിരുത്താനാണ് നടപടി വേണ്ടത്. അല്ലാതെ സാങ്കേതികത്വത്തില്‍ തൂങ്ങി ജനങ്ങളെ ബുദ്ധിമുട്ടിക്കരുത്.

സര്‍ക്കാരിനെ അറിയിക്കാതെ മണ്ണ് നീക്കല്‍ യന്ത്രം കൊണ്ടുപോയി കുരിശ് പൊളിച്ചുനീക്കിയ നടപടി തെറ്റായിപ്പോയെന്ന് മുഖ്യമന്ത്രി യോഗത്തില്‍ പറഞ്ഞു. സര്‍ക്കാരിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ ബാധ്യസ്ഥരാണ് ഉദ്യോഗസ്ഥര്‍. അവര്‍ ആ ബാധ്യത നിറവേറ്റുന്നില്ലെങ്കില്‍ സര്‍ക്കാരിന്റെ ഭാഗമായി നില്‍ക്കാന്‍ കഴിയില്ല. അര്‍ദ്ധരാത്രിക്ക് ശേഷം 144 പ്രഖ്യാപിച്ചതും പൊലീസിനെ അറിയിക്കാതെ ഭൂസംരക്ഷണ സേനയുമായി കുരിശ് പൊളിക്കാന്‍ പോയതും തെറ്റാണ്. കയ്യേറ്റം ഒഴിപ്പിക്കണമെന്നത് തന്നെയാണ് സര്‍ക്കാര്‍ നയം. എന്നാല്‍ അത് വിവേകത്തോടെ ചെയ്യണം. ജനപ്രതിനിധികളെ വിശ്വാസത്തിലെടുക്കണം. ജില്ലാ കലക്ടരും ജില്ലയിലെ പൊലീസ് മേധാവിയും മറ്റു അധികാരികളും തമ്മില്‍ ഊഷ്മള ബന്ധമുണ്ടാകണം. അതിനാവശ്യമായ യോഗങ്ങള്‍ വിളിച്ചുചേര്‍ക്കണം. ഇത്തരം വിഷയങ്ങളില്‍ ജില്ലയില്‍നിന്നുളള മന്ത്രി എം.എം.മണിയുമായും കൂടിയാലോചന വേണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു.

മുഖ്യമന്ത്രി പറഞ്ഞ കാര്യങ്ങള്‍ ഗൗരവമായി കണ്ട് നടപ്പാക്കണമെന്ന് റവന്യൂ മന്ത്രി ചന്ദ്രശേഖരന്‍ ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചു. പത്തുസെന്റില്‍ താഴെ ഭൂമിയുള്ളവരെ ഒഴിപ്പിക്കേണ്ടതില്ല. അവരെയല്ല ലക്ഷ്യം വെക്കേണ്ടത്. ഇക്കാര്യങ്ങള്‍ താന്‍ നേരത്തെത്തന്നെ വ്യക്തമാക്കിയതാണ്. ഇടുക്കിയിലെ അഞ്ച് താലൂക്കിലുള്ള ഭൂരഹിതരുടെ ലിസ്റ്റ് അടിയന്തരമായി തയാറാക്കി അവര്‍ക്ക് ലൈഫ് മിഷന് കീഴില്‍ വീട് നല്‍കമെന്നും റവന്യൂ മന്ത്രി പറഞ്ഞു.