അമ്മയുടെ പിറന്നാളാഘോഷത്തിനെത്തിയത് ഭക്തലക്ഷങ്ങള്‍

0

ഭീകരവാദം ലോകമെമ്പാടുമുള്ള മനുഷ്യരുടെ സ്വസ്ഥത കെടുത്തുന്ന പ്രശ്‌നമായി വളര്‍ന്നുവന്നു മാതാ അമൃതാനന്ദമയി. വിഭാഗീയത, ബലാത്സംഗം, സ്ത്രീപീഡനം, കുറ്റകൃത്യങ്ങള്‍ എന്നിവയുടെ കാര്യത്തില്‍ കേരളം മറ്റേത് സംസ്ഥാനത്തേക്കാളും മുന്നിലാണെന്നും മനുഷ്യര്‍ സഞ്ചരിക്കുന്ന ദുരന്തങ്ങളായി മാറുകയാണെന്നും 'അമ്മ പറഞ്ഞു. അമൃതപുരിയില്‍ ജന്മദിന സന്ദേശം നല്‍കുകയായിരുന്നു മാതാ അമൃതാനന്ദ മയി. കാമവും ക്രോധവുമാണ് മനുഷ്യനെ നയിക്കുന്നത്. തെരുവ് നായ്ക്കളുടെ പ്രശ്‌നം ചര്‍ച്ചാ വിഷയമാണ്. അവയ്ക്ക് വിവേകബോധമില്ല. പരസ്പരം കടിച്ചു കീറാന്‍ നിക്കുന്ന മനുഷ്യരുടെ കാര്യത്തില്‍ എന്താണ് പരിഹാരമാര്‍ഗമെന്നു അമ്മ ചോദിച്ചു. ജീവിതത്തിന്റെ പ്രധാന ഘടകം ഭയവും ആവലാതിയുമാണ്.

ബുദ്ധിയും ഓര്‍മശക്തിയും വികസിപ്പിച്ച് മനുഷ്യനെ ഏറ്റവും ഉത്പാദന ശേഷിയുള്ള യന്ത്രങ്ങളാക്കുന്ന വിദ്യാഭ്യാസമാണ് നിലവിലുള്ളത്. വാക്കിലും ചിന്തയിലും പ്രവൃത്തിയിലും കാഴ്ചപ്പാടിലും സംസ്‌കാരത്തിന്റെ തെളിമ നല്‍കുന്നതായിരിക്കണം വിദ്യാഭ്യാസമെന്നും 'അമ്മ പറഞ്ഞു. ആരുടെ അഹന്തയ്ക്കും തോല്‍പ്പിക്കാനാവാത്തത് സ്‌നേഹം മാത്രമേ ഉള്ളെന്നും ദുഖങ്ങള്‍ക്കുള്ള ഒറ്റമൂലിയും ഏകാന്തതയുടെ ഊന്നുവടിയും സ്‌നേഹം മാത്രമാണെന്നും അമ്മ പറഞ്ഞു.

രാവിലെ സൂര്യകാലടി സൂര്യന്‍ ഭട്ടതിരിപ്പാടിന്റെ മഹാഗണപതി ഹോമത്തോടെയാണ് ജന്മദിനാഘോഷ ചടങ്ങുകള്‍ ആരംഭിച്ചത്. തുടര്‍ന്ന് സ്വാമി അമൃതസ്വരൂപാനന്ദപുരിയുടെ സത്സംഗം നടന്നു. സ്വാമി അമൃതസ്വരൂപാനന്ദപുരിയുടെ നേതൃത്വത്തില്‍ ഗുരുപാദപൂജ നടന്നു.ഗവര്‍ണര്‍ ജസ്റ്റിസ്.പി. സദാശിവം, ആര്‍ എസ് എസ് സര്‍സംഘ് ചാലക് മോഹന്‍ ഭാഗവത്, കേന്ദ്രമന്ത്രിമാരായ നിഥിന്‍ ഗഡ്ഗരി, വി കെ സിംഗ്, ശ്രീപദ് യശോ നായിക്, രാജ്യസഭാ ഉപാധ്യക്ഷന്‍ പ്രൊഫ.പി ജെ കുര്യന്‍, ആന്ധ്രപ്രദേശ് മന്ത്രി ഗന്ധ ശ്രീനിവാസ റാവു, എം പി മാരായ അമര്‍സിംഗ്, എം കെ രാഘവന്‍, പുതുച്ചേരി ഫ്രഞ്ച് കോണ്‍സുലേറ്റ് ജനറല്‍ ഫിലിപ്പ് സ്വനീര്‍, എം എല്‍ എ മാരായ ഓ.രാജഗോപാല്‍, പി സി ജോര്‍ജ്, വെള്ളാപ്പള്ളി നടേശന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

പ്രധാനമന്ത്രി നരേന്ദ്ര മോഡി വീഡിയോ കോണ്‍ഫറന്‍സ് വഴി അമ്മയ്ക്ക് ജന്മദിനാശംസ നേര്‍ന്നു. മഠം പൂര്‍ത്തീകരിച്ചു നല്‍കുന്ന രണ്ടായിരം ശുചി മുറികളുടെ പ്രഖ്യാപനവും പ്രധാനമന്ത്രി നിര്‍വഹിച്ചു. നാനൂറ് പേര്‍ക്കുള്ള സൗജന്യ ശാസ്ത്രക്രിയയ്ക്കുള്ള അനുമതിപത്രവും വേദിയില്‍ കൈമാറി. അമൃത സ്വാശ്രയ ഗ്രാമങ്ങളിലെ കുടിവെള്ള പദ്ധതികളുടെ അനുമതിപത്രം, മംഗല്യനിധി സഹായധന വിതരണം എന്നിവയും നടന്നു. ഈ വര്‍ഷത്തെ അമൃതകീര്‍ത്തി പുരസ്‌കാരം പ്രൊഫ.അമ്പലപ്പുഴ ഗോപകുമാറിന് ഗവര്‍ണര്‍ സമ്മാനിച്ചു.