സ്മൃതിപഥം പദ്ധതി കേരളം മുഴുവന്‍ വ്യാപിപ്പിക്കും

0

സ്മൃതിപഥം പദ്ധതി കേരളം മുഴുവന്‍ വ്യാപിപ്പിക്കുമെന്ന് മന്ത്രി കെ.കെ.ഷൈലജ. സാമൂഹ്യ നീതി വകുപ്പ്, കേരളാ സ്റ്റേറ്റ് ഇനിഷ്യേറ്റീവ് ഓണ്‍ ഡിമെന്‍ഷ്യ,കേരളാ സോഷ്യല്‍ സെക്യൂരിറ്റി മിഷന്‍, എആര്‍ഡിഎസ്‌ഐ എന്നിവ സംയുക്തമായി സംഘടിപ്പിച്ച സ്മൃതിപഥം പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം സെന്‍ട്രല്‍ ലൈബ്രറി ഹാളില്‍ സംഘടിപ്പിച്ച ഓര്‍മ്മക്കൂട്ടം ഡിമെന്‍ഷ്യ ബോധവത്ക്കരണ ക്യാമ്പയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

സമൂഹത്തില്‍ നിന്നും മാറ്റി നിര്‍ത്തപ്പെട്ട സ്ത്രീകള്‍, കുട്ടികള്‍, ഭിന്നശേഷിയുള്ളവര്‍, ഭിന്നലിംഗക്കാര്‍, വൃദ്ധര്‍ സെറിബ്രല്‍ പാള്‍സി, ഓട്ടിസം ഉള്‍പ്പെടെയുള്ള രോഗം ബാധിച്ചവരുടെ പ്രശ്‌നങ്ങള്‍ കൂടി സാമൂഹ്യ നീതി വകുപ്പിന്റെ പരിഗണനയിലുള്ള വിഷയങ്ങളാണ്. പ്രയാസമനുഭവിക്കുന്നവരെ എങ്ങനെ സഹായിക്കാമെന്ന ചിന്തയാണ് വകുപ്പിനും സര്‍ക്കാരിനുമുള്ളത്. അത് എത്തരത്തിലാകണമെന്ന് ചര്‍ച്ച ചെയ്ത് തീരുമാനിക്കേണ്ടിയിരിക്കുന്നു.മനസിനെ ബാധിക്കുന്ന ഡിമെന്‍ഷ്യ പോലുള്ള രോഗങ്ങളെ മുന്‍കൂട്ടി മനസിലാക്കാന്‍ സാധിച്ചാല്‍ രോഗത്തെ ഒരു പരിധി വരെ അകറ്റി നിര്‍ത്താന്‍ സാധിക്കും.ഇത്തരം രോഗത്തില്‍ പെടുന്നവരെ സമൂഹത്തിലേക്ക് കൂടുതല്‍ ഇറക്കിക്കൊണ്ടുവരാനായാല്‍ ഓര്‍മകള്‍ മെല്ലെ മടക്കിക്കൊണ്ടുവരാനാകുമോയെന്നുള്ള കാര്യവും പരിശോധിക്കുകയും ചര്‍ച്ച ചെയ്യുകയും വേണമെന്ന് മന്ത്രി പറഞ്ഞു.

സന്നദ്ധ സംഘടനകള്‍ ഈ രംഗത്ത് കൂടുതല്‍ ശ്രദ്ധ പതിപ്പിക്കണമെന്നും സര്‍ക്കാര്‍ ഇതിന് എല്ലാ പിന്തുണയും നല്‍കുമെന്നും മന്ത്രി പറഞ്ഞു. സപ്പോര്‍ട്ടിംഗ് സിസ്റ്റമെന്ന നിലയില്‍ സ്മൃതിപഥം പദ്ധതി മൂന്നു ജില്ലകലില്‍ നടപ്പാക്കി വരുന്നുണ്ട്. എല്ലാ ജില്ലകളിലും ഇതു വ്യാപിപ്പിക്കുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നു.സാമൂഹ്യനീതി വകുപ്പ് സഹായം ആവശ്യമുള്ള ഇത്തരം രോഗികളെ സംബന്ധിച്ച് ഒരു സര്‍വ്വേ നടത്താന്‍ തീരുമാനിച്ചുകഴിഞ്ഞു.പകല്‍ വീടുകള്‍ പോലുള്ള സംവിധാനമാണോ പ്രത്യേകമായ കേന്ദ്രം തയാറാക്കണമോ എന്നുള്ള കാര്യം ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു.

മേയര്‍ അഡ്വ.വി.കെ.പ്രശാന്ത് അധ്യക്ഷനായിരുന്നു. സാമൂഹ്യ നീതി വകുപ്പ് ഡയറക്ടര്‍ ടി.വി.അനുപമ, മീരാ പട്ടാഭി, വിദ്യാ ഷേണായി, റോബര്‍ട്ട് മാത്യൂസ് തുടങ്ങിയവര്‍ പ്രസംഗിച്ചു