ക്ഷേമ പെന്‍ഷനുകള്‍ ഓണത്തിന് മുമ്പ് നല്‍കണം: തൊഴില്‍ മന്ത്രി

0

തൊഴിലാളി ക്ഷേമ പെന്‍ഷനുകള്‍ ഓണത്തിന് മുമ്പ് നല്‍കണമെന്ന് വിവിധ ക്ഷേമനിധി ബോര്‍ഡുകള്‍ക്ക് തൊഴില്‍-നൈപുണ്യം വകുപ്പ് മന്ത്രി ടി.പി.രാമകൃഷ്ണന്‍ നിര്‍ദേശം നല്‍കി. തൊഴില്‍ മന്ത്രിയുടെ ചേംബറില്‍ വിളിച്ചു ചേര്‍ത്ത വിവിധ ക്ഷേമനിധി ബോര്‍ഡുകളുടെ സംയുക്ത യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

2017 ഏപ്രില്‍ മുതല്‍ ക്ഷേമ പെന്‍ഷനുകള്‍ 1100 രൂപയായി വര്‍ധിപ്പിച്ചിട്ടുണ്ട്. ഇത് ആനൂകൂല്യത്തിന് അര്‍ഹരായവര്‍ക്കെല്ലാം ഓണത്തിന് മുമ്പ് ലഭ്യാക്കുന്നതിന് അതത് ബോര്‍ഡുകള്‍ നടപടികള്‍ സ്വീകരിക്കണം. തൊഴിലാളികള്‍ക്ക് നല്‍കുന്ന ആനുകൂല്യം വര്‍ധിക്കണമെങ്കില്‍ ബോര്‍ഡുകളുടെ വരുമാനം വര്‍ധിക്കണം. അതിന് കൃത്യമായ ആസൂത്രണവും പരിശ്രമവും ആവശ്യമാണ്. അതിനനുസരിച്ചുള്ള പരിപാടികള്‍ ആവിഷ്‌ക്കരിക്കാന്‍ ബോര്‍ഡുകള്‍ നടപടി സ്വീകരിക്കണം.

എല്ലാ ബോര്‍ഡുകളുടെയും പ്രവര്‍ത്തനം കാര്യക്ഷമമാക്കണം. ജില്ലാ തലത്തിലുളള പരിശോധനകളും ആവശ്യമാണ്.അതത് ബോര്‍ഡ് ചെയര്‍മാന്‍മാരുടെ സാന്നിദ്ധ്യത്തില്‍ ഉദ്യോഗസ്ഥര്‍ പരിശോധനകള്‍ നടത്തണം. ജില്ലാതല അവലോകന യോഗങ്ങളും നടത്തേണ്ടതുണ്ട്.സര്‍ക്കാര്‍ മൂന്നുമാസത്തിലൊരിക്കല്‍ എല്ലാ ബോര്‍ഡുകളുടെയും യോഗം വിളിച്ച് അവലോകനം നടത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

അര്‍ഹതയുള്ളവരെ അംഗങ്ങളാക്കുകയും അനര്‍ഹര്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കുന്ന സ്ഥിതിക്ക് മാറ്റമുണ്ടാക്കുകയും വേണം. ചുമട്ടുതൊഴിലാളി മേഖലയില്‍ അനര്‍ഹര്‍ കടന്നുകൂടിയിട്ടുണ്ടെന്ന പരാതി പ്രത്യേകമായി പരിശോധിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിനുള്ള മാര്‍ഗങ്ങള്‍ സര്‍ക്കാര്‍ തലത്തില്‍ ആസൂത്രണം ചെയ്തുവരുന്നു.കര്‍ഷക തൊഴിലാളി ക്ഷേമത്തിന് മുന്‍സര്‍ക്കാര്‍ അഞ്ചുവര്‍ഷക്കാലവും സാമ്പത്തിക സഹായം അനുവദിക്കാന്‍ തയാറായിരുന്നില്ല.290 കോടി രൂപയുടെ ആനുകൂല്യങ്ങള്‍ ക്ഷേമനിധി അംഗങ്ങള്‍ക്ക് കുടിശികയാണ്. തൊഴിലാളികള്‍ക്ക് ആനൂകൂല്യം ലഭിക്കുന്നതിനുള്ള നടപടികള്‍ ഉണ്ടാകണം.ഇപ്പോള്‍ സര്‍ക്കാര്‍ 30 കോടി രൂപ ബോര്‍ഡിന് അനുവദിച്ചിട്ടുണ്ട്. ബോര്‍ഡിന് കൂടുതല്‍ സര്‍ക്കാര്‍ ഫണ്ട് ലഭ്യമാക്കുന്നതിനുളള നടപടികളും ആലോചിച്ചു വരുന്നതായി മന്ത്രി വ്യക്തമാക്കി.

എല്ലാ ക്ഷേമനിധി ബോര്‍ഡുകളുടെയും പ്രശ്‌നങ്ങള്‍ പരിശോധിക്കുകയും ബോര്‍ഡുകള്‍ സജീവമാക്കുകയും ചെയ്യും. ക്ഷേമനിധി ബോര്‍ഡുകള്‍ സ്വന്തം സാമ്പത്തിക ശേഷി ഉപയോഗിച്ച് പുതിയ പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് സര്‍ക്കാരിന് സമര്‍പ്പിക്കണം.പദ്ധതിക്ക് കാലതാമസം നേരിടാതെയുള്ള നടപടികള്‍ക്ക് ആക്കം കൂട്ടാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കും.

നിലവിലുള്ള 16 ബോര്‍ഡുകള്‍ 11 എണ്ണമാക്കി പുനസംഘടിപ്പിക്കുന്നതിനുള്ള പ്രൊപ്പോസല്‍ സര്‍ക്കാരിന് മുന്നിലുണ്ട്. സര്‍ക്കാര്‍ ബന്ധപ്പെട്ടവരുമായി ചര്‍ച്ച ചെയ്ത് ഇക്കാര്യത്തില്‍ തീരുമാനമെടുക്കും. താല്‍ക്കാലിക ജീവനക്കാരുടെ കൂലി വര്‍ധിപ്പിച്ചുകൊണ്ട് സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവ് എല്ലാ ബോര്‍ഡുകളിലും നടപ്പാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാനും ബോര്‍ഡുകള്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി.യോഗത്തില്‍ വിവിധ ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍മാര്‍, തൊഴില്‍-എക്‌സൈസ് വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ടോം ജോസ്, ലേബര്‍ കമ്മീഷണര്‍ കെ.ബിജു, തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.