മൊത്തവ്യാപാരത്തിന് അവസരമൊരുക്കി ഫ്‌ളിപ്കാര്‍ട്ട്

 മൊത്തവ്യാപാരത്തിന് അവസരമൊരുക്കി ഫ്‌ളിപ്കാര്‍ട്ട്

Sunday January 31, 2016,

2 min Read

ഇന്ത്യയിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ ഇകൊമേഴ്‌സ് കമ്പനിയായ ഫ്‌ളിപ്കാര്‍ട്ട് പുതിയൊരു സംരംഭം കൂടി തുടങ്ങുന്നതിന്റെ തയാറെടുപ്പിലാണ്. വ്യാപാരികള്‍ക്ക് മൊത്തവ്യാപാരം നടത്തുന്നതിനുള്ള അവസരം നല്‍കുകയാണ് ഇതിലൂടെ ലക്ഷ്യം. പ്രധാനമായും ഇന്ത്യയെയും ചൈനയെയുമാണ് ലക്ഷ്യമിടുന്നത്. ഫ്‌ളിപ്കാര്‍ട്ട് ഗ്ലോബല്‍ എന്ന പുതിയ സംരംഭത്തിലൂടെ കച്ചവടക്കാര്‍ക്ക് ഫ്‌ളിപ്കാര്‍ട്ടിലൂടെ മൊത്തമായി സാധനങ്ങള്‍ വാങ്ങാന്‍ കഴിയും. യുവര്‍‌സ്റ്റോറിക്ക് കിട്ടിയ രേഖകളുടെ അടിസ്ഥാനത്തില്‍ അടുത്ത ഒരു മാസത്തിനുള്ളില്‍ ഇതിന്റെ പ്രവര്‍ത്തനം തുടങ്ങും.

image


ലോകമെങ്ങുമുള്ള ഉല്‍പ്പന്നങ്ങള്‍ വ്യാപാരികള്‍ക്ക് മൊത്തമായി വാങ്ങുന്നതിന് ഫ്‌ലിപ്കാര്‍ട്ട് അവസരം ഒരുക്കുമെന്ന് യുവര്‍‌സ്റ്റോറിക്ക് ലഭിച്ച രേഖകള്‍ പറയുന്നു. ചൈനയിലെ പ്രധാന ഓണ്‍ലൈന്‍ കമ്പനികളുമായി ചേര്‍ന്ന് മികച്ച ഉല്‍പ്പന്നങ്ങള്‍ ഫ്‌ലിപ്കാര്‍ട്ടിലൂടെ ലഭിക്കും. എന്നാല്‍ ഈ കമ്പനികള്‍ ആരൊക്കെയാണെന്ന് വ്യക്തമാക്കിയിട്ടില്ല.

ഫ്‌ലിപ്കാര്‍ട്ട് ഗ്ലോബലിന്റെ ചില പ്രത്യേകതകള്‍

1. മൊത്തവിലയ്ക്കായിരിക്കും ഉല്‍പ്പന്നങ്ങള്‍ ലഭിക്കുക

2. 30 പ്രമുഖ കമ്പനികള്‍ ഉണ്ടാകും. ഇതില്‍ ആറെണ്ണം ആഗോളതലത്തില്‍ ഉള്ളവയായിരിക്കും.

3. ഇലക്ട്രോണിക്‌സ്, ഫാഷന്‍, കിഡ്‌സ് തുടങ്ങിയ പല വിഭാഗത്തില്‍പ്പെട്ട 8,000 ത്തിലധികം ഉല്‍പ്പന്നങ്ങള്‍ ഉണ്ടാകും.

4. പുതിയ സംരംഭത്തിന്റെ തുടക്കം മുതല്‍ 50 ഓര്‍ഡറുകള്‍ നല്‍കാം

ഇമെയില്‍ വഴി കച്ചവടക്കാര്‍ക്ക് ഉല്‍പ്പന്നങ്ങള്‍ വാങ്ങാനുള്ള അനുമതി ലഭിക്കും. ഉല്‍പ്പന്നങ്ങള്‍ കാണുന്നതിനും സാംപിള്‍ കാണുന്നതിനും അവസരമുണ്ട്. അതിനുശേഷം ഓര്‍ഡറുകള്‍ നല്‍കാം. തുടര്‍ന്ന് പണമിടപാടുകള്‍ നടത്താം. ഫ്‌ലിപ്കാര്‍ട്ട് ആയിരിക്കും സാധനങ്ങള്‍ എത്തിച്ചുകൊടുക്കുക.

350 രൂപ നിരക്കില്‍ 80,000 ത്തിലധികം പുരുഷന്മാരുടെ ടീഷര്‍ട്ടുകള്‍ വിറ്റഴിച്ചതായി ഫ്‌ലിപ്കാര്‍ട്ടിന്റെ രേഖകളില്‍ പറയുന്നു. എന്നാല്‍ പുതിയ സംരംഭമായ ഫ്‌ലിപ്കാര്‍ട്ട് ഗ്ലോബലിലൂടെ 35 രൂപ നിരക്കില്‍ വ്യാപാരികള്‍ക്ക് ടീ ഷര്‍ട്ടുകള്‍ മൊത്തമായി വാങ്ങാം.

ഇന്ത്യയിലെ നിരവധി ഓണ്‍ലൈന്‍ വ്യാപാര കമ്പനികള്‍ അടുത്തിടെ നിരവധി പുതിയ പദ്ധതികള്‍ക്ക് തുടക്കമിട്ടിരുന്നു. സ്‌നാപ്ഡീല്‍ അടുത്തിടെ ഷെര്‍പാലോയ്ക്ക് തുടക്കമിട്ടു. ഇതിലൂടെ വ്യാപാരികള്‍ക്ക് കച്ചവടവുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും ലഭിക്കും. ഉദാഹരണത്തിന് ഉല്‍പ്പന്നങ്ങളുടെ വിലവിവരപ്പട്ടിക, ധനസഹായം, പരിശീലനം തുടങ്ങിയവ. ജനുവരി ആദ്യം പെടിഎം, പെടിഎം ഫോഴ്‌സ് തുടങ്ങി. ഷോപ്പ്ക്ലൂസ് വില്‍പ്പനക്കാര്‍ക്കായി ഒരു ആന്‍ഡ്രോയിഡ് ആപ്പിന് രൂപം നല്‍കി.

കഴിഞ്ഞ വര്‍ഷം ജൂണില്‍ ആമസോണ്‍ ഒരു ആഗോള വ്യപാര പരിപാടി നടത്തി. ഇതിലൂടെ ഇന്ത്യയിലെ കച്ചവടക്കാര്‍ക്ക് ആമസോണ്‍ ഡോട് കോം, ആമസോണ്‍ ഡോട് കോ ഡോട് യുകെ എന്നിവയിലൂടെ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാനുള്ള അവസരം നല്‍കി. എന്നാല്‍ ഇതിനെക്കാള്‍ ഉയര്‍ന്ന സ്ഥാനം ആലിബാബയ്ക്കാണ്. 4.5 മില്യന്‍ ഇന്ത്യന്‍ കച്ചവടക്കാര്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ ഇതുവഴി വിറ്റഴിച്ചതായി ആലിബാബ അവകാശപ്പെട്ടു. ഡിസംബറില്‍ ആലിബാബ സ്‌മൈല്‍ എന്ന പുതിയ സേവനത്തിനു തുടക്കമിട്ടു. ഇന്ത്യയിലെ ചെറുകിട വ്യവസായകര്‍ക്ക് തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ എത്തിക്കുന്നതിന് വേണ്ട സേവനങ്ങള്‍ നല്‍കാനായിട്ടായിരുന്നു സ്‌മൈല്‍ തുടങ്ങിയത്.

ഓണ്‍ലൈന്‍ വ്യാപാര രംഗത്ത് ആധിപത്യം നേടുന്നതിനായി കമ്പനികള്‍ പരസ്പര മല്‍സരത്തിലാണ്. ഉപഭോക്താക്കളെ ആകര്‍ഷിച്ച് വില്‍പ്പന വര്‍ധിപ്പിക്കുന്നതിലാണ് ഇവയുടെ ലക്ഷ്യം. ഇതിനോടൊപ്പം തന്നെ വ്യാപാരികളുടെ വിശ്വാസ്യതയ്ക്കും ഇവര്‍ പ്രാമുഖ്യം നല്‍കുന്നു. ഷോപ്ക്ലൂസ്, സ്‌നാപ് ഡീല്‍ തുടങ്ങിയവയെല്ലാം തന്നെ കൂടുതല്‍ വ്യാപാരികളെ തങ്ങളുടെ വെബ്‌സൈറ്റിലേക്ക് കൊണ്ടുവരുന്നതിലാണ് ശ്രദ്ധ പുലര്‍ത്തുന്നത്. എന്നാല്‍ ഫ്‌ലിപ്കാര്‍ട്ട് ഇതില്‍ വേണ്ടത്ര ശ്രദ്ധ വച്ചിരുന്നില്ല.

80,000 ലധികം വ്യാപാരികള്‍ ഫ്‌ലിപ്കാര്‍ട്ടിനൊപ്പമുണ്ട്. എന്നാല്‍ സ്‌നാപ്ഡീലിന് ഇതു രണ്ടു ലക്ഷവും ഷോപ്ക്ലൂസിന് ഇത് 3.5 ലക്ഷവുമാണ്. ഇതാണ് ഫ്‌ളിപ്കാര്‍ട്ടിനെയും പുതിയ വിപണനതന്ത്രം കൈകൊള്ളാന്‍ പ്രേരിപ്പിച്ചത്.

ഫ്‌ളിപ്കാര്‍ട്ട് ഗ്ലോബല്‍ വ്യാപാരികള്‍ക്ക് ഏറെ സന്തോഷം നല്‍കുന്നതാണ്. ഇതുവഴി വളരെ കുറഞ്ഞ നിരക്കില്‍ വ്യാപാരികള്‍ക്ക് ഉല്‍പ്പന്നങ്ങള്‍ ലഭിക്കും. ഇതുമൂലം കൂടുതല്‍ വ്യാപാരികളെ തങ്ങളുടെ അടുത്തേക്ക് നേരിട്ട് കൊണ്ടെത്തിക്കാന്‍ കഴിയുമെന്ന് ഫ്‌ലിപ്കാര്‍ട്ട് കരുതുന്നു.