ജാതിയും മതത്തെയും നിരസിച്ച് പുതുതലമുറ കരുത്തുകാട്ടണം

0

ജാതിയും മതത്തെയും നിരസിച്ച് പുതുതലമുറ കരുത്തുകാട്ടണമെന്ന് പൊതുമരാമത്ത് വകുപ്പുമന്ത്രി ജി. സുധാകരന്‍. ശ്രീനാരായണ ഗുരുവിന്റെ 'നമുക്കു ജാതിയില്ല' വിളംബരത്തിന്റെ ശതാബ്ദിയുടെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച ആഘോഷങ്ങളുടെ ജില്ലാതല സമാപനം കായംകുളത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജാതിക്കെതിരെ സാംസ്‌കാരിക സാഹിത്യനായകര്‍ നടത്തിയ പോരാട്ടം സുവര്‍ണ ലിപികളില്‍ രേഖപ്പെടുത്തപ്പെട്ടവയാണ്. കുമാരനാശാനും ഉള്ളൂരും വള്ളത്തോളുമൊക്കെ ജാതി ഉച്ചനീചത്വങ്ങള്‍ക്കെതിരെ അവരുടെ സൃഷ്ടികളിലൂടെ ശക്തമായി പ്രതികരിച്ചു. ജാതിയെ വ്യക്തി ജീവിതത്തിലൂടെ വെല്ലുവിളിച്ച് രാഷ്ട്രീയ സാംസ്‌കാരിക നായകര്‍ മിശ്രവിവാഹം നടത്തി. വാക്കും പ്രവര്‍ത്തിയും സമഞ്ജസമാകണമെന്ന ഗുരുവിന്റെ ദര്‍ശനത്തില്‍ നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊള്ളണം. ജാതിയുടെ ജാടകളെപ്പറ്റി അറിഞ്ഞിരിക്കണം. ജാതിയും മതത്തെയും നിരസിച്ച് പുതുതലമുറ കരുത്തുകാട്ടണം. കേരളത്തിന്റെ മഹാഭാഗ്യമാണ് ശ്രീ നാരായണഗുരുമന്ത്രി പറഞ്ഞു. കായംകുളം ഗവണ്‍മെന്റ് ഗേള്‍സ് ഹൈസ്‌കൂളില്‍ നടന്ന ചടങ്ങില്‍ അഡ്വ. യു.പ്രതിഭാഹരി എം.എല്‍.എ ആധ്യക്ഷ്യം വഹിച്ചു.

സാഹിത്യകാരന്‍ സി. രാധാകൃഷ്ണന്‍, ചലച്ചിത്രതാരം ഗിന്നസ് പക്രു എന്നിവര്‍ മുഖ്യ പ്രഭാഷണം നടത്തി. ആര്‍. രാജേഷ് എം.എല്‍.എ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദലീമ ജോജോ, മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ബിപിന്‍ സി.ബാബു, മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.രഘുപ്രസാദ്, കായംകുളം നഗരസഭാ ഉപാധ്യക്ഷ ആര്‍.ഗിരിജ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ എ.വി.രഞ്ജിത്ത് (കല്ലൂര്‍), വി.പ്രഭാകരന്‍(പത്തിയൂര്‍), ബി.വിജയമ്മ (കൃഷ്ണപുരം), പ്രൊഫ.വി.വാസുദേവന്‍(ഭരണിക്കാവ്), ഐ പി.ആര്‍.ഡി അസിസ്റ്റന്റ് എഡിറ്റര്‍ എ.അരുണ്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു. എ.ഡി.എം. സുബൈര്‍കുട്ടി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കായംകുളം നഗരസഭാ ചെയര്‍മാന്‍ അഡ്വ.എന്‍.ശിവദാസന്‍ സ്വാഗതവും കാര്‍ത്തികപ്പള്ളി തഹസില്‍ദാര്‍ പി.മുരളിധരക്കുറുപ്പ് നന്ദിയും പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെയും ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെയും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെയും ആഭിമുഖ്യത്തിലാണ് ശതാബ്ദി ആഘോഷം സംഘടിപ്പിച്ചത്.

മന്ത്രി ജി.സുധാകരന്‍, സാഹിത്യകാരന്‍ സി. രാധാകൃഷ്ണന്‍, ചലച്ചിത്രതാരം ഗിന്നസ് പക്രു എം.എല്‍.എമാര്‍ എന്നിവരെ സംഘാടക സമിതി ഉപഹാരം നല്‍കി ആദരിച്ചു. ശിവശക്തി ഗ്രൂപ്പിന്റെ നേതൃത്വത്തിലുള്ള നൃത്തനൃത്യങ്ങളും അരങ്ങേറി. ഒ.ഡി.എഫ് പ്രവര്‍ത്തനങ്ങളില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരെയും ഉദ്യോഗസ്ഥരെയും ആദരിച്ചു.