പ്രേക്ഷകരുടെ മനം കവര്‍ന്ന് മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ ഫ്‌ളാഷ് മോബ് ഫൈനല്‍  

0

ജനുവരി 2 മുതല്‍ 31 വരെ മെഡിക്കല്‍ കോളേജില്‍ നടക്കുന്ന ഗ്ലോബല്‍ മെഡിക്കല്‍ എക്‌സിബിഷന്‍ 'മെഡക്‌സ് 2017' പ്രചാരണത്തിന്റെ ഭാഗമായി വിവിധ വേദികളിലായി മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ചുവന്ന ഫ്‌ളാഷ് മോബിന്റെ ഫൈനല്‍ തമ്പാനൂര്‍ കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്‍ഡില്‍ വച്ച് നടന്നു. അന്‍പതിലധികം വിദ്യാര്‍ത്ഥികള്‍ ഈ ഫ്‌ളാഷ് മോബില്‍ പങ്കെടുത്തു. നൂറുകണക്കിന് ആളുകള്‍ ഫ്‌ളാഷ് മോബ് കാണാന്‍ തടിച്ചുകൂടി.

കേരളത്തിലെ മെഡിക്കല്‍ വിദ്യാഭ്യാസത്തിന് തറക്കല്ലിട്ട തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളേജിന്റെ 65-ാം വാര്‍ഷികത്തോടനുബന്ധിച്ചാണ് മെഡിക്കല്‍ എക്‌സിബിഷന്‍ സംഘടിപ്പിച്ചിരിക്കുന്നത്. ആധുനിക വൈദ്യശാസ്ത്രത്തിന്റെ അനന്തസാധ്യതകളെപ്പറ്റി പൊതുജനങ്ങളെ ബോധാവാന്‍മാരാക്കുക, ചികിത്സാ രീതികളെപ്പറ്റി സാധാരണക്കാര്‍ക്കിടയിലുള്ള മിഥ്യാധാരണകളെ തുടച്ചുമാറ്റുക എന്നീ ലക്ഷ്യങ്ങളോടെയാണ് എക്‌സിബിഷന്‍ സംഘടിപ്പിക്കുന്നത്.

മനുഷ്യ ശരീരത്തിലെ യഥാര്‍ത്ഥ അവയങ്ങള്‍, ആന്തരിക അവയവങ്ങളുടെ വലിയ മാതൃകകള്‍, പ്രഥമ ശുശ്രൂക്ഷ പ്രവര്‍ത്തനങ്ങള്‍, ലാബ് പ്രവര്‍ത്തനങ്ങള്‍ മുതല്‍ സര്‍ജറികള്‍ വരെയും ഈ എക്‌സിബിഷനില്‍ സജ്ജമാക്കും.

ആരോഗ്യ വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, ആരോഗ്യ സര്‍വകലാശാല, മെഡിക്കല്‍ കോളേജ് അലുമ്‌നി അസോസിയേഷന്‍, ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍, വിദ്യാര്‍ത്ഥി യൂണിയന്‍ എന്നിവ സംയുക്തമായാണ് എക്‌സിബിഷന്‍ സംഘടിപ്പിക്കുന്നത്. മെഡിക്കല്‍ കോളേജിലെ 40 വിഭാഗങ്ങളും അറുന്നൂറോളം വരുന്ന വിദ്യാര്‍ത്ഥികളും കഠിന പ്രയത്‌നം ചെയ്താണ് ഈ എക്‌സിബിഷന്‍ സാക്ഷാത്കരിക്കുന്നത്.