ഇവള്‍ സോമി, കിച്ചാങ്കനിയുടെ അക്ഷരവെളിച്ചം

ഇവള്‍ സോമി, കിച്ചാങ്കനിയുടെ അക്ഷരവെളിച്ചം

Wednesday January 27, 2016,

2 min Read

കിച്ചാങ്കനി ഒരു പക്ഷേ ഈ പേര് സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്ന മലയാളികള്‍ക്ക് ഏറെക്കുറെ പരിചിതമാണ്, കിച്ചാങ്കനി എന്ന ആഫ്രിക്കന്‍ ഗ്രാമത്തിനുവേണ്ടി പരിശ്രമിച്ച പലരും നമുക്കിടയില്‍ ഉണ്ട് താനും. അങ്ങുദൂരെയുള്ള ആഫ്രിക്കന്‍ ഗ്രാമം നമുക്ക് മുന്നില്‍ അവതരിപ്പിച്ചത് സോമി സോളമന്‍ എന്ന പെണ്‍കുട്ടിയാണ്.

image


സോമി മലയാളിയാണ് കേരളത്തില്‍ ജനിച്ചുവളര്‍ന്ന ഒരു തനി നാട്ടിന്‍പുറത്തുകാരി. ഇന്ന് കിച്ചാങ്കനിയെന്ന ആഫ്രിക്കന്‍ ഗ്രാമത്തിന്റെ നല്ലെ നാളെകള്‍ ഈ പെണ്‍കുട്ടിയുടെ കൈകളിലാണെന്നു പറയാം. ഇതുകേട്ട് ഗാന്ധിജിയ്ക്ക് ഇതാ ഒരു പിന്‍ഗാമിയെന്നാണ് മനസില്‍ തെളിയുന്നതെങ്കില്‍ വരട്ടെ അതല്ല,ഗാന്ധിജിയുടെ ദക്ഷിണാഫ്രിക്കയിലെ പരിശ്രമങ്ങള്‍ ഇന്ത്യക്കാര്‍ക്ക് വേണ്ടിയായിരുന്നെങ്കില്‍ സോമിയുടെ പരിശ്രമങ്ങള്‍ കിച്ചങ്കനിക്കുവേണ്ടിയാണ്.

image


കല്യാണം കഴിഞ്ഞ് ഭര്‍ത്താവിനൊപ്പമാണ് സോമി ടാന്‍സാനിയയിലെത്തുന്നത് ആദ്യം ഉപാന്‍ഗ എന്ന സ്ഥലത്തായിരുന്നു സോമി. പിന്നീട് കിച്ചാങ്കനിയിലേക്ക് താമസം മാറി. ഇതോടെയാണ് കിച്ചാങ്കനിയും അവിടുത്തെ സാധാരണക്കാരും സോമിയുടെ ജീവിതത്തിന്റെ ഭാഗമാകുന്നത്. 

image


തീര്‍ത്തും അപരിഷ്‌കൃതരായ ഒരു സമൂഹം, കോളനിവാഴ്ച്ചയുടെയും വര്‍ണവിവേചനങ്ങളുടെയും ബാക്കി പത്രമായ ഒരു ആഫ്രിക്കന്‍ ഗ്രാമത്തിലാണ് താനെന്നു സോമി മനസിലാക്കി, വിദ്യാഭ്യാസത്തിനുള്ള സാഹചര്യങ്ങളോ എന്തിന് കുടിവെള്ളം പോലും ഇല്ലാത്ത ഒരു ഗ്രാമമാണ് സോമി കണ്ട കിച്ചാങ്കനി, കിച്ചാങ്കനിയില്‍ സോമി ആകെ കണ്ടെത്തിയ നന്മ നല്ല കുറെ മനുഷ്യരെയായിരുന്നു. അവര്‍ക്കുവേണ്ടി എന്തുചെയ്യാമെന്ന ചിന്തയാണ് ലൈബ്രറിയെന്ന ആശയത്തിലേക്ക് സോമിയെ എത്തിച്ചത്. സോമി തന്റെ സ്വപ്‌നം ഫെയ്‌സ്ബുക്കില്‍ പങ്കുവെക്കുന്നു, ഇതോടെ കിച്ചാങ്കനിയെന്ന ഗ്രാമത്തിന് അക്ഷരവെളിച്ചം പകരാനായി ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും സുഹൃത്തുക്കളെത്തി. അവരുടെ നല്ല മനസ് പുസ്തക രൂപത്തില്‍ കിച്ചാങ്കനിയിലേക്കും.

image


ഇന്നും പൊതുസമൂഹത്തില്‍ നിന്നും തെല്ലു അകലം പാലിച്ചു നില്‍ക്കുന്ന ഇന്നും പല വിധത്തിലുള്ള ചൂഷണത്തിനു വിധേയമായികൊണ്ടിരിക്കുന്ന നാടാണ് കിച്ചാങ്കനി,അവരെ വെളിച്ചത്തിലേക്ക്, അസ്തിത്വത്തിലേക്ക് നയിക്കാന്‍ ഇംഗ്ലീഷ് വിദ്യാഭ്യാസം അനിവാര്യമാണെന്നു സോമി തിരിച്ചറിഞ്ഞതോടെയാണ് കിച്ചാങ്കനിയ്ക്ക് ഒരു ലൈബ്രറിവേണമെന്ന ചിന്ത സോമിയിലുണ്ടാകുന്നത്. ഒരിക്കല്‍ തങ്ങളെ ചൂഷണം ചെയ്തവരുടെ ഭാഷ പഠിച്ചുതന്നെ കിച്ചാങ്കനി വളരട്ടെ.

image


വെറുമൊരു ലൈബ്രറിയല്ല കിച്ചാങ്കനിയില്‍ സോമി പടുത്തുര്‍ത്തുന്നത്, കംപ്യൂട്ടര്‍ പരിജ്ഞാനം അടക്കമുള്ളവ സ്വായത്തമാക്കാനുള്ള സൗകര്യങ്ങളും ലൈബ്രറിയില്‍ ഉണ്ടാകും. കിച്ചാങ്കനിയിലെ ഗ്രമത്തലവനെ കണ്ട്, ഗ്രമീണരുമായി കൂടിക്കാഴ്ച്ച നടത്തി, ഗ്രമസഭ കൂടി അങ്ങനെ കിച്ചാങ്കനിയുടെ വിശ്വാസം പൂര്‍ണമായും സ്വന്തമാക്കിയ ശേഷമാണ് സോമി ലൈബ്രറിയെന്ന സ്വപ്‌നം സാക്ഷാത്ക്കരിക്കാനിറങ്ങിത്തിരിച്ചത്. ഗ്രാമീണര്‍ പിരിവിട്ടു നിര്‍മ്മിച്ച കെട്ടിടടത്തിലാണ് ലൈബ്രറി തയാറാകുന്നത്. ലൈബ്രറിയുടെ അവസാനഘട്ട പണികളിലാണ് സോമിയിപ്പോള്‍. 

image


കിച്ചാങ്കനിയില്‍ ലൈബ്രറി നിര്‍മ്മിച്ചുകഴിഞ്ഞാല്‍ അടുത്ത ഗ്രാമങ്ങളിലേക്കും ലൈബ്രറിയുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കാനാണ് സോമിയുടെ പദ്ധതി. എന്തിനും തയാറായി സോമിയുടെ പരിശ്രങ്ങള്‍ക്ക് ഒപ്പം നില്‍ക്കുന്ന കിച്ചാങ്കനിക്കാര്‍ ആണ് സോമിയുടെ ശക്തി. സോമിയ്ക്ക് ഈ പ്രവൃത്തി ഒരു നന്ദി പ്രകടനമാണ് ഒപ്പം ഒരു പ്രായച്ഛിത്തവും, തനിക്ക് ജീവിക്കാന്‍ സൗകര്യമൊരുക്കിത്തന്ന നാടിനോടുള്ള നന്ദി, ഒപ്പം ഇന്ത്യയടക്കം ഇന്നും വര്‍ണവെറിയോടെ അകറ്റി നിര്‍ത്തുന്ന ഒരു ജനതയോടുള്ള പ്രായചിത്തവും.

image


സാമ്പത്തികമായി വളര്‍ന്നുകൊണ്ടിരിക്കുന്ന നാടാണ് ടാന്‍സാനിയ. കെട്ടിടങ്ങളും അഡംബര സൗകര്യങ്ങളും ഉയര്‍ന്നുപൊങ്ങുന്നുണ്ട്, പക്ഷേ അപ്പോഴും സാധാരണ ജനങ്ങള്‍ യാതൊരു പുരോഗതിയും ഇല്ലാതെ ജീവിക്കുന്നു, ചെയ്യുന്ന തൊഴിലിനുപോലും വേതനം ലഭിക്കുന്നില്ല, ഇന്ത്യയില്‍ നിന്നുള്ളവര്‍ പോലും ടാന്‍സാനിയയിലെ സ്ത്രീകളെ ലൈംഗിക ചൂഷണത്തിനിരയാക്കുന്നു.

image


വിദ്യാഭ്യാസ യോഗ്യതയില്ലാത്തതിനാല്‍ ടാന്‍സാനിയയിലെ ജോലികളില്‍ എല്ലാം വൈദേശിക ആധിപത്യമാണ്, ചുരുക്കിപ്പറഞ്ഞാല്‍ സോമി അറിഞ്ഞ ടാന്‍സാനിയ, കിച്ചങ്കനി ഒരു ഇരുളടഞ്ഞലോകമായിരുന്നു, ഇവിടെയാണ് സോമിക്ക് വെളിച്ചം തെളിക്കേണ്ടത്,അറിവ് പകര്‍ന്ന് സാങ്കേതിക വിദ്യകള്‍ പഠിപ്പിച്ച് സോമിക്ക് കിച്ചാങ്കനിയെ ഉയര്‍ത്തെഴുന്നേല്‍പ്പിക്കണം. അകലെ ഒരു ആഫ്രിക്കന്‍ ഗ്രാമം ഒരു മലയാളിപ്പെണ്‍കുട്ടിയുടെ കൈപിടിച്ച് ഉയര്‍ത്തെഴുന്നേല്‍ക്കുകാണ്, നാളെ ഗാന്ധിക്കു കഴിയാത്ത പുതിയ ചരിത്രം രചിക്കാന്‍ ഇവള്‍ക്കാകട്ടെ....