അവധിദിനങ്ങളിലെ അനധികൃത നിര്‍മാണങ്ങള്‍ തടയാന്‍ തദ്ദേശസ്ഥാപനങ്ങളില്‍ പ്രത്യേക സ്‌ക്വാഡ്

0

തുടര്‍ച്ചയായ അവധിദിനങ്ങളില്‍ അനധികൃത കെട്ടിടനിര്‍മാണങ്ങള്‍ കണ്ടെത്താനും തടയാനും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ പ്രത്യേക സ്‌ക്വാഡുകള്‍ രൂപീകരിച്ചു. നഗരസഭകളില്‍ സെക്രട്ടറി, എഞ്ചിനീയര്‍/കെട്ടിടനിര്‍മാണാനുമതിയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍, നഗര ഗ്രാമാസൂത്രണ വകുപ്പിലെ ജില്ലാ ടൗണ്‍പ്ലാനര്‍/ഡെപ്യൂട്ടി ടൗണ്‍ പ്ലാനര്‍, ബന്ധപ്പെട്ട തദ്ദേശസ്ഥാപനത്തിന്റെ ചുമതലയുള്ള റീജിയണല്‍ ജോയന്റ് ഡയറക്ടര്‍ ഓഫ് മുനിസിപ്പാലിറ്റീസ് എന്നിവരാണ് സ്‌ക്വാഡിലുള്ളത്. 

പഞ്ചായത്തുകളില്‍ സെക്രട്ടറി, എഞ്ചിനീയര്‍/ഓവര്‍സിയര്‍/കെട്ടിട നിര്‍മാണാനുമതിയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍, നഗര ഗ്രാമാസൂത്രണ വകുപ്പിലെ ജില്ലാ ടൗണ്‍ പ്ലാനര്‍/ഡെപ്യൂട്ടി ടൗണ്‍ പ്ലാനര്‍, ബന്ധപ്പെട്ട ജില്ലയിലെ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ എന്നിവരാണ് സ്‌ക്വാഡിലുള്ളത്.

അവധി ദിവസങ്ങളില്‍ അനധികൃത നിര്‍മാണങ്ങളുണ്ടാകുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ട ചുമതല തദ്ദേശസ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ക്കാണ്. നിര്‍മാണങ്ങളുണ്ടായാല്‍ പരിശോധന നടത്തി കണ്ടെത്തി നിര്‍ത്തിവെക്കാന്‍ സ്‌ക്വാഡ് നടപടി സ്വീകരിക്കും. നോട്ടീസ് നല്‍കിയിട്ടും നിര്‍ത്തിവെക്കാത്ത സാഹചര്യത്തില്‍ പോലീസ് സഹായം തേടി നിര്‍ത്തിവെപ്പിക്കുകയും റിപ്പോര്‍ട്ട് സര്‍ക്കാരിന് നല്‍കുകയും ചെയ്യണം. അനധികൃത നിര്‍മാണങ്ങളുടെ ഫോട്ടോ ജില്ലാ ടൗണ്‍ പ്ലാനര്‍ ഫോട്ടോയില്‍ പകര്‍ത്തി പ്രിന്‍സിപ്പല്‍ സെക്രട്ടറിയെയും ചീഫ് ടൗണ്‍ പ്ലാനറെയും അറിയിക്കണം.

തദ്ദേശസ്ഥാപനങ്ങള്‍ അനധികൃത നിര്‍മാണവുമായി ബന്ധപ്പെട്ട പരാതികള്‍ സ്വീകരിക്കാനുള്ള ഫോണ്‍ നമ്പര്‍/ഇ-മെയില്‍ വിലാസം പരസ്യപ്പെടുത്തണമെന്നും ഉത്തരവില്‍ പറയുന്നു. ലഭിക്കുന്ന പരാതികള്‍ 24 മണിക്കൂറിനകം സ്‌ക്വാഡുകള്‍ പരിശോധിച്ച് നടപടി സ്വീകരിച്ച് റിപ്പോര്‍ട്ട് ചെയ്യണം. അനധികൃത നിര്‍മാണം മോണിറ്റര്‍ ചെയ്യാനും നടപടി സ്വീകരിക്കാനുമായി ചീഫ് ടൗണ്‍ പ്ലാനര്‍ ഓഫീസില്‍ ഹെല്‍പ്പ് ഡെസ്‌ക് ഉടന്‍ പ്രവര്‍ത്തനമാരംഭിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. എല്ലാദിവസവും അനധികൃത നിര്‍മാണം നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് തദ്ദേശസ്വയംഭരണവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, ചീഫ് ടൗണ്‍ പ്ലാനര്‍ എന്നിവരെ അറിയിക്കാനും ഉത്തരവില്‍ നിഷ്‌കര്‍ഷിക്കുന്നു.