പ്രതിരോധ കുത്തിവയ്പ്പ് തീവ്രയജ്ഞ പരിപാടി വിജയിപ്പിക്കണം: ആരോഗ്യ വകുപ്പ് ഡയറക്ടര്‍  

0

ദേശീയ പ്രതിരോധ കുത്തിവയ്പ്പ് എടുക്കാത്ത കുട്ടികള്‍, ഗര്‍ഭിണികള്‍ എന്നിവര്‍ക്ക് കുത്തിവയ്പ്പ് നല്‍കാനുളള കേന്ദ്രാവിഷ്‌കൃത തീവ്രയജ്ഞ പരിപാടിയായ മിഷന്‍ ഇന്ദ്ര ധനുഷ് വിജയിപ്പിക്കണമെന്ന് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ അഭ്യര്‍ത്ഥിച്ചു. 

2017 മെയ്, ജൂണ്‍, ജൂലായ് മാസങ്ങളില്‍ ഏഴാം തീയതി മുതല്‍ ഏഴ് ദിവസമായാണ് കുത്തിവയ്പ്പ് നല്‍കുന്നത്. എറണാകുളം, കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം, പാലക്കാട്, തൃശ്ശൂര്‍ ജില്ലകളിലും തിരുവനന്തപുരം, കൊല്ലം, കാസര്‍കോഡ് ജില്ലകളിലെ നഗരപ്രദേശങ്ങളിലുമാണ് പദ്ധതി നടപ്പിലാക്കുന്നത്. ഡി.എം.ഒ, ഡി.പി.എം, ആര്‍.സി.എച്ച് ഓഫീസര്‍ എന്നിവരുടെ നേതൃത്വത്തില്‍ ജെ.എച്ച്.ഐ, ജെ.പി.എച്ച്.എന്‍ സ്‌കൂള്‍ ഹെല്‍ത്ത് ജെ.പി.എച്ച്.എന്‍, അംഗന്‍വാടി ടീച്ചര്‍ ആശ വര്‍ക്കര്‍ എന്നിവരെ ഉള്‍പ്പെടുത്തി പ്രത്യേക ക്യാമ്പുകള്‍ സംഘടിപ്പിച്ചാണ് കുത്തിവയ്പ് നല്‍കുന്നത്. പൂര്‍ണമായും പ്രതിരോധ കുത്തിവെപ്പ് എടുത്തിട്ടില്ലാത്തതും ഭാഗികമായി കുത്തിവെയ്പ് എടുത്തിട്ടുള്ളതുമായ കുട്ടികള്‍ക്ക് വാക്‌സിന്‍ കൊണ്ടു പ്രതിരോധിക്കാവുന്ന രോഗങ്ങള്‍ കണ്ടുവരുന്നതിനാല്‍ ഇത്തരം മുഴുവന്‍ കുട്ടികള്‍ക്കും കുത്തിവെയ്പ് നല്‍കുവാനുള്ള പദ്ധതിക്ക് ഏറെ പ്രാധാന്യമുണ്ടെന്നും ഡയറക്ടര്‍ അറിയിച്ചു.