സിയാല്‍ ലാഭവിഹിതമായി 27.84 കോടി രൂപ സര്‍ക്കാരിന് നല്‍കി  

0

കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് (സിയാല്‍) 2015-2016 വര്‍ഷത്തെ ലാഭവിഹിതം സംസ്ഥാന സര്‍ക്കാരിന് നല്‍കി. 27.84 കോടി രൂപയുടെ ഡിമാന്‍ഡ് ഡ്രാഫ്റ്റ് കമ്പനി ഡയറക്ടര്‍ കൂടിയായ മന്ത്രി ശ്രീ.മാത്യു ടി.തോമസ്, മുഖ്യമന്ത്രി ശ്രീ.പിണറായി വിജയന് കൈമാറി.

2015-16 സാമ്പത്തികവര്‍ഷത്തില്‍ 524.5 കോടി രൂപയാണ് സിയാലിന്റെ വരുമാനം. നികുതി കിഴിച്ചുള്ള ലാഭം 175.22 കോടി രൂപയും. 2003-04 മുതല്‍ കമ്പനി മുടങ്ങാതെ ലാഭവിഹിതം നല്‍കിവരുന്നു. ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 25% ശതമാനം ലാഭവിഹിതമാണ് നിക്ഷേപകര്‍ക്ക് നല്‍കുന്നത്. ഇതോടെ മൊത്തം മുടക്കുമുതലിന്റെ 178% ശതമാനം ലാഭവിഹിതം നിക്ഷേപകര്‍ക്ക് നല്‍കാന്‍ കമ്പനിയ്ക്ക് കഴിഞ്ഞിട്ടുണ്ട്. 36 രാജ്യങ്ങളില്‍ നിന്നായി 18,200 നിക്ഷേപകരാണ് കമ്പനിയ്ക്കുള്ളത്. സംസ്ഥാന സര്‍ക്കാരിന് 32.4 % ഓഹരിയുണ്ട്. മുന്‍സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് 2015-16-ല്‍ മൊത്തവരുമാനം 26.71 ശതമാനവും അറ്റാദായത്തില്‍ 21.19 ശതമാനവും കമ്പനി വളര്‍ച്ച നേടിയിട്ടുണ്ട്. 1999-ല്‍ പ്രവര്‍ത്തനമാരംഭിച്ച വിമാനത്താവളത്തില്‍ ഇപ്പോള്‍ 7,500 പേരോളം ജോലിചെയ്യുന്നു.

സിയാല്‍ ഡയറക്ടര്‍മാരായ, ശ്രീ.കെ.റോയ് പോള്‍, ശ്രീമതി എ.കെ.രമണി, അഡീഷണല്‍ ചീഫ് സെക്രട്ടറിയും സിയാല്‍ മാനേജിങ് ഡയറക്ടറുമായ ശ്രീ.വി.ജെ.കുര്യന്‍, ശ്രീ.എം.എ.യൂസഫലി, ശ്രീ.എന്‍.വി.ജോര്‍ജ്, ശ്രീ.ഇ.എം.ബാബു,കമ്പനി സെക്രട്ടറി ശ്രീ.സജി.കെ.ജോര്‍ജ് എന്നിവര്‍ പങ്കെടുത്തു. ലോകത്തിലെ ആദ്യത്തെ സമ്പൂര്‍ണ സൗരോര്‍ജ വിമാനത്താവളമായ കൊച്ചി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലൂടെ 2015-16-ല്‍ 77.71 ലക്ഷം പേര്‍ യാത്രചെയ്തു. രാജ്യത്ത് അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണത്തില്‍ നാലാം സ്ഥാനത്തും മൊത്തം യാത്രക്കാരുടെ എണ്ണത്തില്‍ ഏഴാം സ്ഥാനത്തുമാണ് സിയാല്‍. 1100 കോടി രൂപ ചെലവില്‍ 15 ലക്ഷം ചതുരശ്രയടിയില്‍ നിര്‍മിച്ച പുതിയ അന്താരാഷ്ട്ര ടെര്‍മിനല്‍ വൈകാതെ പ്രവര്‍ത്തനമാരംഭിക്കും.