എം ക്യൂബ്: ഇന്ത്യയിലെ ആദ്യത്തെ മോട്ടിവേഷണല്‍ മാജിക് ഷോയുമായി മുതുകാട്‌

0

ഇന്ത്യയിലെ ആദ്യത്തെ മോട്ടിവേഷണല്‍ മാജിക് ഷോയുമായി മജീഷ്യന്‍ ഗോപിനാഥ് മുതുകാട്. എം ക്യൂബ് എന്നാണ് ഷോയ്ക്ക് പേര് നല്‍കിയിരിക്കുന്നത്. ജീവിത വിജയത്തിനായി യുവമനസ്സുകളില്‍ കരുത്തിന്റെ ശക്തി പകരുക എന്ന ഉദ്ദേശത്തോടെയാണ് മുതുകാട് എം ക്യൂബ് ഒരുക്കിയിരിക്കുന്നത്.

ആരോഗ്യപരമായ നവമനസ്സുകള്‍ യുവജനങ്ങള്‍ക്കിടയില്‍ സൃഷ്ടിക്കുക എന്ന ഉദ്ദേശത്തോടെ മോള്‍ഡിംഗ് മൈന്‍ഡ്‌സ് മാജിക്കലി എന്ന പുതുമയാര്‍ന്ന ഒരാശയമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. 'മാനസികാരോഗ്യത്തിന്റെ മാന്യത' എന്ന ലോകാരോഗ്യ സംഘടനയുടെ മുദ്രാവാക്യത്തിന് അനുയോജ്യമായ രീതിയിലാണ് എം. ക്യൂബ് എന്ന പ്രചോദനാത്മക പരിപാടി ചിട്ടപ്പെടുത്തിയിരിക്കുന്നത്.

ഇന്ത്യയില്‍ ഇതാദ്യമായാണ് ഇത്തരമൊരു മോട്ടിവേഷന്‍ ഷോ. മുതുകാടിന്റെ പതിവ് ഇന്ദ്രജാല പരിപാടികളില്‍ നിന്നും തികച്ചും വ്യത്യസ്തമായി പത്ത് മഹാരഥന്മാരുടെ ജീവിത ദര്‍ശനങ്ങളുടെ അകമ്പടിയോടെ, സാങ്കേതിക വിദ്യയുടെ സങ്കേതങ്ങള്‍ ഉപയോഗിച്ച് ശബ്ദ-ദൃശ്യവിസ്മയത്തിന്റെ പുതിയതലം സൃഷ്ടിച്ചുകൊണ്ടാണ് ഈ പരിപാടി അവതരണത്തിന് തയ്യാറാകുന്നത്.

ഒന്നര മണിക്കൂര്‍ നീളുന്ന ഈ പരിപാടിയില്‍ മൊബൈല്‍ ഫോണുകളുടെ ദുരുപയോഗം, സാമൂഹ്യമാധ്യമങ്ങള്‍ ചെലുത്തുന്ന സ്വാധീനം, ലഹരി വസ്തുക്കളുടെ ഉപയോഗം, അന്ധവിശ്വാസങ്ങളുടെ കടന്നുകയറ്റം തുടങ്ങി യുവജനങ്ങളെ ബാധിക്കുന്ന സാമൂഹിക-മാനസിക പ്രശ്‌നങ്ങളിലേയ്ക്ക് വെളിച്ചം വീശുകയാണ് എം. ക്യൂബ്. പ്രതിസന്ധികളെ തരണം ചെയ്യുക, ഓര്‍മശക്തി വര്‍ധിപ്പിക്കുക, ദേശസ്‌നേഹം വളര്‍ത്തുക, ശ്രദ്ധ കേന്ദ്രീകരിക്കുക, ഉചിതമായ തീരുമാനങ്ങളെടുക്കുക, സഹജീവികളോടുള്ള മാനുഷികപരമായ സമീപനങ്ങള്‍ മെച്ചപ്പെടുത്തുക, ആരോഗ്യകരമായ ചിന്താശേഷി വളര്‍ത്തുക തുടങ്ങിയവ അനാവരണം ചെയ്യുന്നു.

മാറുന്ന സാഹചര്യത്തില്‍ അപകടങ്ങളിലേക്ക് പോകുവാന്‍ സാധ്യതയുള്ള നമ്മുടെ കുട്ടികളിലേയ്ക്ക് ഇത്തരം മൂല്യവത്തായ സന്ദേശങ്ങള്‍ എത്തിക്കുന്നതിലൂടെ അവരുടെ ശോഭനമായ ഭാവിയും ഒപ്പം നമ്മുടെ നാടിന്റെ വളര്‍ച്ചയും മെച്ചപ്പെടുമെന്ന് കരുതുന്നതായും വിഷാദ രോഗങ്ങളുടെയും ശുഭാപ്തിവിശ്വാസമില്ലായ്മയുടേയും നടുവില്‍ ഇരുട്ടിലേക്ക് വഴിമാറുന്ന ജീവിതങ്ങള്‍ക്ക് എം ക്യൂബ് സൂര്യവെളിച്ചമാവുമെന്ന പ്രതീക്ഷയാണുള്ളതെന്നും എം. ക്യൂബിന്റെ അവതാരകന്‍ മജീഷ്യന്‍ ഗോപിനാഥ് മുതുകാട് പറഞ്ഞു.

സ്‌കൂളുകള്‍, കോളേജുകള്‍, സ്ഥാപനങ്ങള്‍, കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെല്ലാം എം.ക്യൂബ് അവതരിപ്പിക്കുന്നത് വ്യത്യസ്ത രീതികളിലായിരിക്കും. എം ക്യൂബിന്റെ സംസ്ഥാന തല ഉദ്ഘാടനം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് പട്ടം സെന്റ്‌മേരീസ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിക്കും. വിദ്യാഭ്യാസ മന്ത്രി അബ്ദുറബ്ബ് അദ്ധ്യക്ഷത വഹിക്കും. തുടര്‍ന്ന് കുട്ടികള്‍ക്കായി എം.ക്യൂബിന്റെ ആദ്യാവതരണം നടക്കും. എം.ക്യൂബിന്റെ ദേശീയതല ഉദ്ഘാടനം ഡല്‍ഹിയില്‍ ഫെബ്രുവരിയിലും അന്തര്‍ദ്ദേശീയ ഉദ്ഘാടനം മാര്‍ച്ചില്‍ ദുബായിലെ ലേബര്‍ ക്യാമ്പിലും സംഘടിപ്പിക്കും.