കുട്ടികളുടെ വിദ്യാഭ്യാസത്തിനായി അനൂപ് പരീഖ്

0

അനൂപ് പരീഖിനെ പോലുള്ള ചെറുപ്പക്കാരുടെ മനസാണ് നാളത്തെ ഇന്ത്യയുടെ പ്രതീക്ഷ. എല്ലാ കുട്ടികള്‍ക്കും മികച്ച വിദ്യാഭ്യാസം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ടീച്ച് ഫോര്‍ ഇന്ത്യയില്‍ 2010ല്‍ ഫെല്ലോഷിപ്പ് പൂര്‍ത്തിയാക്കിയ അനൂപ് പരീഖ് തുടര്‍ന്ന് ടീച്ച് ഫോര്‍ ഇന്ത്യക്കു വേണ്ടി പ്രവര്‍ത്തിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇപ്പോള്‍ മുംബൈയിലെ ഗോവന്ദിയില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ഗീതാ വികാസ് സ്‌കൂളിലെ മുഴുവന്‍ സമയ അധ്യാപകനാണ് അനൂപ്. 'ഒരു രക്ഷകര്‍ത്താവിനെപ്പോലെയും ഒരു മൂത്ത സഹോദരനെപ്പോലെയും ഞാന്‍ എന്റെ കുട്ടികളെ സ്‌നേഹിക്കുന്നു. വിധിയുടെ നിര്‍ണയത്തിലാണ് ഞാന്‍ ഇവിടെ എത്തിയത്. എന്റെ കുട്ടികളെ പരീക്ഷയില്‍ വിജയികളാക്കുക എന്ന ലക്ഷ്യമാണ് എന്ന ഇവിടെ തുടരാന്‍ പ്രേരിപ്പിക്കുന്നത്.' അനൂപ് പറയുന്നു. 

ഒഹിയോയിലെ വൂസ്റ്റര്‍ കോളേജിലെ അക്കാദമിക് കൗണ്‍സിലറായി ജോലി നോക്കിയിരുന്ന അനൂപ് ടീച്ച് ഫോര്‍ അമേരിക്കയിലും ടീച്ച് ഫോര്‍ ഇന്ത്യയിലും അംഗങ്ങളായ തന്റെ സുഹൃത്തുക്കളുടെ പ്രചോദനം കൊണ്ടാണ് ടി എഫ് ഐ ഫെലോഷിപ്പിന് ചേര്‍ന്നത്. രാജ്യത്തിനു വേണ്ടി ഒട്ടേറെ കാര്യങ്ങള്‍ ചെയ്യാനാകുമെന്ന് മനസിലാക്കിയാണ് താന്‍ ജനിച്ച് വളര്‍ന്ന ഇതേ സ്ഥലത്ത് തന്നെ പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതെന്ന് അനൂപ് പറയുന്നു. മികച്ച ശമ്പളം ലഭിക്കാനായി മറ്റ് രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി താന്‍ ചിന്തിച്ചിട്ടേയില്ലെന്ന് അനൂപ് വ്യക്തമാക്കുന്നു.

എന്താണ് അദ്ധ്യാപന ജോലിയില്‍ നിന്നും പ്രതീക്ഷിക്കേണ്ടതെന്ന് തനിക്ക് കൃത്യമായി അറിയില്ലായിരുന്നു. താനൊരു വിദ്യാര്‍ത്ഥിയായിരുന്ന സമയത്ത് മാത്രമാണ് അദ്ധ്യാപകരെപ്പറ്റി താന്‍ ചിന്തിച്ചിരുന്നത്. താനെല്ലാ രീതിയിലും നല്ലൊരു ജീവിതമാണ് ഇപ്പോള്‍ നയിക്കുന്നത്. നമുക്ക് സത്യത്തില്‍ ജീവിതത്തില്‍ ആവശ്യമില്ലാത്ത പലതിനും നാം വലിയ വിലകല്‍പ്പിക്കാറുണ്ട്. എന്നെ സംബന്ധിച്ച് വലിയ ശമ്പളമുളള ജോലിയും ആഡംബരമായ ജീവിതവുമെല്ലാം ഈ ഗണത്തില്‍പെടുന്നവയാണ്. ഇത്തരം ആഡംബരങ്ങള്‍ ഉപേക്ഷിക്കുന്നതു കൊണ്ട് എന്റെ ജീവിതം ഇന്ന് ലളിതമാണ്. എന്നാല്‍ അദ്ധ്യാപകര്‍ക്ക് നല്‍കുന്ന വിലയും ശമ്പളവും വളരെ കുറവാണെന്നും അനൂപിന് അഭിപ്രായമുണ്ട്.

ഓരോ കുട്ടിയും അപാരമായ കഴിവുകളുടെ ഉടമകളാണ്. സത്യത്തില്‍ ചേരികളില്‍ വസിക്കുന്ന അവര്‍ തങ്ങളുടെ ചുറ്റുപാടുകളില്‍ നിന്ന് രക്ഷപ്പെടാനും ഉയരാനുമുള്ള ശ്രമത്തിലാണ്. ഇതുവരെയുള്ള ജീവിതത്തില്‍ നിന്നും താന്‍ പഠിച്ച ഏറ്റവും വലിയ പാഠം ക്ഷമയാണെന്ന് അനൂപ് വ്യക്തമാക്കി. കുട്ടികളാണ് എന്നെ അത് പഠിപ്പിച്ചത്. കുട്ടികള്‍ക്ക് സാധിക്കുന്നതു പോലെ നമ്മളെ പരീക്ഷിക്കാന്‍ മറ്റാര്‍ക്കും സാധിക്കില്ല. തോല്‍വികള്‍ ഏറ്റു വാങ്ങിയാലും അതില്‍ മാറ്റമുണ്ടാകുമെന്ന് വിശ്വസിച്ച് നമ്മളുടെ ജോലി കൃത്യമായി ചെയ്തുകൊണ്ടിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. കുട്ടികള്‍ തന്നെയാണ് തന്നെ എപ്പോഴും പ്രചോദിപ്പിക്കുന്നത്. അവരുടെ പഠിക്കാനുള്ള ആഗ്രഹം, ചുറ്റുമുള്ള കാര്യങ്ങളെപ്പറ്റി ചോദ്യം ചോദിക്കാനുള്ള ശേഷി, പുതിയ കാര്യങ്ങള്‍ ചെയ്യാനുള്ള ഊര്‍ജ്ജം എന്നിവയെല്ലാം തനിക്ക് വലിയ പ്രചോദനം നല്‍കുന്നു.

എന്താണ് സ്വന്തം ജീവിതത്തിലെ തുടര്‍ന്നുള്ള ഭാവി പരിപാടിയെന്ന് തന്നോട് പലരും ചോദിക്കാറുണ്ട്. ജീവിതത്തില്‍ തുടര്‍ന്നും അദ്ധ്യാപകനായി പ്രവര്‍ത്തിക്കാന്‍ തന്നെയാണ് തനിക്കിഷ്ടമെന്ന് അനൂപ് വ്യക്തമാക്കി. നാം നമ്മളുടെ രാജ്യത്തെ ഇപ്പോള്‍ തോല്‍പ്പിച്ചുകൊണ്ടിരിക്കുകയാണെന്നാണ് ഒരു അദ്ധ്യാപകന്‍ എന്ന നിലയില്‍ തനിക്ക് തോന്നുന്നതെന്ന് അനൂപ് പറയുന്നു. സമൂഹത്തിന് ആവശ്യമായ ആരോഗ്യ സേവനങ്ങള്‍, വിദ്യാഭ്യാസം, പരിസ്ഥിതി സംരക്ഷണം തുടങ്ങിയവയ്ക്ക് പ്രാധാന്യം നല്‍കുന്നതിന് പകരം ബുള്ളറ്റ് ട്രെയിനുകള്‍ക്കും ഖനന നിയമങ്ങള്‍ക്കുമാണ് കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്. ഇവ അപ്രധാനമെന്നല്ല താനുദ്ദേശിക്കുന്നത്. ഇന്നത്തെ കുട്ടികളെ നല്ല പൗരന്‍മാരായും മനുഷ്യരുമാക്കാന്‍ കൂടുതല്‍ പ്രാധാന്യം നല്‍കണമെന്നാണ് തന്റെ ആഗ്രഹം. എല്ലാ കുട്ടികള്‍ക്കും പൂര്‍ണ സ്വാതന്ത്യത്തോടെ ഉത്തരവാദിത്തമുള്ള തീരുമാനങ്ങള്‍ എടുക്കാന്‍ പ്രാപ്തരാക്കുക എന്നതാണ് ടീച്ച് ഫോര്‍ ഇന്ത്യയുടെ ലക്ഷ്യം. തനിക്ക് സാധിക്കും വിധം ധാരാളം കുട്ടികള്‍ക്ക് പ്രചോദനവും വിദ്യാഭ്യാസവും തുടര്‍ന്നും നല്‍കുമെന്ന് പറയുമ്പോള്‍ അനൂപ് തന്റെ നയം വ്യക്തമാക്കുന്നു.