ഇവര്‍ നാളെയുടെ മക്കള്‍; വഴികാട്ടിയായി തമഹാര്‍

ഇവര്‍ നാളെയുടെ മക്കള്‍; വഴികാട്ടിയായി  തമഹാര്‍

Wednesday October 21, 2015,

2 min Read

എല്ലാ കുട്ടികളും ഒരുപോലെയാണ്. സമൂഹത്തില്‍ എല്ലാവര്‍ക്കും തുല്യ സ്‌നേഹം പരിചരണവും കിട്ടണം. മാനസിക ശാരീരിക വൈകല്യങ്ങളുള്ള കുട്ടികളുടെ പഠനത്തിനായുള്ള തമഹാറിന്റെ ഡയറക്ടര്‍ വൈശാലി പൈയുടെ വാക്കുകളാണിത്. വൈശാലിയുടെ ഈ വാക്കുകള്‍ക്ക് വ്യക്തമായ അര്‍ത്ഥവും ഉദ്ദേശവും ഉണ്ട്. സമൂഹത്തില്‍ ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികളെ കണ്ടെത്തി അവരെ കളികളിലൂടെയും പഠനത്തിലൂടെയും വിനോദത്തിലൂടെയും സാധാരണ കുട്ടികള്‍ക്കൊപ്പം എത്തിക്കുകയാണ് വൈശാലിയുടെ നേതൃത്വത്തില്‍ തമഹാര്‍ ചെയ്യുന്നത്.

image


മുംബൈയില്‍ നിന്നും 25 വര്‍ഷങ്ങള്‍ക്ക് മുമ്പ് ബാംഗ്ലൂരിലെത്തിയ വൈശാലി പൈ, ഇന്ദിരാ നഗറില്‍ ബുദ്ധിമാന്ദ്യമുള്ള കുട്ടികള്‍ക്കുവേണ്ടിയാണ് ആദ്യം പ്രവര്‍ത്തിച്ച് തുടങ്ങിയത്. തന്റെ താമസ സ്ഥലത്ത് നിന്ന് 19 കിലോമീറ്ററോളം യാത്ര ചെയ്ത് ജോലിക്കെത്തിയിരുന്ന വൈശാലിയുടെ ചിന്തയെ തമഹാര്‍ തുടങ്ങാനുള്ള നീക്കത്തിലേക്കെത്തിച്ചതും ഈ യാത്ര തന്നെയാണ്. ശാരീരിക മാനസിക വൈകല്യങ്ങളുള്ള കുട്ടികളെ പഠിപ്പിക്കുന്നതിന് ബുദ്ധിമുട്ടുകള്‍ സഹിച്ച്‌ മാതാപിതാക്കള്‍ ഏറെദൂരം യാത്ര ചെയ്യേണ്ടി വരുന്നത്‌ വൈശാലിക്ക്‌ നിത്യ കാഴ്ചയായിരുന്നു. ഇവര്‍ക്ക് പഠനത്തിനായി അടുത്തുതന്നെ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്നായി വൈശാലിയുടെ പിന്നീടുള്ള ചിന്ത. ഇതേക്കുറിച്ച് വൈശാലിക്ക് വ്യക്തമായ കാഴ്ചപ്പാടുണ്ടായിരുന്നു

image


വൈകല്യങ്ങള്‍ നേരിടുന്നവര്‍ക്കായി ഗ്രാമ പ്രദേശങ്ങളില്‍ 15-20 കിലോമീറ്ററിനുള്ളിലും നഗരങ്ങളില്‍ ഏഴ് കിലോമീറ്ററിനുള്ളിലും സ്ഥാപനങ്ങള്‍ ആരംഭിക്കുക എന്ന ലക്ഷ്യമായിരുന്നു വൈശാലിയുടെ മനസില്‍. ഇങ്ങനെയാണ് ബാംഗ്ലൂരില്‍ വൈശാലി, തമഹാര്‍ എന്ന സംരഭം തുടങ്ങിയത്. ബാംഗ്ലൂരില്‍ തമഹാറിന് രണ്ട് സെന്ററുകളാണുള്ളത്. വെല്ലുവിഴികള്‍ നേരിടുന്ന കുട്ടികള്‍ക്ക് മറ്റുള്ളവരേക്കാള്‍ പ്രത്യേക ശ്രദ്ധ ആവശ്യമാണ്. ഇത്തരം കുട്ടികളെ ചിന്തിക്കാന്‍ പഠിപ്പിക്കണം. അവര്‍ക്ക് മനസിലാകുന്ന രീതിയില്‍ അവരോട്‌ ചോദ്യങ്ങള്‍ ചോദിക്കണം. അവര്‍ക്ക് ചിന്തിച്ച് മറുപടി പറയാന്‍ സമയം കൊടുക്കണം. ഇതെല്ലാമാണ് തമഹാര്‍ ചെയ്യുന്നതെന്ന് വൈശാലി വ്യക്തമാക്കുന്നു.

image


കൂടാതെ കുട്ടികള്‍ക്ക് സ്ഥിരമായി വിവിധ തരത്തിലുള്ള തെറാപ്പികള്‍ നല്‍കും. ക്രിയാത്മകമായ പ്രവര്‍ത്തനങ്ങളും കുട്ടികളെക്കൊണ്ട് ചെയ്യിക്കാറുണ്ട്. തമഹാറിനകത്തും പുറത്തുമായി കുട്ടികള്‍ക്ക് വിവിധ കളികളും ഒരുക്കുന്നുണ്ട്. മറ്റുള്ളവരോടൊപ്പം ചേര്‍ന്ന് കളിക്കുന്നത് കുട്ടികള്‍ക്ക് മാനസിക വളര്‍ച്ചക്ക് ഏറെ സഹായിക്കും. ശാരീരിക വെല്ലുവിളികളുള്ള കുട്ടികള്‍ക്ക് കളിക്കാന്‍ സാധിക്കില്ലെങ്കിലും ഇവര്‍ മറ്റുള്ളവര്‍ ചെയ്യുന്നത് നോക്കി ആസ്വദിക്കാറുണ്ടെന്നും വൈശാലി പറയുന്നു. കുടുംബത്തില്‍നിന്നും മാതാപിതാക്കളില്‍നിന്നും ഉണ്ടാകുന്ന സമീപനമാണ് ഇത്തരം കുട്ടികളുടെ മാനസിക വളര്‍ച്ചയില്‍ പ്രധാനം. അതിനാല്‍തന്നെ കുട്ടികള്‍ക്കൊപ്പം മാതാപിതാക്കള്‍ക്കും സഹോദരങ്ങള്‍ക്കും വീട്ടിലുള്ള മറ്റുള്ളവര്‍ക്കുമായും തമഹാര്‍ ക്ലാസുകള്‍ സംഘടിപ്പിക്കാറുണ്ട്.

image


കുട്ടികളോട് ഇടപഴകുന്ന ഓരോരുത്തരുടെയും മനോഭാവം പ്രധാനമാണ്. മാതാപിതാക്കള്‍ തന്നെയാണ് കുട്ടികള്‍ക്കുള്ള ഏറ്റവും മികച്ച തെറാപ്പിസ്റ്റുകളെന്ന് വൈശാലി സാക്ഷ്യപ്പെടുത്തുന്നു. തമഹാറിലെ ഓരോ അംഗങ്ങള്‍ക്കും ഉണ്ടായിരിക്കേണ്ട അടിസ്ഥാന ഗുണം കുട്ടികളോട് സ്‌നേഹമുണ്ടായിരിക്കുക എന്നതാണ്. വിദ്യാഭ്യാസ യോഗ്യതക്ക് പ്രാധാന്യമില്ല. ജോലി ചെയ്യാനുള്ള മനസും സന്നദ്ധതയുമാണ് പ്രധാനം. യോഗ തെറാപ്പി, ക്ലിനിക്കല്‍ സൈക്കോളജി, മ്യൂസിക് തെറാപ്പി, ഫിസിയോതെറാപ്പി എന്നിവയില്‍ അഭിരുചിയുള്ളവര്‍ക്കും പ്രാധാന്യം നല്‍കാറുണ്ട്.

സ്ഥാപനത്തിന്റെ നടത്തിപ്പിന് തികയില്ലെങ്കിലും കുട്ടികളില്‍നിന്നും ചെറിയ ഫീസ് ഈടാക്കുന്നുണ്ട്. സൗജന്യമായാല്‍ മിക്കവരും ഇത് ഗൗരവത്തോടെ എടുക്കുകയും കുട്ടികളെ ശ്രദ്ധിക്കുകയും ചെയ്യില്ല എന്നതിനാലാണ് ചെറിയ ഫീസ് ഈടാക്കുന്നത്. മറ്റുള്ളവരില്‍നിന്ന് കിട്ടുന്ന സംഭാവനകളിലൂടെയാണ് സ്ഥാപനത്തിന്റെ നടത്തിപ്പ്. വൈശാലിയുടെ കുടുംബം തന്നെയാണ് കൂടുതല്‍ സഹായങ്ങളും ചെയ്യുന്നത്. സാമ്പത്തികമായി പിന്നിലാണെങ്കിലും പരിശീലനത്തിന്റെയും അധ്യാപകരുടെയും കാര്യത്തില്‍ സ്ഥാപനം പൂര്‍ണമായും സുരക്ഷിതമാണെന്ന് വൈശാലി പറയുന്നു.

image


നഗരത്തിലെ ചേരികളിലും മറ്റ് ഗ്രാമപ്രദേശങ്ങളിലും ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്ന നിരവധി കുട്ടികള്‍ വീടുകളില്‍ കഴിയുന്നുണ്ട്. ഇവരെ കണ്ടെത്തി പരിശീലനം നല്‍കിയാല്‍ സമൂഹത്തില്‍ മറ്റുള്ളവര്‍ക്കൊപ്പമെത്തിക്കാനാകും. ഇതിനു വേണ്ടിയാണ് വൈശാലിയുടെ അടുത്ത ശ്രമങ്ങള്‍.