നോര്‍ക്ക റൂട്ട്‌സ് സാന്ത്വന പദ്ധതിക്ക് 12.6 കോടിയുടെ അനുമതി

നോര്‍ക്ക റൂട്ട്‌സ് സാന്ത്വന പദ്ധതിക്ക് 12.6 കോടിയുടെ അനുമതി

Monday July 24, 2017,

1 min Read

പ്രവാസ ജീവിതം കഴിഞ്ഞ് തിരിച്ചെത്തി ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിന് നോര്‍ക്ക റൂട്ട്‌സ് മുഖാന്തിരം നടപ്പാക്കിയ സാന്ത്വന പദ്ധതിക്ക് സംസ്ഥാന സര്‍ക്കാര്‍ 12.6 കോടി രൂപയുടെ ഭരണാനുമതി നല്‍കി. അഞ്ചര കോടി രൂപ വിതരണത്തിനായി നോര്‍ക്ക റൂട്ട്‌സിന് അനുവദിച്ചു.

image


 കഴിഞ്ഞ സാമ്പത്തിക വര്‍ഷം അപേക്ഷ നല്‍കിയ 662 പേര്‍ക്ക് പദ്ധതി പ്രകാരം നല്‍കാനുള്ള 3.82 കോടി രൂപ ഉടനെ വിതരണം ചെയ്യുമെന്ന് നോര്‍ക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഡോ. കെ.എന്‍ രാഘവന്‍ അറിയിച്ചു. 330 പേര്‍ക്ക് കൂടി സാന്ത്വന സഹായം നല്‍കാന്‍ സര്‍ക്കാര്‍ അനുമതി ലഭിച്ചിട്ടുണ്ട്. ഇവര്‍ക്കുള്ള സഹായധനവും ഇതോടൊപ്പം വിതരണം ചെയ്യും.

 വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ താഴെയുള്ള മുന്‍ പ്രവാസികള്‍ക്കാണ് ധനസഹായത്തിന് അര്‍ഹത. ചികിത്സാ ധനസഹായം 50,000 രൂപ, മരണാനന്തര സഹായം ഒരു ലക്ഷം രൂപ, പെണ്‍മക്കളുടെ വിവാഹ സഹായം 15,000 രൂപ, വീല്‍ ചെയര്‍, ക്രച്ചസ് തുടങ്ങിയവയ്ക്ക് 10,000 രൂപ എന്നിങ്ങനെയാണ് സാന്ത്വന സഹായം നല്‍കുന്നത്. വിവരങ്ങള്‍ www.norkaroots.net ല്‍ ലഭ്യമാണ്.