എസ്‌വി.കോ 'സ്റ്റാര്‍ട്ട് ഇന്‍ കോളജ്' വിദ്യാര്‍ത്ഥികളിലേക്ക്

0

ലോകത്തിലെ ആദ്യ സ്റ്റുഡന്റ് ഡിജിറ്റല്‍ ഇന്‍കുബേറ്ററായി തുടക്കമിട്ട എസ്‌വി.കോ (sv.co), ഓണ്‍ലൈന്‍ സംരംഭക പരിശീലനമായ സ്റ്റാര്‍ട്ട്ഇന്‍കോളജിന്റെ (#StartInCollege#) പ്രചരണാര്‍ഥം രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും പര്യടനം നടത്തും. നാല് മാസത്തെ പ്രചരണപരിപാടിക്ക് ദേശീയാടിസ്ഥാനത്തില്‍ ഓഗസ്റ്റ് മൂന്നിന് തിരുവനന്തപുരം ഗവ.എന്‍ജിനീയറിംഗ് കോളജില്‍ തുടക്കമിടും. എസ്‌വി.കോ പരിശീലനത്തിനായി 50 ടീമുകളെ അഖിലേന്ത്യാടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കുകയാണ് പ്രചാരണപരിപാടിയുടെ ലക്ഷ്യം. ഇവര്‍ ആറു മാസം കൊണ്ട് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ആശയം നല്‍കി, ഉല്പന്നങ്ങള്‍ സൃഷ്ടിച്ച് ഉപയോക്താക്കളിലെത്തണം. അവസാനത്തെ ഒരാഴ്ച ഇവര്‍ക്ക് അമേരിക്കയിലെ സിലിക്കണ്‍ വാലിയില്‍ പരിശീലനം നല്‍കും. ഓരോ സംസ്ഥാനത്തെയും തെരഞ്ഞെടുക്കപ്പെട്ട 15 കോളജുകളെ ഹബ്ബുകളാക്കി മാറ്റി പരിശീലന പരിപാടിയെക്കുറിച്ച് വിശദീകരിക്കും. 

മറ്റു കോളജുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഈ കോളജുകളിലെത്തി പരിപാടിയില്‍ പങ്കെടുക്കാം. കേരളത്തില്‍ സ്റ്റാര്‍ട്ടപ് പ്രവര്‍ത്തനം സജീവമായ എന്‍ജിനീയറിംഗ് കോളജുകളെയാണ് ഹബ്ബുകളായി തെരഞ്ഞെടുത്തിട്ടുള്ളത്. പ്രചാരണത്തിന്റെ ആദ്യഘട്ടത്തില്‍ കേരളം, തമിഴ്‌നാട്, ആന്ധ്ര, തെലങ്കാന, കര്‍ണാടക, ഗുജറാത്ത്, ഗോവ എന്നിവയെയാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. മറ്റു സംസ്ഥാനങ്ങളെ തുടര്‍ന്നുള്ള മൂന്നു ഘട്ടങ്ങളിലായി വിഭജിച്ചിട്ടുണ്ട്. കേരളത്തില്‍ തിരുവനന്തപുരം ഗവ. എന്‍ജിനീയറിംഗ് കോളജാണ്(സിഇടി) പര്യടനത്തിന്റെ നോഡല്‍ ഹബ്ബായി പ്രവര്‍ത്തിക്കുന്നത്. ഈ കോളജിലെ ഇലക്‌ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്‍ജിനീയറിംഗ് അവസാന വര്‍ഷ വിദ്യാര്‍ത്ഥിയായ ശൈലേന്ദ്ര സോമന്റെ നേതൃത്വത്തില്‍ സിഇടി ഓന്‍ട്രപ്രെന്യുര്‍ഷിപ് ഡവലപ്‌മെന്റ് ക്ലബ് ആണ് പര്യടനപരിപാടി തയാറാക്കിയിരിക്കുന്നത്.

 സംസ്ഥാനത്തെ മറ്റ് ഹബ്ബുകള്‍ ഇനി പറയുന്നു തിരുവനന്തപുരം: ശ്രീ ചിത്രാ എന്‍ജിനീയറിംഗ് കോളജ്, കൊല്ലം: ടി.കെ.എം കോളജ് ഓഫ് എന്‍ജിനീയറിംഗ് കോട്ടയം: അമല്‍ജ്യോതി, രാജിവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, കൊച്ചി:രാജഗിരി, കുസാറ്റ്, ഫിസാറ്റ്, മുത്തൂറ്റ്, ടോക്എച്ച്, മാര്‍ അത്തനേഷ്യസ്. മോഡല്‍ എന്‍ജിനീയറിംഗ് കോളജ്. തൃശൂര്‍: ഗവ.എന്‍ജിനീയറിംഗ് കോളജ്, പാലക്കാട്: എന്‍.എസ്.കോളജ്. കോഴിക്കോട്: എന്‍ഐടി, കണ്ണൂര്‍: കോളജ് ഓഫ് എന്‍ജിനീയറിംഗ്, തലശേരി. സിഇടിയിലെ സീറ്റ ഹാളില്‍ ബുധനാഴ്ച നാലുമണിക്കാണ് പ്രചാരണപരിപാടിയുടെ ഉദ്ഘാടനം. സ്റ്റാര്‍ട്ടപ് വില്ലേജ് ചെയര്‍മാന്‍ സഞ്ജയ് വിജയകുമാറും സ്ഥാപക സിഇഒ സിജോ കുരുവിളയും സ്റ്റാര്‍ട്ട് ഇന്‍ കോളജിനെക്കുറിച്ച് വിശദീകരിക്കും. 

തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഇവര്‍ എല്ലാ ഹബ്ബുകളിലുമെത്തും. ഇതിനുപുറമെ വിദ്യാര്‍ഥികള്‍ക്ക് ഫെയ്‌സ്ബുക്കിലൂടെ ഓണ്‍ലൈനായും സംശയനിവൃത്തി വരുത്താമെന്ന് സഞ്ജയ് വിജയകുമാര്‍ അറിയിച്ചു. വേനലവധി കഴിഞ്ഞ് ബുധനാഴ്ച കോളജുകള്‍ തുറക്കുന്നതു കണക്കിലെടുത്താണ് ബുധനാഴ്ച മുതല്‍ പ്രചാരണം ഏറ്റെടുക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. വിദ്യാര്‍ത്ഥികളുമായുള്ള ആശയവിനിമയം വീഡിയോയയില്‍ പകര്‍ത്തുന്നുണ്ട്. ഈ മാസം ആദ്യഘട്ടത്തിലെ 25 കോളജുകളില്‍നിന്ന് ലഭിക്കുന്ന ദൃശ്യങ്ങളുള്‍പ്പെടെ രാജ്യത്തെ 50 മികച്ച കോളജുകളെ ഉള്‍പ്പെടുത്തി വീഡിയോ ചിത്രം തയാറാക്കുമെന്ന് സഞ്ജയ് അറിയിച്ചു. കൊച്ചി സ്റ്റാര്‍ട്ടപ് വില്ലേജിന്റെ രണ്ടാംഘട്ടമായി എസ്‌വി.കോ മുഖ്യമന്ത്രി പിണറായി വിജയനാണ്‌ തിരുവനന്തപുരം ഗവ. എന്‍ജിനീയറിംഗ് കോളജില്‍ ഉദ്ഘാടനം ചെയ്തത്.