ന്യൂറോ സര്‍ജറി വിഭാഗത്തിന്റെ സുവര്‍ണ ജൂബിലി ആഘോഷ ഉദ്ഘാടനം

ന്യൂറോ സര്‍ജറി വിഭാഗത്തിന്റെ സുവര്‍ണ ജൂബിലി ആഘോഷ ഉദ്ഘാടനം

Wednesday November 23, 2016,

2 min Read

 മെഡിക്കല്‍ കോളേജ് ന്യൂറോസര്‍ജറി വിഭാഗത്തിന്റെ സുവര്‍ണ ജൂബിലി ആഘോഷത്തിന്റെ ഉദ്ഘാടനം നവംബര്‍ 23-ാം തീയതി ബുധനാഴ്ച വൈകുന്നേരം 5 മണിക്ക് മെഡിക്കല്‍ കോളേജ് ഓള്‍ഡ് ആഡിറ്റോറിയത്തില്‍ വച്ച് ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിക്കുന്നു. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ചടങ്ങില്‍ അധ്യക്ഷനായിരിക്കും.

image


ന്യൂറോസര്‍ജറി വിഭാഗം മുന്‍ മേധാവികളായ ഡോ. സാംബശിവന്‍, ഡോ. എസ്.കെ. രാമചന്ദ്രന്‍ നായര്‍, ഡോ. മാര്‍ത്താണ്ഡ പിള്ള, ഡോ. ഭവദാസന്‍, ഡോ. റെയ്മണ്ട് മോറിസ്, ഡോ. കെ.എല്‍. സുരേഷ് കുമാര്‍ എന്നിവരെ ചടങ്ങില്‍ ആദരിക്കും.

അഭിമാനത്തിന്റെ 50 വര്‍ഷങ്ങളുമായി ന്യൂറോ സര്‍ജറി വിഭാഗം

മികച്ച ചികിത്സയിലൂടെ അത്യാസന്നരായ നിരവധി രോഗികളെ ജീവിതത്തിലേക്ക് തിരികെക്കൊണ്ടുവന്ന പാരമ്പര്യമുള്ള മെഡിക്കല്‍ കോളേജ് ന്യൂറോ സര്‍ജറി വിഭാഗം അഭിമാനത്തിന്റെ 50 വര്‍ഷം പിന്നിടുകയാണ്. പാശ്ചാത്യ രാജ്യങ്ങളില്‍ ലഭിക്കുന്ന ഉന്നത നിലവാരമുള്ള ചികിത്സയാണ് ഇവിടത്തെ ന്യൂറോ സര്‍ജറി വിഭാഗത്തിലും ലഭ്യമാക്കുന്നത്. നൂതനമായ ചികിത്സാ സംവിധാനങ്ങളോടെ തലച്ചോറിന്റേയും നട്ടെല്ലിന്റേയും സുഷുമ്‌നാ നാഡിയുടേയും ക്ഷതങ്ങളും ട്യൂമറുകളും ഇവിടെ ചികിത്സിക്കുന്നു. ഏകദേശം 1250 ന്യൂറോ ശസ്ത്രക്രിയകളാണ് ഒരു വര്‍ഷം ഇവിടെ ചെയ്യുന്നത്.

രോഗ നിര്‍ണ്ണയത്തിനായി ഇക്കാലത്ത് ലഭ്യമായ ഉപകരണങ്ങളോ, സി.ടി. സ്‌കാനോ എം.ആര്‍.ഐ സ്‌കാനോ മറ്റ് ആധുനിക സംവിധാനങ്ങളോ ഇല്ലായിരുന്ന കാലത്താണ് കേരളത്തിലാദ്യമായി 1966ല്‍ തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളേജില്‍ ന്യൂറോസര്‍ജറി വിഭാഗം ആരംഭിച്ചത്. ഭാരതത്തിലെ ആദ്യത്തെ ന്യൂറോ സര്‍ജറി ബിരുദധാരിയും മലയാളിയുമായ ഡോ. ജേക്കബ് ചാണ്ടിയുടെ കീഴില്‍ വെല്ലൂര്‍ മെഡിക്കല്‍ കോളേജില്‍ നിന്നും ന്യൂറോ സര്‍ജറി അഭ്യസിച്ച ഡോ. സാംബശിവനാണ് ഇവിടെ സ്വതന്ത്രമായ ന്യൂറോ സര്‍ജറി വിഭാഗം തുടങ്ങിയത്.

പുതിയ സാങ്കേതിക വിദ്യകള്‍ ഇല്ലാത്ത ആ കാലത്ത് രോഗിയെ പരിശോധിച്ച് മാത്രം രോഗ നിര്‍ണ്ണയം നടത്തുകയും ശസ്ത്രക്രിയ ചെയ്ത് സുഖപ്പെടുത്തുകയും ചെയ്തിരുന്നു. ഇവിടത്തെ ചികിത്സയുടെ യശസ് വര്‍ധിച്ചപ്പോള്‍ അന്യൂറിസം പോലുള്ള ശസ്ത്രക്രിയകള്‍ കാണാനായി പാശ്ചാത്യ രാജ്യങ്ങളില്‍ നിന്നുപോലും ന്യൂറോ സര്‍ജന്‍മാര്‍ മെഡിക്കല്‍ കോളേജില്‍ എത്തിയിരുന്നു.

ഇന്ന് അസൂയാവഹമായ നിലയിലാണ് ന്യൂറോ സര്‍ജറി വിഭാഗത്തിന്റെ വളര്‍ച്ച. അന്ന് ഒരു മുറിയില്‍ മൂന്ന് കിടക്കകള്‍ മാത്രമായി തുടങ്ങിയ ന്യൂറോസര്‍ജറി വിഭാഗത്തിന് ഇന്ന് ഏകദേശം 50 വാര്‍ഡ് കിടക്കകളും, 16 തീവ്ര പരിചരണ കിടക്കകളുമുണ്ട്. സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കില്‍ രണ്ട് യൂണിറ്റുകളായാണ് ഇപ്പോളിത് പ്രവര്‍ത്തിക്കുന്നത്. പത്ത് എം.സി.എച്ച്. യോഗ്യത നേടിയ അധ്യാപകരുടെ കീഴില്‍ 18 പി.ജി. വിദ്യാര്‍ത്ഥികള്‍ ഇവിടെ പരിശീലനം നടത്തുന്നു. ദേശീയ തലത്തില്‍ നടത്തുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തില്‍ ഒരു വര്‍ഷം ആറു പേര്‍ക്കാണ് പ്രവേശനം ലഭിക്കുന്നത്. മൂന്ന് വര്‍ഷത്തെ കഠിനമായ പരിശീലനത്തിലൂടെ ഇവര്‍ പ്രാപ്തരായ ന്യൂറോ സര്‍ജന്‍മാരാകുന്നു. ഇതുവരെ ഏകദേശം 71 ന്യൂറോ സര്‍ജന്‍മാരെ രാജ്യത്തിന് സംഭാവന ചെയ്യുവാന്‍ ഈ വിഭാഗത്തിന് കഴിഞ്ഞിട്ടുണ്ട്. ഇവിടെനിന്നും ബിരുദം നേടിയ ന്യൂറോ സര്‍ജന്‍മാര്‍ ലോകത്തിന്റെ നാനാഭാഗങ്ങളിലെ പ്രശസ്ത ആശുപത്രികളില്‍ ജോലി ചെയ്യുന്നു.

ദേശീയ തലത്തില്‍ നടത്തുന്ന ഡി.എന്‍.ബി. ന്യൂറോ സര്‍ജറി പരീക്ഷയ്ക്ക് അംഗീകരിക്കപ്പെട്ട സെന്ററാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ്. ഡോ. അനില്‍ കുമാര്‍ പീതാംബരനും ഡോ ബി.പി. രാജ്‌മോഹനുമാണ് ഇപ്പോഴത്തെ യൂണിറ്റ് മേധാവികള്‍.

മസ്തിഷ്‌കത്തിലെയും സുഷുമ്‌നാ നാഡിയിലെയും ക്ഷതങ്ങളും ട്യൂമറുകളും പൂര്‍ണ്ണമായും ചികിത്സിച്ച് ഭേദമാക്കുവാന്‍ അന്നും ഇന്നും ഒരു പോലെ ബുദ്ധിമുട്ടുള്ള കാര്യമാണ്. എങ്കിലും മെഡിക്കല്‍ കോളേജിലെ അതികായകന്മായ ഡോക്ടര്‍മാരുടെ പ്രാഗത്ഭ്യം കൊണ്ട് ജീവിതം തിരിച്ച് കിട്ടിയവര്‍ അനേകായിരങ്ങളാണ്. ആ ഒരു അഭിമാനത്തിലാണ് ന്യൂറോ സര്‍ജറി വിഭാഗം.