ആത്മീയത വഴിതെളിച്ച സൃഷ്ടികള്‍

0

ഐയാന ഗുഞ്ചന് പരസ്യവ്യവസായത്തില്‍ 18 വര്‍ഷത്തില്‍ കൂടുതല്‍ പ്രവര്‍ത്തന പരിചയമുണ്ട്. പല വന്‍കിട കമ്പനികളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഒഗില്‍വി, എച്ച്.ടി.എ/ജെ.ഡബ്ല്യു.ടി കൂടാതെ ബേറ്റ്‌സ്141, ഡെന്റ്‌സു, ലോ, കെന്നത്ത്, മുദ്ര എന്നിവിടങ്ങളില്‍ പ്ലാനിങ്ങ് ഹെഡ് ആയിരുന്നു. സെമിയോട്ടിക്‌സ്(ചിഹ്നങ്ങളെയും അടയാളങ്ങളയും കുറിച്ചുള്ള പഠനം) എന്ന ശാഖയില്‍ ആദ്യമായി പ്രവര്‍ത്തനങ്ങള്‍ നടത്തിയത് അവരാണ്. ഇതില്‍ കഴിഞ്ഞ 20 വര്‍ഷത്തെ ഇന്ത്യയുടെ സാമൂഹികസാംസ്‌കാരിക മാറ്റങ്ങളെ അവര്‍ പിന്തുടര്‍ന്നു.

ഐയാനക്ക് സമയം തീരെ ഉണ്ടാവില്ലന്ന് എല്ലാരും ധരിക്കുന്നെങ്കില്‍ തെറ്റി. തന്റെ 45ാം വയസ്സില്‍ ഇതിലും ഒരുപാട് കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. തന്റെ ആദ്യത്തെ പെയിന്റിങ്ങ് പ്രദര്‍ശനത്തിന് ഒരുങ്ങുകയാണ് ഐയാന. 'ചലിക്കുന്ന വിരല്‍' എന്നാണ് ഇതിന് പേരി#്ടിരിക്കുന്നത്. ഐയാന ഊര്‍ജ്ജത്തിന്റെ വലിയൊരു കേന്ദ്രമാണ്. 'നിങ്ങള്‍ക്ക് ഇഷ്ടുള്ള പലതരം കാര്യങ്ങള്‍ ചെയ്യാന്‍ ഒരുപാട് അച്ചടക്കം ആവശ്യമാണ്. എന്റെ വ്യവസായ ജീവിതം അതിന്റെ ഉന്നതിയില്‍ നില്‍ക്കുമ്പോഴും കല എനിക്ക് ഉണര്‍വ് നല്‍കി.' ഐയാന ഒരു സിതാര്‍ വായനക്കാരി കൂടിയാണ്.

കുടുംബം

കുട്ടിക്കാലം മുതല്‍ക്കെ പെയിന്റിങ്ങില്‍ താത്പര്യമുണ്ടായിരുന്നു. 'എന്റെ അപ്പുപ്പന്‍മാരൊക്കെ സ്വാതന്ത്ര്യസമര സേനാനികള്‍ ആയിരുന്നു. എന്റേത് ഒരു വക്കീല്‍ കുടുംബമായിരുന്നു. അതുകൊണ്ടുതന്നെ നല്ല സംസ്‌കാരങ്ങല്‍ ഉള്‍ക്കൊണ്ടാണ് ഞാന്‍ വളര്‍ന്നത്. ബാരകാംബയിലെ മോഡേന്‍ സ്‌കൂളില്‍ നല്ലൊരു ആര്‍ട്ട് വകുപ്പുണ്ടായിരുന്നു. എന്റെ അച്ഛന് പിഡിലൈറ്റ് നിര്‍മ്മാതാക്കളുമായി അടുത്ത ബന്ധമുണ്ടായിരുന്നു. ഫെവികോള്‍ ഉപയോഗിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ എന്റെ സൃഷ്ടിപരമായ കരുത്തുകള്ക്ക് താങ്ങായി.'

ലേഡി ശ്രീറാം കോളേജില്‍ നിന്നാണ് ഐയാന എക്കണോമിക്‌സില്‍ ഡിഗ്രി എടുത്തത്. കോളേജിലെ ആര്‍ട്ട് സൊസൈറ്റിയായ ഹൈവില്‍ വളരെ ഊര്‍ജ്ജസ്വലമായി പ്രവര്‍ത്തിച്ചു. ഡല്‍ഹി സര്‍വ്വകലാശാലയില്‍ നിന്ന് ബിസിനസ് എക്കണോമിക്‌സില്‍ മാസ്റ്റേവ്‌സ് നേടി. തന്റെ കൂടെ പഠിച്ചവരെല്ലാം ധനകാര്യ മേഖലയിലേക്ക് തിരിഞ്ഞപ്പോള്‍ ഐയാന പരസ്യമേഖലയില്‍ കരിയര്‍ ഉണ്ടാക്കി.

നോക്കിയ, കാനന്‍, ലോട്ടസ്, ഹെര്‍ബല്‍സ്, സോണി എറിക്‌സണ്‍, സാംസങ്ങ്, ലവാസ്സാ, യമഹ, ഡാബര്‍ എന്നീ പ്രമുഖ കമ്പനികളുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇതിന് ശേഷം ചിഹ്നങ്ങളുടേയും അടയാളങ്ങളുടേയും പൊരുള്‍ തേടി ഇരങ്ങി. ആഗോള പദ്ധതികളില്‍ ഇന്ത്യന്‍ വിപണിക്ക് വേണ്ടി സന്നിഹിതയായിരുന്നു.

പുതിയ ലോകം

'ശമ്പളത്തിന് വേണ്ടിയുള്ള ജോലി അല്ലാതെ എന്തെങ്കിലും വ്യത്യസ്തമായി ചെയ്യാന്‍ ഞാന്‍ ആഗ്രഹിച്ചു. സാംസ്‌കാരിക പൈതൃകങ്ങളെ ഡീകോഡ് ചെയ്യാനുള്ള ഒരു പഠനശാഖയാണ് സെമിയോട്ടിക്‌സ്. അന്താരാഷ്ട്ര തലത്തിലുള്ള നിരവധി പ്രഗത്ഭരുമായി ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്.'

ഐയാന പെയിന്റിങ്ങില്‍ തന്റെ കഴിവ് നേരത്തെ തെളിയിച്ചിട്ടുണ്ടെങ്കിലും ജീവിതത്തെ പിടിച്ചുകുലുക്കിയ ഒരു സഭവത്തിന് ശേഷമാണ് കലയോട് കൂടുതല്‍ അടുത്തത്.

'എന്റെ മുപ്പതാമത്തെ വയസ്സില്‍ ഞാന്‍ മരണവുമായി മുഖാമുഖം നിന്നിട്ടുണ്ട്. ഞാന്‍ ബുദ്ധിസമായും ശ്രീ അരബിന്ദന്റെ യോഗയുമായും ബന്ധം സ്ഥാപിച്ചു. ഈ അനുഭവങ്ങല്‍ എന്നെ ജീവിതത്തിന്റെ ആഴങ്ങളിലേക്ക് ഇറങ്ങി ചെല്ലാന്‍ സഹായിച്ചു. എന്നില്‍ സൃഷ്ടിപരമായ കഴിവുകള്‍ ഉടലെടുത്തു. എന്റെ ആര്‍ട്ട് ഡിഗ്രിയെക്കാളും എന്നെ കലാകാരിയാക്കാന്‍ സഹായിച്ചത് ഈ ആത്മീയ പരിശീലനമാണ്.'

കാലിഗ്രഫിക്ക് പുറമേ

തന്റെ ആര്‍ട്ടിനെ കുറിച്ച് പറയുമ്പോള്‍ കാലിഗ്രഫിയുടെ പുരാതന രൂപത്തിനെ സമകാലിക കലയുമായി സമന്വയിപ്പിച്ചാണ് ഐയാന ഒരു ആര്‍ട്ട് ഫോം സൃഷ്ടിക്കുന്നത്. പല മതങ്ങളുടേയും ലിപികള്‍ പെയിന്റിങ്ങില്‍ ഉപയോഗിക്കാറുണ്ട്. മുമ്പ് നിരവധി ഗ്രൂപ്പുകള്‍ ഷോകളില്‍ പങ്കെടുത്തിട്ടുണ്ട്. അവിടത്തെ പ്രതികരണങ്ങല്‍ ഐയാനയെ പ്രശസ്തയാക്കി. 'ഞാന്‍ ഭിത്തി അലങ്കരിക്കാനല്ല പെയിന്റ് ചെയ്യുന്നത്. ഭിത്തികള്‍ ഇല്ലാതാക്കാനാണ് പെയിന്റ് ചെയ്യുന്നത്. എന്റെ കലാപരമായ യാത്ര ആത്മീയതയുളെ വളര്‍ച്ച കൂടിയാണ്. ജീവതത്തിന്റെ ആഴവും വ്യാപ്തിയും കാഴ്ചപ്പാടുമാണ് എന്റെ പെയിന്റിങ്ങില്‍ നിഴലിക്കുന്നത്.'

'ആസ്പിറേഷന്‍' എന്ന പെയിന്റിങ്ങില്‍ അറബ് ലിപിയായ 'തുളൂസ്' ആണ് ഉപയോഗിച്ചിട്ടുള്ളത്. 'ഇന്‍ചിനെന്‍ സാന്‍സെന്‍' എന്നാല്‍ ഭൂതം, ഭാവി, വര്‍ത്തമാനം എല്ലാം ഒരു നിമിഷത്തില്‍ എന്ന് അര്‍ത്ഥം വരുന്ന ബുദ്ധ സിദ്ധാന്തമാണ്. ഈ സിദ്ധാന്തമാണ് 2011ല്‍ നിര്‍മ്മിച്ച 'ഡേ ആന്റ് നൈറ്റ്' എന്ന് പെയിന്റിങ്ങിന് പിന്നിലുള്ളത്. ഏറ്റവും പ്രധാനപ്പെട്ട മറ്റൊരു വര്‍ക്കാണ് 'ഐ ആം' ഇത് 2015ലേതാണ്. ഇതില്‍ 'ശിവോഹം' എന്ന ഗാനത്തിനെ കാലിഗ്രഫി ഉപയോഗിച്ച് ഒരു വൃത്താകൃതിയില്‍ ആക്കിയെടുത്തു. ജീവിതത്തെ കുറിച്ച് പ്രതിപാദിക്കുന്ന മറ്റൊരു സൃഷ്ടിയാണ് 'ഇന്‍ പ്രെയിസ് ഓഫ് ലോട്ടസ് സൂത്ര' ഇത് 2010 ഫെബ്രുവരി നാലിനാണ് ഉണ്ടാക്കിയത്.

കലാമൂല്യം

ഓരോ കലാകാരന്‍മാരും അവരുടേതായ കാഴ്ചപ്പാടും പുതുമയും നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണെന്ന് ഐയാന പറയുന്നു. മറ്റ് സേവനങ്ങളെപ്പോലെ തന്നെ ആര്‍ട്ടുകള്‍ക്കും അതിന്റേതായ മുല്യമുണ്ട്. ഒരു ചിത്രത്തിന്റെ വില നിശ്ചയിക്കുന്നത് അതിന്റെ ഗുണമേന്മ, യാഥാര്‍ഥ്യ ബോധം, സ്വീകാര്യ ഇതെല്ലാം അനുസരിച്ചായിരിക്കും. ഏറ്റവും പ്രധാനപ്പെട്ട മറ്റൊരു വസ്തുത എന്തെന്നാല്‍ ഒരു കല രൂപപ്പെടുന്നത് ഈ ഘടകങ്ങള്‍ ഒന്നും നോക്കിയല്ല. അത് സൃഷ്ടികര്‍ത്താവിന്റെ മാത്രം ഭാവനയില്‍ ജനിക്കുന്നതാണെന്നാണ് ഐയാനയുടെ അഭിപ്രായം.