മറവിയിലേക്ക് പറക്കാതെ 'സീ ഹോക്ക്'

0

ജവഹര്‍ ബാലഭവനില്‍ എത്തുന്നവരെ സ്വീകരിക്കുന്നത് ബാലഭവന് മുന്നില്‍ സ്ഥാപിച്ചിക്കുന്ന ഒരു ചെറിയ വിമാനമാണ്. കാണുന്നവര്‍ക്ക് ഇത് ഒരു കളിവിമാനം മാത്രമാണ്. എന്നാല്‍ അത്ര നിസാരക്കാരനല്ല ഈ ചെറുവിമാനം. ചരിത്രം പേറുന്ന യഥാര്‍ത്ഥ ഒരു പോര്‍വിമാനമാണ് ഇത്. എന്നാല്‍ അര്‍ഹിക്കുന്ന പ്രാധാന്യം ലഭിക്കാതെ നാശത്തിന്റെ വക്കിലാണ് ഇന്ന് ഈ ചരിത്ര സ്മാരകം.

ഇംഗ്ലണ്ടില്‍ നിര്‍മിച്ച് 1960ല്‍ ഇന്ത്യന്‍ നേവിക്ക് കൈമാറിയssIamdnb Sea Hawk FGA..6 എന്ന ഒറ്റ സീറ്റുള്ള ഫൈറ്റര്‍ വിമാനമാണ് ഇത്. വിമാനവാഹിനി കപ്പലായ ഐ എന്‍ എസ് വിക്രാന്തിലെ 30 സീ ഹോക്ക് വിമാനങ്ങളില്‍ ഒന്ന്. 1971 ഇന്ത്യാപാക്ക് യുദ്ധത്തില്‍ ബംഗ്ലാദേശ് മോചനത്തിനായി വൈസ് അഡ്മിറല്‍ കൃഷ്ണന്റെ നേതൃത്വത്തില്‍ ചിറ്റഗോംഗ് തുറമുഖത്തും വിമാനത്താവളത്തിലും ഇന്ത്യ നടത്തിയ കനത്ത ബോംബിംഗില്‍ പങ്കെടുത്ത നിരവധി സീ ഹാക്ക് വിമാനങ്ങളില്‍ ഒന്ന്.

വിമാന വാഹിനിയില്‍ നിന്നും കരയെ ആക്രമിക്കാനുള്ളതാണ് സീഹോക്ക് വിമാനങ്ങള്‍. 40,000അടി ഉയരത്തില്‍ പറക്കാന്‍ ശേഷിയുള്ള സീഹോക്ക് വിമാനത്തിന് 40 എം എം നാല് തോക്കുകളും 1000 പൗണ്ട് രണ്ട് ബോംബുകള്‍, രണ്ട് 500 പൗണ്ട് ബോംബ,് 24 റോക്കറ്റസ് എന്നിവ വഹിക്കാനുള്ള ശേഷിയുണ്ട്. ഇന്ത്യന്‍ നേവി എല്ലാ സീഹോക്ക് വിമാനങ്ങളും ഡീ കമ്മീഷന്‍ ചെയ്തതിനെത്തുടര്‍ന്നാണ് 1980ല്‍ തിരുവനന്തപുരത്ത് ബാലഭവന്‍ തുടങ്ങിയപ്പോള്‍ ഇന്ത്യന്‍ നേവിയുടെ സതേണ്‍ കമാന്‍ഡന്റ് ഈ ചെറുപോര്‍ വിമാനം ബാലഭവന് സംഭാവന നല്‍കിയത്. അന്ന് എയ്‌റോ മോഡലിംഗില്‍ കോഴ്‌സുള്ള ഒരേ ഒരു ബാലഭവന്‍ എന്ന നിലക്കായിരുന്നു നേവി ഈ വിമാനം ബാലഭവന് സമ്മാനിച്ചത്. ഈ വിമാനത്തെ വ്യക്തമായി കാണുന്നതിന് വേണ്ടിയാണ് സംസ്ഥാന സര്‍ക്കാരും ബാലഭവന്‍ അധികൃതരും ചേര്‍ന്ന് മ്യൂസിയം റോഡിലെ ബാലഭവന് മുന്നിലുള്ള സ്ഥലത്ത് വിമാനം പ്രദര്‍ശിക്കാന്‍ തീരുമാനിച്ചത്.

സീ ഹോക്ക് വിമാനങ്ങളും ഐ എന്‍ എസ് വിക്രാന്തും ഭാവി തലമുറയുടെ ചരിത്ര പഠന വിഷയമാകുമ്പോഴാണ് ചരിത്ര പ്രാധാന്യമുള്ള ഈ ചെറുവിമാനമാണ് സംരക്ഷണം ലഭിക്കാതെ നശിക്കുന്നത്. കഴിഞ്ഞ മുപ്പത് വര്‍ഷമായി തുടര്‍ച്ചയായ മഴയും വെയിലുമേറ്റ് ഈ വിമാനത്തിന്റെ ചിലഭാഗങ്ങള്‍ ദ്രവിക്കുകയും തുരുമ്പെടുത്ത് നശിക്കുകയും ചെയ്തു കഴിഞ്ഞു. വരും തലമുറക്കുള്ള ചരിത്രസമ്മാനമായ വിമാനത്തിന്റെ സംരക്ഷണത്തിനായി സര്‍ക്കാരും ബന്ധപ്പെട്ട അധികൃതരും തയാറാകണമെന്നാണ് ചരിത്രകാരന്മാരുടെ ആവശ്യം. ആവശ്യമായ അറ്റകുറ്റപ്പണികള്‍ ചെയ്ത് വിമാനം നേപ്പിയര്‍ മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിക്കണമെന്ന ഇവരുടെ ആവശ്യവും ശക്തമായിരിക്കുകയാണ്.