വ്യത്യസ്തനായൊരു ഓട്ടോക്കാരന്‍

വ്യത്യസ്തനായൊരു
 ഓട്ടോക്കാരന്‍

Wednesday July 27, 2016,

1 min Read

പന്ത്രണ്ടാം ക്ലാസില്‍ തോറ്റ ഈ ചെറുപ്പക്കാരന്‍ ഇന്ന് ചെന്നൈയില്‍ ആവേശമാണ്. ജി അണ്ണാദുരൈ എന്ന 31കാരനും ഇദ്ദേഹത്തിന്റെ അണ്ണാദുരയെന്ന ഓട്ടോയും ഇന്ന് തമിഴ്‌നാട്ടില്‍ സംസാരവിഷയമാണ്. ലോകം കയ്യെത്തും ദൂരത്തെത്തി നില്‍ക്കുമ്പോള്‍ അവര്‍ക്ക് തുണയാവുകയാണ് അണ്ണാദുരൈ. ആനുകാലിക പ്രസിദ്ധീകരണങ്ങളും പുസ്തകങ്ങളും ദിനപത്രങ്ങളും ഒരു ചെറിയ ടിവിയും വൈ ഫൈകണക്ഷനും ഉള്‍പ്പെടുന്നതാണ് അണ്ണാദുരൈ ഓട്ടോയുടെ ഉള്‍വശം. 

image


ഹിന്ദു അടക്കമുള്ള പത്രങ്ങളില്‍ വലിയ വാര്‍ത്തകള്‍ വന്നതോടെ ഇന്ന് അണ്ണാദുരൈയുടെ ഫെയ്‌സ്ബുക്കിന് 10000 ഫോളോവേഴ്‌സ് ഉണ്ട്. വാര്‍ത്തകള്‍ വന്നതോടെ ഇന്ന് അണ്ണാദുരൈയുടെ ജീവിതവും മാറി മറിഞ്ഞു. ഇന്ന് 40ലേറെ കോര്‍പ്പറേറ്റ് ഓഫീസുകളില്‍ നടത്തിയ പ്രസംഗങ്ങള്‍, അതിലൂടെ കൈവന്ന രണ്ട് ടെഡ് ടോക്കുകള്‍ അങ്ങനെ അംഗീകാരങ്ങളുടെ നിറവിലാണ് ഇന്ന് അണ്ണാദുരൈയും അണ്ണാദുരൈയുടെ ഓട്ടോയും. അണ്ണാദുരൈ സംസാരിച്ച കമ്പനികളും നിസാരമല്ല. വോഡാഫോണ്‍, ഹുണ്ടായി, റോയല്‍ എന്‍ഫീല്‍ഡ്, ഡാന്‍ഫോസ്, ഗെയിംസ തുടങ്ങി എണ്ണം പറഞ്ഞ കമ്പനികളിലെ ജീവനക്കാര്‍ ഇദ്ദേഹത്തിന്റെ വാക്കുകള്‍ കേട്ട് കയ്യടിച്ചവരാണ്. പ്രഭാഷണങ്ങള്‍ക്കായി തന്നെ ഇന്ത്യയിലെ 12ലേറെ പട്ടങ്ങളും ഇതിനകം ഇദ്ദേഹം സന്ദര്‍ശിച്ചിരുന്നു. ചെന്നൈയിലെ മഹാബലിപുത്തിലെ നിരത്തുകളിലൂടെ ഒഴുകിനടക്കുന്ന ഇദ്ദേഹത്തിന്റെ ഓട്ടോയില്‍ ലാപ്‌ടോപ്, ടാബ്ലറ്റ്, ഐ-പാഡ് എന്നിവയും അദ്ദേഹം യാത്രക്കാര്‍ക്കായി കരുതിയിട്ടുണ്ട്. ചില്ലറ പ്രശ്‌നം പരിഹരിക്കാനായി തന്റെ ഓട്ടോയില്‍ ഒരു സൈ്വപ്പിംഗ് മെഷീനും അദ്ദേഹം ഘടിപ്പിച്ചിട്ടുണ്ട്. 10, 15,20,25 എന്നിങ്ങനെ ദൂരവ്യത്യാസമനുസരിച്ചുള്ള നിരക്കുകളാണ് അണ്ണാദുരൈ ഈടാക്കുക.

image


പ്രത്യേക ദിവസങ്ങളില്‍ യാത്രക്കാര്‍ക്കായി സൗജന്യ യാത്രകളും അദ്ദേഹം നല്‍കും. അധ്യാപകര്‍ക്കായി ദിവസേനയുള്ള സൗജന്യ യാത്രകള്‍, വാലന്റൈന്‍ ദിനത്തില്‍ കമിതാക്കള്‍ക്കുള്ള സൗജന്യ യാത്ര, മാതൃദിനത്തില്‍ കുഞ്ഞുമായെത്തുന്ന അമ്മമാര്‍ക്കുള്ള സൗജന്യയാത്ര അങ്ങനെ അണ്ണാദുരൈയ്ക്ക് എല്ലാത്തിലും വ്യത്യസ്തതയുണ്ട്. പ്രതിമാസം 45000 രൂപ ഓട്ടോ ഓടിച്ച് സമ്പാദിക്കുന്ന ഇദ്ദേഹം, മാസം തോറും 9000 രൂപ നല്‍കുന്ന സേവനങ്ങള്‍ക്കായി വിനിയോഗിക്കുന്നുണ്ട്. തന്റെ ഓട്ടോയില്‍ സവാരി എപ്പോള്‍ ലഭിക്കുമെന്നറിയാനുള്ള ഒരു മൊബൈല്‍ ആപ്പും താമസിയാതെ പുറത്തിറക്കാനുളള തയ്യാറെടുപ്പാണ് ഈ വ്യത്യസ്തനായ ഓട്ടോക്കാരന്‍.