ഗൃഹാതുരത്വം പേറുന്ന ഓര്‍മ്മകള്‍ ഉണര്‍ത്തി ഐ എഫ് എഫ് കെ വേദികള്‍

0

ചേട്ടാ....ഒരു സ്‌ട്രോംഗ് ചായ മധുരം കൂട്ടി. ഓര്‍ഡര്‍ കിട്ടിയതും പഴമയില്‍ നിന്ന് മഴവില്ലു വട്ടത്തില്‍ സുകുവണ്ണന്‍ വര്‍ത്തമാനത്തിലേക്ക് ഒരു ചായ നീട്ടിയടിച്ചു. അഴികള്‍ക്കിടയിലൂടെ ഡെസ്‌കിലേക്ക് ഊളിയിട്ട വെയില്‍മുട്ടകളില്‍ ഒന്നിന്റെ നെഞ്ചു നോക്കി സുകുവണ്ണന്‍ ചായ വെച്ചു. ആവി പറക്കുന്ന ചായ കുടിക്കുന്നതിനിടെ ചില്ലലമാരിയിലെ പലഹാരങ്ങളിലേക്ക് കണ്ണു പാളി. തല്‍ക്ഷണം മുന്നിലെത്തി വടയും ബോണ്ടയും കൊഴുക്കട്ടയും. ഓലപ്പുരയിലെ ഈറ വരിഞ്ഞ അഴികള്‍ക്കപ്പുറത്തേക്ക് കാഴ്ച നീങ്ങിയപ്പോള്‍ മുറ്റത്ത് കാളവണ്ടിയും അതില്‍ പഴയ സിനിമാപോസ്റ്ററും. ഇത് മൂന്ന് പതിറ്റാണ്ടു മുമ്പുള്ള ഗ്രാമത്തിലെ വിവരണമല്ല. ഒരു കാലത്ത് മലയാള സിനിമയുടെ അവിഭാജ്യഘടകമായിരുന്നു നാടന്‍ ചായക്കടകള്‍ പുനരവതരിക്കുകയാണ് ഐ എഫ് എഫ് കെയില്‍. അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഭാഗമായി ടാഗോര്‍ തിയേറ്റര്‍ വളപ്പിലാണ്‌ എല്ലാവര്‍ക്കും ഒത്തു ചേര്‍ന്ന് കൊച്ചുവര്‍ത്തമാനങ്ങള്‍ക്കുള്ള ഗ്രാമാന്തരീക്ഷം പുനഃസൃഷ്ടിക്കപ്പെട്ടിരിക്കുന്നത്‌.

ഓലപ്പുരയും സിനിമാ പോസ്റ്ററുകള്‍ പതിച്ച കാളവണ്ടിയും സൈക്കിളിലെ ഫിലിം പെട്ടിയും കിണറുമെല്ലാം ചേര്‍ന്ന് പുത്തന്‍ സിനിമാസ്വാദകരുടെ ഹൃദയത്തില്‍ പഴയ നാട്ടിന്‍പുറത്തിന്റെ ദൃശ്യങ്ങള്‍ വരച്ചിടുന്നു. പഴയതലമുറയില്‍ പെട്ടവര്‍ക്ക് അന്നത്തെ സിനിമാ പശ്ചാത്തലത്തിന്റെ മധുരമായ ഓര്‍മകളും ഈ സങ്കേതം സമ്മാനിക്കുന്നു.

പഴയകാല സിനിമാ കൊട്ടകയുടെ മാതൃകയില്‍ തീര്‍ത്ത ചിത്രമാലിക ടാക്കീസിലാണ് ഡെലിഗേറ്റ് സെല്ലിന്റെ ക്രമീകരണങ്ങള്‍ ചെയ്തിരിക്കുന്നത്. 1994ല്‍ കോഴിക്കോട് തിരിതെളിഞ്ഞ, ഇരുപതാണ്ടിന്റെ നിറവില്‍ എത്തിനില്‍ക്കുന്ന മേളയുടെ ഓരോ വര്‍ഷത്തെ ലോഗോയും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. കിഴക്കേക്കോട്ടയിലെ കവാടത്തിന്റെ മാതൃകയാണ് പ്രധാനവേദിയായ കനകക്കുന്നിന്റെ മുന്നില്‍ ഒരുക്കിയിട്ടുള്ളത്.

ഗ്രാമാന്തരീക്ഷത്തേയും ആവേശത്തേയും സിനിമാസ്വാദകരുടെ മനസ്സിലേക്കെത്തിക്കുന്നതിന്റെ ശ്രമമാണ് ഇതിനു പിന്നിലെന്ന് ഇവ ചിട്ടപ്പെടുത്തുന്നതിന് ചുക്കാന്‍ പിടിച്ച ഹൈലേഷ് പറഞ്ഞു. സൂര്യ ഫെസ്റ്റിവലിന് രംഗസംവിധാനവും ഓണാഘോഷയാത്രയ്ക്ക് നിശ്ചലദൃശ്യവും ഒരുക്കിയെടുത്ത അനുഭവസമ്പത്തിന്റെ കൈമുതലുമായാണ് ഹൈലേഷും സംഘവും മേളയ്ക്കായി പ്രവര്‍ത്തിക്കുന്നത്.

വിദേശ പ്രതിനിധികള്‍ക്ക് തലസ്ഥാനനഗരിയുടെ അന്തരീക്ഷം പകര്‍ന്നു നല്‍കാന്‍ മേളയിലെ പുനഃസൃഷ്ടികള്‍ സഹായകമാകുമെന്നും സിനിമസ്വാദനത്തില്‍ മാത്രം മേളയെ ഒതുക്കിനിര്‍ത്താനാവില്ലെന്നുമാണ് ഇത്തരത്തിലുളള നൂതനാശയങ്ങള്‍ വ്യക്തമാക്കുന്നതെന്ന് ദൂരദര്‍ശന്‍ അഡീഷണല്‍ ഡയറക്ടര്‍ ബൈജു ചന്ദ്രന്‍ പറഞ്ഞു. അന്യം നിന്നുപോകുന്ന ഗൃഹാതുരമായ കാഴ്ചകളാണ് മേള സമ്മാനിക്കുന്നതെന്നു വനിതാ വികസന കോര്‍പ്പറേഷന്‍ പ്രോജക്ട് മാനേജര്‍ ആതിര മേനോന്‍ അഭിപ്രായപ്പെട്ടു.