പ്രചോദനമായി നരേന്ദ്രമോദി

0

മോദി അധികാരത്തില്‍ ഏറി രണ്ടുവര്‍ഷം തികയുമ്പോള്‍ വിദൂരമല്ലാത്തൊരു ക്ഷേമരാജ്യം ആസ്വദിക്കാമെന്ന പ്രതീക്ഷയിലാണ് രാജ്യത്തെ ജനങ്ങള്‍. വികസ്വര രാജ്യമായ നമ്മുടെ ഇന്ത്യയെ വികസിത രാജ്യമാക്കുകയെന്ന സ്വപ്നം പേറിയാണ് അദ്ദേഹം അധികാരത്തിലേറിയത്. അതിനുവേണ്ടി ഈ രണ്ടു വര്‍ഷവും ഒരു അവധി പോലും എടുക്കാതെയുള്ള നിതാന്ത പരിശ്രമമായിരുന്നു. സമഗ്രമായ രാഷ്ട്ര നിര്‍മ്മാണമാണ് മോദി ലക്ഷ്യം വെച്ചിരിക്കുന്നത്. അതിന്റെ ഫലം കാണാന്‍ അഞ്ച് വര്‍ഷം ആകും. തനിക്ക് ലഭിച്ച ഭാരതത്തെയാകില്ല അഞ്ച് വര്‍ഷത്തിനുശേഷം താന്‍ തിരിച്ചു നല്‍കുകയെന്ന് അദ്ദേഹം ഉറപ്പു നല്‍കുന്നു.

മോദി തരംഗം തന്നെ അദ്ദേഹത്തിന് ഇന്ത്യയിലൊട്ടാകെ സൃഷ്ടിക്കാന്‍ കഴിഞ്ഞു എന്നതില്‍ സംശയമില്ല. ആ തരംഗം ഇന്നും അലയടിക്കുന്നതിനുദാഹരണമാണ്. കേരളത്തില്‍ ബി.ജെ.പി അക്കൗണ്ട് തുറന്നത് മാത്രമല്ല 7 മണ്ഡലങ്ങളില്‍ രണ്ടാം സ്ഥാനത്ത് എത്തുവാന്‍ കഴിഞ്ഞതില്‍ മോദിയുടെ പ്രചരണമാണെന്നതില്‍ സംശയമില്ല. കേരളത്തില്‍ മാത്രമല്ല അഞ്ച് സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പില്‍ തന്റേതായൊരു സ്ഥാനം ഉണ്ടാക്കുവാന്‍ കഴിഞ്ഞത് മോദി തരംഗത്തിന് ഭാഗമെന്നതില്‍ സംശയമില്ല.

മോദി സര്‍ക്കാറിന്റെ ഏറ്റവും വലിയ നേട്ടങ്ങളില്‍ ഒന്നാണ് ജന്‍ ധന്‍ യോജന. 125 ബില്യണ്‍ ബാങ്ക് അക്കൗണ്ടുകളാണ് ഇതിന്റെ ഭാഗമായി തുറന്നത്. എല്ലാ കുടുംബത്തിനും ബാങ്ക് അക്കൗണ്ട് എന്ന ലക്ഷ്യ സാഫല്യമാണ് മോദി ഇത് കൊണ്ട് നേടിയത്. രാജ്യാന്തര തലത്തില്‍ തന്റെ പ്രതിഛായ മെച്ചമാക്കുന്നതിനായി രണ്ട് ഡസനിലേറെ വിദേശ രാജ്യങ്ങള്‍ അദ്ദേഹം സന്ദര്‍ശിച്ചു. ഇന്ദിരാഗാന്ധിക്കു ശേഷം ഏകദേശം 38 വര്‍ഷത്തിനു ശേഷം വിദേശ രാജ്യം സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രിയാണ് മോദി. വളരെയേറെ വെല്ലുവിളികള്‍ നേരിടുന്ന ഗ്രാമീണ മേഖലയ്ക്ക് മോദിയുടെ പ്രത്യേക പരിഗണന ലഭിച്ചു. കൃഷി, വികസനം എന്നിവയ്ക്ക് ഊന്നല്‍ നല്‍കി താന്‍ പാവങ്ങള്‍ക്കും സാധാരണക്കാര്‍ക്കും ഒപ്പമാണെന്ന് അദ്ദേഹം കാട്ടി തന്നു.

ഇന്ത്യ കണ്ടതില്‍ ഏറ്റവും കരുത്തനായ പ്രധാനമന്ത്രി എന്ന പ്രതിഛായ നേടിയെടുക്കുവാന്‍ മോദിക്കായി. പ്രധാനമന്ത്രിയുടെ ഓഫീസ് അല്ല പ്രധാനമന്ത്രി തന്നെയാണ് നയങ്ങള്‍ തീരുമാനിക്കുന്നതെന്ന് മോദി എല്ലാപേര്‍ക്കും വ്യക്തമാക്കി കൊടുത്തു. മന്ത്രിമാര്‍ക്ക് വകുപ്പുകള്‍ വീതിച്ചു നല്‍കുന്നതുമുതല്‍ എല്ലാ കാര്യങ്ങളിലും ശക്തമായ തീരുമാനങ്ങള്‍ എടുക്കുവാനുള്ള കഴിവി തനിക്ക് ഉണ്ടെന്ന് മോദി സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങള്‍ നമുക്ക് കാട്ടി തരുന്നു.

പിതൃത്വ അവധി, സൈനികര്‍ക്കായി ഒരേ റാങ്ക് ഒരേ പെന്‍ഷന്‍, അര്‍ധസൈനിക വിഭാഗത്തിന് പ്രത്യേക അലവന്‍സ് തുടങ്ങിയവ നടപ്പിലാക്കുവാന്‍ മോദി സര്‍ക്കാര്‍ മടിച്ചില്ല. മുടങ്ങി കിടന്ന ഒട്ടേറെ പദ്ധതികള്‍ക്ക് ഈ സര്‍ക്കാറിന്റെ കാലത്ത് ജീവന്‍ വച്ചു. അര്‍ഹതയില്ലാത്തവരുടെ ആനുകൂല്യങ്ങള്‍ അവരില്‍ നിന്ന് എടുത്ത് അര്‍ഹിക്കുന്നവരുടെ കൈകളില്‍ എത്തിക്കുവാന്‍ മോദിക്ക് കഴിഞ്ഞു. പാചക വാതക സബ്‌സിഡി രംഗത്ത് ഉണ്ടായ വലിയ മാറ്റം മോദി സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങളിലെ എടുത്തുപറയാവുന്ന ഭരണ നേട്ടമാണ്. ഇതിലൂടെ ഒരു കോടിയിലേറെ കുടുംബാംഗങ്ങള്‍ സബ്‌സിഡി ഒഴിവാക്കി ഈ പണം ഉപയോഗിച്ച് പാവങ്ങള്‍ക്ക് സൗജന്യമായി പാചകവാതക കണക്ഷനുകള്‍ നല്‍കുന്നതിനായി മോദി സര്‍ക്കാര്‍ തുടക്കമിട്ടു കഴിഞ്ഞു.

മോദിയുടെ സ്വഛ്ഭാരത മിഷന്‍ ഏറെ ശ്രദ്ധാര്‍ഹമായ ഒന്നാണ്. എല്ലാ വീടുകളിലും സൗജന്യമായി ശൗചാലയം നിര്‍മ്മിച്ച് നല്‍കുന്നതില്‍ അദ്ദേഹം വിജയിച്ചു. ശുചിത്വമായ ഭാരതം എന്നാണ് മോദി ഇതിലൂടെ ലക്ഷ്യം വച്ചത്. മോദിയുടെ പല പ്രവര്‍ത്തനങ്ങളും ഇന്ത്യുടെ മുഖഛായ തന്നെ മാറുന്ന തരത്തിലാണ്. അതുകൊണ്ട് തന്നെയാണ് രണ്ട് വര്‍ഷത്തിനിടയില്‍ മോദി സര്‍ക്കാര്‍ ചര്‍ച്ചകളില്‍ ഇടം നേടിയത്. ഏത് കാര്യത്തിലായാലും അത് സംസ്ഥാനത്തിലായാലും, കേന്ദ്രത്തിലായാലും അവിടെ എത്തി അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിച്ച് അവരോടൊപ്പം നില്‍ക്കുമെന്നതിന്റെ തെളിവാണ് പരവൂര്‍ പുറ്റിംഗലില്‍ അപകടം നടന്ന സ്ഥലത്ത് അദ്ദേഹം നേരിട്ടെത്തി അവിടത്തെ പ്രശ്‌നങ്ങള്‍ പരിഹരിച്ചത്.

ചെലവ് ചുരുക്കിയ ഒരു മന്ത്രിസഭയാണ് മോദി സര്‍ക്കാറിന്റേത്. മറ്റു രാജ്യങ്ങള്‍ ഇന്ത്യയില്‍ കൂടുതല്‍ നിക്ഷേപം നടത്താന്‍ മുന്നോട്ടു വരുന്നത് മോദി സര്‍ക്കാറിന്റെ നേട്ടം തന്നെയാണ്. പാവപ്പെട്ടവര്‍ക്കും കൃഷിക്കാര്‍ക്കും ബാങ്ക് അക്കൗണ്ട് തുടങ്ങുവാന്‍ സഹായിച്ചതില്‍ അദ്ദേഹത്തിന്റെ പങ്ക് വളരെ വലുതാണ്. ചെറുകിട സംരംഭകര്‍ക്ക് പ്രോത്സാഹിപ്പിക്കുന്നതിനായി മോദി സര്‍ക്കാര്‍ തുടങ്ങിയ സ്റ്റാര്‍ട്ടപ്പ് ഇന്ത്യ വളരെയേറെ വിജയം കണ്ട ഒരു പദ്ധതിയാണ്. അതിലൂടെ ഒട്ടനവധി പുതുസംരംഭകര്‍ക്ക് തന്റേതായ രീതിയില്‍ പുതിയ ബിസിനസ്സ് തുടങ്ങി ജീവിത വിജയം നേടാന്‍ സഹായിച്ചു. ഇതിലൂടെ പുതിയ സംരംഭകരെ സമൂഹത്തില്‍ വാര്‍ത്തെടുക്കുവാന്‍ സഹായിച്ചു.

ജപ്പാന്‍ പ്രധാനമന്ത്രി, യു എസ് പ്രസിഡന്റ് ബരാക് ഒബാമ, ചൈനയുടെ ഷി ചിന്‍ പിങ് തുടങ്ങിയ രാജ്യങ്ങളെല്ലാം വന്‍ വ്യവസായ വാഗ്ദാനങ്ങളാണ് ഇന്ത്യക്ക് നല്‍കിയിരിക്കുന്നത്. അതെല്ലാം മോദി സര്‍ക്കാറിന്റെ ഭരണനേട്ടങ്ങളാണ്. ഒട്ടനവധി ബില്ലുകള്‍ നിയമമാക്കാന്‍ മോദിക്ക് കഴിഞ്ഞു. വിദേശ നീതിയാണ് മോദി പ്രത്യേകം ശ്രദ്ധിച്ച മറ്റൊരു മേഖല. ഒരു ശക്തി സമുച്ചയത്തിന്റേയും ഭാഗമാകാതെ തന്നെ വിദേശ രംഗത്ത് ഇന്ത്യയുടെ വളരുന്ന കുതിപ്പിന് ഈ രണ്ട് വര്‍ഷം സാക്ഷിയായി.

Soil Health Card Scheme എന്നത് കൃഷിക്കാര്‍ക്ക് കൊണ്ടു വന്ന മറ്റൊരു സംരംഭമാണ്. കര്‍ഷകരുടെ വരുമാനം കൂട്ടാനായി കൊണ്ടു വന്ന ഈ പദ്ധതി കൃഷിക്കാരുടെ കാര്‍ഷിക അഭിവൃദ്ധിയും ചെലവ് ചുരുക്കലുമാണ് മുന്നോട്ടു വയ്ക്കുന്നത്. 60 വര്‍ഷം കൊണ്ട് കോണ്‍ഗ്രസ്സിന്റെ ഒരു പ്രധാനമന്ത്രിമാരും ചിന്തിക്കാത്തത് രണ്ട് വര്‍ഷം കൊണ്ട് മോദി ചിന്തിച്ചു എന്നത് ഇതിന് തെളിവാണ്. കൃഷി സ്ഥലങ്ങളിലേക്ക് വെള്ളം എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത് മുന്നോട്ടു കൊണ്ടു വന്നത്. പാവപ്പെട്ടവര്‍ക്കും വൃദ്ധര്‍ക്കും താഴേത്തട്ടിലുള്ളവര്‍ക്കും സോഷ്യല്‍ സെക്യൂരിറ്റി സ്‌കീം കൊണ്ട് വന്ന് ജനശ്രദ്ധ അദ്ദേഹം പിടിച്ചു പറ്റി.

മേക്ക് ഇന്‍ ഇന്ത്യ എന്ന പദ്ധതിയിലൂടെ പല കാര്യങ്ങളിലും വിദേശ രാജ്യങ്ങളെ ആശ്രയിക്കുന്നതില്‍ കുറവു വരുത്തുവാന്‍ ഇന്ത്യയ്ക്ക് സാധിച്ചു. ഇതിലൂടെ ഇന്ത്യയിലെ ചെറുപ്പക്കാര്‍ക്ക് ജോലി സാധ്യത വര്‍ദ്ധിക്കുവാനും മെച്ചപ്പെട്ട ജീവിത സാഹര്യം ഒരുക്കുവാനും സാധിക്കുന്ന ഈ പദ്ധതി തികച്ചും പ്രശംസാര്‍ഹമാണ്. കേന്ദ്രഭരണ പ്രദേശങ്ങളില്‍ സ്ത്രീകള്‍ക്ക് പോലീസ് ഫോഴ്‌സില്‍ പ്രത്യേകം റിസര്‍വേഷന്‍ കൊണ്ടുവരാന്‍ കഴിഞ്ഞത് മോദിയുടെ രണ്ട് വര്‍ഷത്തെ ഭരണ നേട്ടമാണ്.

തികച്ചും സാധാരണ കുടുംബത്തില്‍ നിന്ന് വന്ന് ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രിയായി ഭരണം ഏറ്റ അദ്ദേഹം ഒരു നല്ല ഭരണാധികാരി മാത്രമല്ല നാം ഏവര്‍ക്കും മാതൃകയാക്കാവുന്ന വ്യക്തിത്വം കൂടിയാണ്. അതുകൊണ്ട് തന്നെയാണ് ഈ രണ്ടു വര്‍ഷം പിന്നിടുമ്പോഴും മോദി സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ജന പിന്തുണ ഇത്രയേറെ ലഭിക്കുന്നതും. ഇന്ത്യയില്‍ മാത്രമല്ല പുറത്തുള്ള രാജ്യങ്ങളിലും ഇന്ത്യയുടെ വില മനസ്സിലാക്കിക്കൊടുത്ത പ്രധാനമന്ത്രി അങ്ങനെ ഒട്ടേറെ വിശേഷണങ്ങളുമായി മോദി തരംഗം രാജ്യത്ത് അലയടിച്ചുകൊണ്ടിരിക്കുന്നു. 2019 ല്‍ മോദി സ്വപ്നം കണ്ട ഭാരതം വിരിയുമെന്ന പ്രതീക്ഷയിലാണ് രാജ്യത്തെ ജനങ്ങള്‍.


കടപ്പാട്: ധന്യാ ശേഖര്‍