കരകൗശലത്തിന്റെ കാമ്പറിഞ്ഞ് ക്രാഫ്റ്റ്ഗലി

0

തങ്ങളുടെ കയ്യില്‍ കിട്ടുന്നതെന്തും കരവിരുത് കൊണ്ട് മനോഹരമാക്കുന്നവരാണ് കരകൗശലക്കാര്‍. അതൊരു കോറപ്പുല്ലാകട്ടെ, വൃക്ഷങ്ങളുടെ വേരാകട്ടെ, പേപ്പര്‍ കഷ്ണമാകട്ടെ, അതൊന്നും പ്രശ്‌നമേയല്ല. കരവിരുത് കൊണ്ട് എന്തും കമനീയമാക്കാന്‍ കലാകാരന്മാര്‍ക്ക് മാത്രമേ സാധിക്കൂ. പ്രദര്‍ശന മേളകളിലും മറ്റും നാം കാണുന്നതാണ് കലാകാരന്മാരുടെ കരവിരുത്. ജീവനുള്ളതിനേക്കാള്‍ തുടിക്കുന്ന കൃത്രിമ പൂക്കള്‍, ചെടികള്‍, കരകൗശല വസ്തുക്കള്‍, കണ്ണഞ്ചിപ്പിക്കുന്ന ആഭരണങ്ങള്‍. ഇതൊക്കെ നിര്‍മിക്കാനുള്ള സാധനങ്ങള്‍ എവിടെനിന്ന് ലഭിക്കുന്നു എന്നത് നമ്മളില്‍ പലരും ചിന്തിക്കുന്ന ഒന്നാണ്. മാത്രമല്ല സാധനങ്ങള്‍ കിട്ടിയാല്‍ നമുക്കും ഒരു കൈനോക്കാം എന്ന് കരുതുന്നവരുമുണ്ട്. അങ്ങനെയാണെങ്കില്‍ സംശയമൊന്നും വേണ്ട. ക്രാഫ്റ്റ്ഗലി ഡോട്ട് കോം എന്ന ഓണ്‍ലൈന്‍ സെര്‍ച്ച് ചെയ്താല്‍ മാത്രം മതി. നിങ്ങള്‍ക്കാവശ്യമുള്ള എല്ലാ സാധനങ്ങളും കിട്ടും. കരകൗശല വസ്തുക്കള്‍ നിര്‍മിക്കാന്‍ ആവശ്യമായ എല്ലാ സാധനങ്ങളും ഒരു കുടക്കീഴില്‍ അണിനിരത്തുകയാണ് ക്രാഫ്റ്റ്ഗലി.

ധീരേന്ദര്‍കുഞ്ചല്‍ നിര്‍വാനി ദമ്പതികളാണ് ഈ ഓണ്‍ലൈന്‍ സംരംഭത്തിന് പിന്നില്‍. കരകൗശലക്കാര്‍ക്ക് അവരുടെ എല്ലാ കഴിവുകളും തെളിയിക്കുന്നതിന് നിര്‍മാണ സാധനങ്ങളെത്തിച്ച് അവസരമൊരുക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഇരുവരും പറയുന്നു. അഞ്ച് ബില്യന്‍ ഡോളറിന്റെ മാര്‍ക്കറ്റ് ലക്ഷ്യമിട്ട് തുടങ്ങിയ ക്രാഫ്റ്റ്ഗലി ഇന്ന് ഇന്ത്യയിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ ക്രാഫ്റ്റ് സ്‌റ്റോര്‍ആണെന്ന് ഇരുവരും സാക്ഷ്യപ്പെടുത്തുന്നു. 1500 ഓളം ഉല്‍പന്നങ്ങളാണ് ഇവര്‍ക്കുള്ളത്.

ഗോവയിലാണ് ക്രാഫ്റ്റ്ഗളി പ്രവര്‍ത്തിക്കുന്നത്. അതേസമയം ഇതിന്റെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസ് മുംബൈയിലാണ്. ആന്റമാന്‍, അരുണാചല്‍ പ്രദേശ് തുടങ്ങി ജമ്മു കാശ്മീരിലെ വരെയായി ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലേക്കും ഇന്ന് ക്രാഫ്റ്റ് ഗളിയുടെ സാധനങ്ങള്‍ എത്തിക്കുന്നുണ്ട്. ധിരേന്ദറും, കുഞ്ചലും ഇരുവരുടെയും ജീവിതം തന്നെ ക്രാഫ്റ്റ് ഗലിക്ക് വേണ്ടി മാറ്റിവെച്ചിരിക്കുകയാണ്.

സ്ഥാപനം തുടങ്ങാനിടയയ സാഹചര്യത്തെക്കുറിച്ച് ധീരേന്ദറിന്റെ വിശദീകരണം ഇങ്ങനെ: കരകൗശലവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും കുഞ്ചലിന് പ്രത്യേക താല്‍പര്യമാണ്. ക്രാഫ്റ്റുമായി ബന്ധപ്പെട്ട് കുഞ്ചല്‍ എപ്പോഴും ശില്‍പശാലകളും സംഘടിപ്പിക്കും. അതിനിടെയാണ് ഓണ്‍ലൈന്‍ മേഖലയില്‍ കാര്യമായ ക്രാഫ്റ്റ് വിതരണ സ്ഥാപനങ്ങളില്ലെന്ന് കുഞ്ചല്‍ തിരിച്ചറിഞ്ഞത്. ഡിജിറ്റല്‍ മീഡിയയില്‍ ഉള്ള പരിചയം വെച്ച് ഇത്തരം ഒരു സംരംഭം തുടങ്ങുന്നതിന്റെ സാങ്കേതിക വശങ്ങളെക്കുറിച്ച് താനും ചിന്തിച്ചു. കാനഡയിലെ ഒരു ഇഗവേണന്‍സ് സ്ഥാപനത്തില്‍ താന്‍ ജോലി ചെയ്തിട്ടുണ്ട്. മാത്രമല്ല ഇന്ത്യയിലെ തന്നെ പ്രശസ്ത ഓണ്‍ലൈന്‍ സ്ഥാപനങ്ങളായ ഷാദി ഡോട്ട് കോം, ഷെയര്‍ഖാന്‍ ഡോട്ട് കോം എന്നീ സ്ഥാപനങ്ങളിലും ജോലി ചെയ്തിട്ടുണ്ട്. ഐ ബി എമ്മിന്റെ രാജ്യത്തിന്റെ തന്നെ തലവനായാണ് അവസാനം പ്രവര്‍ത്തിച്ചത്. ഇതില്‍നിന്നുള്ള പരിചയമാണ് തന്നെ ഇത്തരം ഒരു സംരംഭത്തിന് വേണ്ട പ്രോത്സാഹനവും ധൈര്യവും നല്‍കിയത്.

കരകൗശല നിര്‍മാണത്തിനുള്ള എല്ലാ വസ്തുക്കളും ഓണ്‍ലൈന്‍ സ്ഥാപനത്തില്‍ ലഭ്യമാണ്. കൃത്രിമ പൂക്കളും ആഭരണങ്ങള്‍ ഉണ്ടാക്കാനുള്ള വസ്തുക്കളും, മറ്റ് അടിസ്ഥാന വസ്തുക്കളും എല്ലാം ഇവിടെ ലഭ്യമാണ്. 50 നിറങ്ങളിലധികം തൂവല്‍ പേപ്പറുകള്‍, ഓരോ കമ്മലുകളുടെയും 15ലധികം മോഡലുകള്‍ വീതം, 40ല്‍ അധികം തരത്തിലുള്ള പൂമ്പൊടികള്‍ തുടങ്ങി എണ്ണിത്തീരാത്ത അത്ഭുതങ്ങളാണ് ഇവിടെയുള്ളത്.

ഓരോ വസ്തുക്കളുടെയും നിര്‍മാണത്തിന് ആവശ്യമായ വസ്തുക്കളെല്ലാം ഓരോ കിറ്റുകളിലായി ലഭിക്കും. ഉദാഹരണത്തിന് ജിമുക്ക കമ്മല്‍ ആണ് നമ്മള്‍ ഉണ്ടാക്കാന്‍ ആഗ്രഹിക്കുന്നതെങ്കില്‍ അതിനുള്ള എല്ലാ സാധനങ്ങളും കിറ്റിലുണ്ടാകും.

ആദ്യത്തെ ഓര്‍ഡര്‍ ലഭിച്ച നിമിഷമാണ് തങ്ങള്‍ക്ക് ഏറ്റവും സന്തോഷം നിറഞ്ഞതെന്ന് ഇരുവരും പറയുന്നു. തങ്ങളുടെ പ്രയത്‌നങ്ങള്‍ക്ക് ഫലം കണ്ടെന്ന് തോന്നിയ നിമിഷമാണത്. പിന്നീട് തങ്ങളുടെ ഉല്‍പന്നങ്ങള്‍ എല്ലാ സംസ്ഥാനങ്ങളിലേക്കും അയക്കപ്പെടാന്‍ തുടങ്ങി. തങ്ങളുടെ ടീമിലുളളവര്‍ കസ്റ്റമേഴ്‌സ് ആവശ്യപ്പെടുന്നതനുസരിച്ച് സാധനങ്ങളെല്ലാം കൃത്യസമയത്ത് എത്തിക്കാറുണ്ടെന്നത് ശ്രദ്ധിക്കാറുണ്ട് ധിരേന്ദര്‍ പറയുന്നു.

ക്രാഫ്റ്റ്ഗളിക്ക് സമാനമായി പ്രവര്‍ത്തിക്കുന്ന ഇറ്റ്‌സിബിറ്റ്‌സി.ഇന്‍, ദ ഹോബി, ക്രാഫ്റ്റ്‌സ് ആന്റ് ആര്‍ട്‌സ് മെഗാസ്‌റ്റോര്‍ എന്നീ സ്ഥാപനങ്ങളില്‍നിന്ന് പ്രവര്‍ത്തനപരമായി ഏറെ വെല്ലുവിളികള്‍ നേരിടേണ്ടി വന്നിട്ടുണ്ട എന്നാല്‍ ഓണ്‍ലൈന് പുറമെ നിരവധി ഓഫ്‌ലൈന്‍ സ്‌റ്റോറുകള്‍ വഴി ഈ മത്സരത്തെ ക്രാഫ്റ്റ്ഗലി അതിജീവിക്കുന്നു. 10,000 ഓര്‍ഡറുകള്‍ വരെ ലഭിച്ചിരുന്നത് തങ്ങളെ ഏറെ അമ്പരിപ്പിച്ചിരുന്നു. എന്നാല്‍ പിന്നീടത് 20,000 വരെ എത്തുകയാണുണ്ടായത്. സാധനങ്ങള്‍ ഉപയോഗിച്ച ശേഷം കസ്റ്റമേഴ്‌സിന് അവരുടെ അഭിപ്രായങ്ങള്‍ ഇമെയില്‍ വഴി അയക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. കസ്റ്റമേഴ്‌സില്‍നിന്നും ലഭിക്കുന്ന ചെറിയ അഭിനന്ദനങ്ങള്‍പോലും തങ്ങള്‍ക്ക് ഏറെ ഊര്‍ജ്ജം നല്‍കുകയാണ് ചെയ്യുന്നത്.

സംരംഭം തുടങ്ങുന്നതിന് തുടക്കത്തില്‍ ചെറിയ നീരസങ്ങളുണ്ടായിരുന്നെങ്കിലും തീരുമാനത്തില്‍ ഉറച്ചുനിന്നതിന്റെ ഫലം തങ്ങള്‍ക്ക് ലഭിച്ചു. കസ്റ്റമേഴ്‌സിന് എളുപ്പത്തിനായി ഒരു മൊബൈല്‍ ആപ്ലിക്കേഷനും ഇവര്‍ തുടങ്ങിയിട്ടുണ്ട്. ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍നിന്ന് ദ ക്രാഫ്റ്റ്ഗളി എന്ന ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്‌ലാല്‍ ക്രാഫ്ഗളിയിലുള്ള എല്ലാ സാധനങ്ങളും ഒപ്പം പുതുതായി വരുന്ന സാധനങ്ങളും അപ്പപ്പോള്‍ അറിയാനാകും. ഇതുപോലെയുള്ള മറ്റു ചില സംരംഭങ്ങളും തുടങ്ങാനുദ്ദേശിക്കുന്നുണ്ട്. കരകൗശലക്കാര്‍ക്ക് പ്രയോജനം ചെയ്യുന്ന രീതിയിലുള്ള സംരംഭങ്ങളാകും തുടങ്ങുകയെന്ന് ഇരുവരും പറയുന്നു.