ഇടുക്കിയിലെ വനിതകള്‍ക്ക് ഇനി ക്യാന്‍സര്‍ പേടി വേണ്ട

0

മഹാരോഗങ്ങള്‍ എന്നും മനുഷ്യന്റെ പേടിസ്വപ്നമാണ്. ചില രോഗങ്ങളുടെ പേരു തന്നെ ഉള്‍ഭയമുണ്ടാക്കാന്‍ പോന്നതുമാണ്. എന്നാല്‍ ചില വലിയ രോഗങ്ങളോട് നാം മല്ലിടുകയും അതില്‍ നിന്ന് ക്രമേണ പുറത്തു വരികയും ചെയ്യുന്നു. രോഗത്തിന്റെ അവസ്ഥ മൂര്‍ഛിക്കും മുമ്പ് രോഗാവസ്ഥ എന്താണെന്ന് തിരിച്ചറിയുക എന്നതാണ് ഇതില്‍ പ്രധാനം. പണ്ട് നമ്മെ പേടിപ്പിക്കുകയും എന്നാല്‍ ഇന്ന് സര്‍വ്വസാധാരണായി കേള്‍ക്കുന്ന തരത്തില്‍ വര്‍ധിക്കുകയും അതില്‍ നിന്ന് കരകയറാന്‍ ശീലിക്കുകയും ചെയ്ത ഒരു രോഗമാണ് ക്യാന്‍സര്‍. ക്യാന്‍സറിനെ ഇല്ലാതാക്കുക അത് വരാന്‍ സാധ്യതയുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കുക എന്നതെല്ലാം ഒരു പ്രചാരണമായി തന്നെ നാം ഇന്ന് ഏറ്റെടുത്തിട്ടുണ്ട്. 

അത്തരമൊരു ഉദാത്ത സംരഭവുമായാണ് വനിതാ കമ്മീഷനും രംഗത്തു വന്നിട്ടുള്ളത്. സംസ്ഥാനത്ത് ഏറ്റവുമധികം ക്യാന്‍സര്‍ രോഗികളുള്ള ഇടുക്കി ജില്ലയിലെ സ്ത്രീകളെ ക്യാന്‍സറില്‍നിന്നു സമ്പൂര്‍ണമായി മോചിപ്പിക്കാനുള്ള പദ്ധതിക്കാണ് കേരള വനിതാക്കമ്മിഷന്‍ തുടക്കം കുറിക്കുന്നത്. മൂന്നാര്‍ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ ചലച്ചിത്രനടി മീര ജാസ്മിന്‍ പരിപാടി ഉദ്ഘാടനം ചെയ്യും. കോട്ടയം ജില്ലയില്‍ കമ്മിഷന്‍ നടപ്പാക്കിവരുന്ന പദ്ധതിയുടെ മാതൃകയിലാണിത് നടപ്പാക്കുകയെന്ന് ജില്ലയുടെ ചുമതലയുള്ള കമ്മിഷനംഗം ഡോ. ജെ പ്രമീളാദേവി അറിയിച്ചു.

സ്ത്രീകളുടെ മരണത്തിനുള്ള പ്രധാനകാരണമായി ക്യാന്‍സര്‍ മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് കമ്മിഷന്‍ ഇത്തരമൊരു പരിപാടിക്ക് രൂപം നല്‍കിയത്. തുടക്കത്തിലേ രോഗം കണ്ടെത്താനായാല്‍ ക്യാന്‍സര്‍ മരണങ്ങളില്‍ 6570 ശതമാനവും ഒഴിവാക്കാനാകും. ഈ സാദ്ധ്യത പ്രയോജനപ്പെടുത്തുകയാണു ലക്ഷ്യം. എന്‍ഡോസള്‍ഫാന്റെയും മറ്റും അമിതോപയോഗമുള്ള ജില്ലയില്‍ വര്‍ധിച്ചുവരുന്ന ക്യാന്‍സര്‍വിപത്തിന് ആവര്‍ത്തനസ്വഭാവത്തോടെ തുടരുന്ന ദീര്‍ഘകാലപദ്ധതി പരിഹാരമായേക്കും.

ജില്ലയിലെ മുഴുവന്‍ ആശാവര്‍ക്കര്‍മാരുടെയും പാലിയേറ്റീവ് നഴ്‌സുമാരുടെയും സേവനം പ്രയോജനപ്പെടുത്തി മൂന്നു ഘട്ടമായാണു പരിപാടി നടപ്പാക്കുക. പ്രവര്‍ത്തകര്‍ക്കുള്ള ബോധവത്ക്കരണമാണ് ആദ്യഘട്ടം. ക്യാന്‍സറിന്റെ പ്രാഥമികലക്ഷണങ്ങള്‍ അദ്ധാരമാക്കി തയ്യാറാക്കിയ ചോദ്യാവലി ഉപയോഗിച്ചുള്ള വിവരശേഖരണമാണ് രണ്ടാം ഘട്ടം. മൂന്നാം ഘട്ടമായി, രോഗസാധ്യത ഉള്ളവരെ സൗജന്യ ക്യാന്‍സര്‍ നിര്‍ണയ ക്യാമ്പുകളില്‍ എത്തിച്ചു വിശദപരിശോധനയും രോഗമുള്ളവര്‍ക്കു ചികിത്സയും ലഭ്യമാക്കും.

താലൂക്കുതലത്തിലാണു പ്രവര്‍ത്തനം ഏകോപിപ്പിക്കുക. എല്ലാ താലൂക്കിലും സമാന്തരമായി നടപ്പാക്കുന്ന പദ്ധതിക്കു ദേവികുളം താലൂക്കില്‍ തുടക്കം കുറിക്കും. കോട്ടയം ജില്ലയില്‍ അഞ്ചു താലൂക്കിലും നടപ്പിലാക്കിവരുന്ന പരിപാടി കാഞ്ഞിരപ്പള്ളി താലൂക്കില്‍ മൂന്നാം ഘട്ടത്തിലേക്കു കടന്നു. അവിടെ നടത്തിയ ക്യാന്‍സര്‍നിര്‍ണയ ക്യാമ്പില്‍ പ്രാഥമികാവസ്ഥയിലുള്ള രോഗം കണ്ടെത്തിയവര്‍ക്ക് ചികിത്സ ആരംഭിച്ചിട്ടുണ്ട്. സ്ത്രീകളെ ഉദ്ദേശിച്ചാണു പരിപാടി നടപ്പാക്കുന്നതെങ്കിലും ക്യാമ്പില്‍ പങ്കെടുക്കാന്‍ പുരുഷന്മാരും താല്പര്യം കാണിച്ചതായി പ്രമീളാദേവി അറിയിച്ചു.