വിജയമന്ത്രങ്ങളുമായി യുവര്‍‌സ്റ്റോറി സ്ഥാപക ശ്രദ്ധ ശര്‍മ്മ

0

'നമുക്ക് ചുറ്റുമുള്ളവരുടെ കണ്ണുകളില്‍ നാം കാണുന്നത് ആഗ്രഹങ്ങളും സ്വപ്‌നങ്ങളുമാണ്. ചിലത് മള്‍ട്ടി ബില്യണ്‍ ഡോളര്‍ കമ്പനികള്‍ വേണമെന്നതാകും, മറ്റ് ചിലപ്പോള്‍ നിക്ഷേപകരുടെ ശ്രദ്ധ പിടിച്ചു പറ്റാനാകണമെന്ന പ്രതീക്ഷയാകും. പക്ഷേ, എല്ലാവരും ആഗ്രഹിക്കുന്നത് വിജയമാണ്. എന്നാല്‍ ഈ ഓട്ടപ്പാച്ചിലിനിടയില്‍ നാം നമ്മളുടെ പ്രയത്‌നത്തെ അഭിനന്ദിക്കാന്‍ മറക്കുന്നുണ്ടോ?' യുവര്‍ സ്‌റ്റോറി ഡോട്ട് കോമിന്റെ സ്ഥാപകയായ ശ്രദ്ധ ശര്‍മ്മയാണ് തനിക്ക് മുന്നിലിരിക്കുന്ന ആകാംഷാഭരിതരായ സദസ്സിനോട് ഇക്കാര്യം ചോദിച്ചത്. ടെക്‌സ്പാര്‍ക്ക്സ് 2015ന്റെ സമാപന ദിവസം സംസാരിക്കുകയായിരുന്നു ശ്രദ്ധ.

' ഒരു സംരംഭകന്‍ എന്ന നിലയില്‍, നമ്മള്‍ ചെയ്യുന്നുണ്ട് എന്ന് നാം വിശ്വസിക്കുന്നതും എന്നാല്‍ യഥാര്‍ത്ഥത്തില്‍ അങ്ങനെയല്ലാത്തതുമായ ഒരു കാര്യമുണ്ട്. നമ്മള്‍ കൂടുതല്‍ ആഴങ്ങളിലേക്ക് എത്തുമ്പോള്‍ നമ്മള്‍ സൂപ്പര്‍സ്റ്റാറുകളാണെന്ന് സ്വയം ചിന്തിക്കുന്നില്ലെന്ന് മനസിലാക്കാനാകും. നിങ്ങളോടൊപ്പം ആളുകളുള്ളപ്പോള്‍ മറ്റുള്ളവര്‍ക്കൊപ്പം പോയിരിക്കാനും ബുദ്ധിമുട്ടേറിയ സമയങ്ങളെ തരണം ചെയ്യാനും എളുപ്പമായിരിക്കും. എന്നാല്‍ ആരും ഒപ്പമില്ലാത്ത ഒരു അവസ്ഥയില്‍ വലിയൊരു സദസിന് മുന്നില്‍ ഒറ്റയ്ക്ക് നില്‍ക്കുന്നത് വളരെ പ്രയാസമാണ്' എന്നും ശ്രദ്ധ ചൂണ്ടിക്കാട്ടി.

നമ്മള്‍ നമ്മളെത്തന്നെ ഇഷ്ടപ്പെടുകയും മതിക്കുകയും ചെയ്താല്‍ നമുക്ക് ചുറ്റുമുള്ളവര്‍ക്കും നാം വില കല്‍പ്പിക്കുമെന്ന് അവര്‍ പറഞ്ഞു. അതാണ് യുവര്‍ സ്റ്റോറിയുടെ ടീം ചെയ്യുന്നത്. 'നമ്മള്‍ നമ്മളെ സ്‌നേഹിക്കുന്നു, നമ്മളില്‍ വിശ്വസിക്കുന്നു അങ്ങനെയാണ് യുവര്‍ സ്‌റ്റോറി ഡോട്ട് കോം ആരംഭിക്കുന്നത്.'

എന്നാല്‍ ഇത് മാത്രമാണോ വിജയിക്കാനുള്ള ഏക മാര്‍ഗമെന്ന ചോദ്യം സംരംഭകരുടേയും മുതിര്‍ന്ന നിക്ഷേപകരുടേയും മനസിലുണ്ടാകാം. ജനങ്ങളോട് അവരുടെ അസാധാരണതകളെക്കുറിച്ച് പറയുകയും അവരെ പ്രചോദിപ്പിക്കുകയും ചെയ്യുന്നതിലാണ് വിജയത്തിന്റെ ഏറിയ പങ്കുമുള്ളതെന്നാണ് ശ്രദ്ധയുടെ അഭിപ്രായം. യുവര്‍ സ്റ്റോറി ആരംഭിച്ച കഥ ശ്രദ്ധ സദസ്സുമായി പങ്കുവച്ചു.

താന്‍ ട്വിറ്ററില്‍ വൈകിയാണ് അംഗമായത്. വന്‍മീനുകള്‍ തന്റെ ട്വീറ്റുകളെ റീട്വീറ്റ് ചെയ്യണമെന്നതായിരുന്നു തന്റെ വലിയ ആഗ്രഹം. അതിനാല്‍ താനവരെ എല്ലാം ട്വീറ്റുകളില്‍ ടാഗ് ചെയ്യാന്‍ തുടങ്ങി. എന്നാല്‍ എന്തുകൊണ്ടാണ് അവര്‍ അങ്ങനെ റീട്വീറ്റ് ചെയ്യാത്തതെന്നും മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കാത്തതെന്നും തനിക്ക് മനസിലാകുന്നില്ലെന്ന് ശ്രദ്ധ പറഞ്ഞു. അന്ന് തന്നെ വന്‍മീനുകളൊന്നും സഹായിച്ചിരുന്നില്ല, എന്നാല്‍ മറ്റുള്ളവര്‍ക്ക് വളരാന്‍ താന്‍ സഹായകമാകുമെന്ന് അന്ന് താന്‍ തീരുമാനിച്ചു. നമ്മള്‍ നല്‍കിയ സ്‌നേഹത്തിന്റെ ഫലമാണ് ഇന്ന് നമുക്കുള്ള ഓരോ ബന്ധങ്ങളെന്നും ശ്രദ്ധ വ്യക്തമാക്കി.

വിധിയെഴുതുന്നതില്‍ ജനങ്ങള്‍ മിടുക്കരാണ്.എന്നാല്‍ ഒരു കമ്പനി മള്‍ട്ടി ബില്യണ്‍ ഡോളര്‍ നിലയില്‍ എത്തുമോ ഇല്ലയോ എന്ന് പറയാന്‍ നമ്മള്‍ ആരാണെന്ന് അവര്‍ ചോദിച്ചു. നിങ്ങള്‍ മറ്റുള്ളവരെ സഹായിക്കുമ്പോള്‍, ഒരു നല്ല വാക്ക് പറയുമ്പോള്‍, അത് നിങ്ങള്‍ക്കും ചുറ്റുമുള്ളവര്‍ക്കും സന്തോഷം പകരുന്നു. സ്‌നേഹവും പ്രോത്സാഹനവും നല്‍കുന്നത് വഴി നിങ്ങളില്‍ പോസിറ്റീവ് എനര്‍ജി ഉണ്ടാകും. തന്റെ മുഖം തിളങ്ങുന്നത് നിങ്ങള്‍ക്ക് കാണാമെന്നും അതിന് കാരണം മേയ്ക്കപ്പ് ചെയ്തതല്ല, മറിച്ച് തനിക്കുള്ള സന്തോഷം കൊണ്ടാണെന്നും ശ്രദ്ധ ചൂണ്ടിക്കാട്ടി.

നിങ്ങള്‍ നിലനില്‍ക്കില്ലെന്ന് പറയുന്ന വ്യക്തിയെ ചുംബിക്കണമെന്ന് ശ്രദ്ധ പറഞ്ഞപ്പോള്‍ സദസ്സ് അമ്പരന്നു. അതൊരു സമ്മാനമാണെന്നാണ് അവരുടെ അഭിപ്രായം. താനൊരിക്കല്‍ മുംബയില്‍ നടന്ന ഒരു ചടങ്ങില്‍ വച്ച് സംരംഭകരുടെ കഥകള്‍ എഴുതാന്‍ പോവുകയാണെന്ന് പറഞ്ഞപ്പോള്‍ ഒരു വ്യവസായ വിദഗ്ദ്ധന്‍ പറഞ്ഞത് ' എഴുതിക്കോ. അത് പക്ഷേ ഏഴ് ദിവസത്തില്‍ കൂടുതല്‍ മുന്നോട്ട് പോകില്ല' എന്നായിരുന്നു. ഇതോടെ ആകെ തളര്‍ന്നു പോയ താന്‍ വീട്ടിലെത്തി അച്ഛനെ ഫോണില്‍ വിളിച്ച് കരഞ്ഞു. നീ ഒരു സംരംഭം തുടങ്ങാന്‍ തീരുമാനിച്ചു കഴിഞ്ഞു, അപ്പോള്‍ പിന്നെ മുന്നോട്ട് പോകാന്‍ ധൈര്യം കാണിക്കൂ എന്നായിരുന്നു അന്ന് തന്റെ അച്ഛന്റെ വാക്കുകള്‍.

യുവര്‍ സ്‌റ്റോറി ഏഴ് ദിവസം കൊണ്ട് അടച്ചു പൂട്ടിയില്ല. ഇന്ന് അതിന് ഏഴ് വയസ് പ്രായമുണ്ട്. പത്ത് ഭാഷകളിലായി അത് സംരംഭകരുടെ കഥകള്‍ പറയുന്നു. ഇനിയും ഏഴ് വര്‍ഷം കൂടിയും അതിന് ശേഷവും തങ്ങള്‍ എഴുത്ത് തുടരുമെന്നും ശ്രദ്ധ വാഗ്ദാനം ചെയതു.

ടെക് ഫോര്‍ മില്യണ്‍

നമുക്ക് എന്താണോ നിഷേധിക്കപ്പെട്ടത് അതാണ് നമ്മള്‍ ചെയ്തത്. നമുക്ക് എന്താണ് ഇല്ലാത്തതെന്ന് മറ്റുള്ളവര്‍ പറയുന്നതോ അതാണ് നമ്മേ കൂടുതല്‍ മികച്ചതാക്കുന്നത്, വളര്‍ത്തുന്നത്, ഒരു ബില്യണ്‍ ജനങ്ങളില്‍ നേട്ടങ്ങള്‍ കൊയ്ത ഒരാളാക്കുന്നത്. നിങ്ങളുടെ വിജയങ്ങളില്‍ ഞങ്ങളുടേയും വിജയമുണ്ടെന്നും യുവ സംരംഭകരോട് ശ്രദ്ധ കൂട്ടിച്ചേര്‍ത്തു.