പൊങ്കാലക്കൊരുങ്ങി തലസ്ഥാനം: അനന്തപുരി ഇനി ഉത്സവ നഗരി

0


ആത്മ സമര്‍പ്പണത്തിന്റെ അഗ്‌നി വിശുദ്ധിയില്‍ മുങ്ങി ലക്ഷക്കണക്കിന് സ്ത്രീ ഭക്തരുടെ മാനസം നിറച്ച് ആറ്റുകാല്‍ പൊങ്കാല. ഭക്ത വത്സലയും സര്‍വ്വാഭിഷ്ട വരദായിനിയുമായ ആറ്റുകാലമ്മയുടെ തിരുസന്നിധിയില്‍ പൊങ്കാലയര്‍പ്പിക്കാന്‍ ഭക്ത ലക്ഷങ്ങള്‍ അനന്തപുരിയിലേക്ക് ഒഴുകിയെത്തി തുടങ്ങി. ചൊവ്വാഴ്ചയാണ് പൊങ്കാല മഹോത്സവം. രാവിലെ പത്ത് മണിക്കാണ് പൊങ്കാല ചടങ്ങുകള്‍ തുടങ്ങുന്നത്. കഴിഞ്ഞ വര്‍ഷത്തേതില്‍നിന്ന് വ്യത്യസ്ഥമായി ഉച്ചക്ക് 1.30നാണ് പൊങ്കാല നിവേദ്യം. കഴിഞ്ഞ വര്‍ഷം വൈകിട്ട് 3.30നായിരുന്നു നിവേദ്യം. സ്ത്രീകളുടെ ശബരിമല എന്നറിയപ്പടുന്ന ആറ്റുകാലില്‍ വര്‍ഷം തോറും 30 ലക്ഷത്തോളം സ്ത്രീകളാണ് പൊങ്കാലയര്‍പ്പിക്കാന്‍ എത്തുന്നത്. സമീപജില്ലകള്‍ കൂടാതെ അയല്‍സംസ്ഥാനങ്ങളില്‍നിന്നുമെല്ലാം ഭക്തര്‍ എത്തിത്തുടങ്ങിയിട്ടുണ്ട്. ഇതോടെ വന്‍തിരക്കാണ് ക്ഷേത്രത്തിലും പരിസരത്തും ഉണ്ടാകുന്നത്. അമ്മേ നാരായണ ദേവീ നാരായണ മന്ത്രോച്ചാരണങ്ങളുമായി ദിവസങ്ങള്‍ക്ക് മുമ്പേ അടുപ്പുകൂട്ടി കാത്തിരിക്കുന്നവരുടെ മേല്‍ ആറ്റുകാലമ്മ അനുഗ്രഹം ചൊരിയും .


ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തിലെ അതിപ്രധാനമായ ഉത്സവമാണ് കുംഭമാസത്തിലെ പൊങ്കാല. ദ്രാവിഡ ജനതയുടെ ആചാരവിശേഷമാണ് പൊങ്കാലയെങ്കിലും കേരളത്തിന്റെ തെക്കന്‍ നാടുകളില്‍ മാത്രം ആദ്യകാലങ്ങളില്‍ പ്രചരിച്ചിരുന്ന പൊങ്കാല ക്രമേണ മറ്റു സ്ഥലങ്ങളില്‍ കൂടി വ്യാപരിക്കുന്നതായിട്ടാണ് കണ്ടു വരുന്നത്.

കാര്‍ത്തിക നക്ഷത്രത്തില്‍ ആരംഭിക്കുന്ന ഉത്സവപരിപാടികള്‍ കുംഭമാസത്തിലെ പൂരം നാളും പൗര്‍ണമിയും ഒത്തു ചേരുന്ന ദിവസം നടക്കുന്ന പൊങ്കാലയോടും തുടര്‍ന്ന് കുരുതി തര്‍പ്പണത്തോടും കൂടി സമാപിക്കുന്നു.

കുംഭമാസത്തിലെ പൂരം നാളിലാണു ആറ്റുകാല്‍ ദേവീക്ഷേത്രത്തിലെ പൊങ്കാല. കാര്‍ത്തികനാളില്‍ പൊങ്കാലമഹോത്സവത്തിന് തുടക്കം കുറിക്കും. ആറ്റുകാലമ്മയ്ക്ക് ഭക്തരര്‍പ്പിക്കുന്ന ഏറ്റവും വലിയ നൈവേദ്യമാണ് പൊങ്കാല.

ഉത്സവത്തിന്റെ തുടക്കമായി ഭഗവതിയുടെ കൈയില്‍ ആദ്യം കാപ്പുകെട്ടും. തുടര്‍ന്ന് മേല്‍ശാന്തിയുടെ കൈയിലും. കാപ്പുകെട്ടി ദേവിയെ കുടിയിരുത്തി കഴിഞ്ഞാല്‍ ആറ്റുകാലില്‍ തുടര്‍ന്നുള്ള ഒമ്പതു ദിവസങ്ങളില്‍ കണ്ണകീ ചരിതം തോറ്റംപാട്ട്. കണ്ണകിയുടെ കണവനായ പാലകനെ തോറ്റുന്നത് ഒമ്പതാം ദിവസമാണ്. ഇതു കഴിഞ്ഞാണ് പൊങ്കാല.

പൂരം നാളിലെ ശുഭമുഹൂര്‍ത്തത്തില്‍ മേല്‍ശാന്തി ശ്രീകോവിലില്‍ നിന്നു തെളിക്കുന്ന ദീപം തിടപ്പള്ളിയില്‍ പ്രത്യേകം തയ്യാറാക്കിയ നിവേദ്യ അടുപ്പു കത്തിക്കുന്നു.

പിന്നീട് കീഴ്ശാന്തി ദീപം പുറത്തേക്കാനയിച്ച പാട്ടുപുരയുടെ മുന്നിലെ പണ്ടാര അടുപ്പു കത്തിക്കുന്നു. കതിനകളും ചെണ്ടമേളവും കുരവയും ആകാശത്തിലുയരുമ്പോള്‍ നിരന്നിരിക്കുന്ന ലക്ഷക്കണക്കിന് അടുപ്പുകളില്‍ തീനാളങ്ങളുയരും. അടുപ്പുകളില്‍ നിന്നുയരുന്ന ഹോമപ്പുകയാല്‍ നഗരം നിറയും. അതേറ്റ് വ്രത ശുദ്ധിയുടെ നിറവിലെത്തുന്ന ലക്ഷക്കണക്കിന് സ്ത്രീകളുടെ കണ്ണും മനസും നിറയും.

ഉണക്കലരിയും തേങ്ങയും ശര്‍ക്കരയും പുത്തന്‍ മണ്‍കലത്തില്‍ വെച്ചു തീപൂട്ടിയാണ് പൊങ്കാല തയ്യാറാക്കുന്നത്. പൊങ്കാലപ്പായസം കൂടാതെ വെള്ളച്ചോറ്, വെള്ളപ്പായസം, വഴനയിലയില്‍ ഉണ്ടാക്കുന്ന തെരളി, പാലും ശര്‍ക്കരയും ചേര്‍ത്തുണ്ടാക്കുന്ന പലഹാരം എന്നിവയെല്ലാം പൊങ്കാല അടുപ്പില്‍ വേവും.

പൊങ്കാലക്ക് ശേഷം മേല്‍ശാന്തി പണ്ടാര അടുപ്പിലെ നിവേദ്യം തീര്‍ത്ഥം തളിച്ച് നിവേദിക്കുന്നു. ഈ സമയം അനേകം പൂജാരിമാര്‍ തീര്‍ത്ഥജലവുമായി നാനാഭാഗങ്ങളിലേക്കു നീങ്ങീ പൊങ്കാല എവിടെയുണ്ടോ അവിടെയൊക്കെ എത്തി തീര്‍ത്ഥം തളിച്ചു നേദിക്കാം. ക്ഷേത്രത്തിന്റെ രണ്ട് കിലോമീറ്റര്‍ ചുറ്റളവ് ഒരാഴ്ചക്ക് മുമ്പ് തന്നെ പൊങ്കാലക്കാര്‍ കയ്യടക്കിയിട്ടുണ്ട്. തിരുവനന്തപുരം നഗരവും പരിസരവും പൊങ്കാല കലവും മറ്റ് സാധനങ്ങളും വില്‍ക്കുന്നവരെകൊണ്ട് നിറഞ്ഞുകഴിഞ്ഞു. ദൂരെ സ്ഥലങ്ങളില്‍ നിന്നുള്ള ഭക്തരെ എത്തിക്കുന്നതിനായി കെ എസ് ആര്‍ ടി സിയും റെയില്‍വേയും സ്‌പെഷ്യല്‍ സര്‍വീസുകള്‍ നടത്തുന്നുണ്ട്. ഭക്ഷണവും വെള്ളവും നല്‍കുന്നതിനായി റസിഡന്‍സ് അസോസിയേഷനുകളും രംഗത്തെത്തിയിട്ടുണ്ട്.

ക്ഷേത്രത്തിന് പത്ത് കിലോമീറ്റര്‍ ചുറ്റളവില്‍ പൊങ്കാലയിടുന്നവര്‍ക്ക് ഈ വര്‍ഷം ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ക്ഷേത്രം ട്രസ്റ്റും, ന്യൂ ഇന്‍്ഡ്യ ഇന്‍ഷുറന്‍സ് കമ്പനിയും ചേര്‍ന്നാണ് പരിരക്ഷ. പൊങ്കാല ദിവസം രാവിലെ മുതല്‍ വൈകിട്ട് വരെയാണ് പരിരക്ഷ ലഭിക്കുന്നത്. ഒരു ലക്ഷം രൂപ വരെയാണ് ഇന്‍ഷുറന്‍സ്.